റെയിൽവേ പരീക്ഷയിൽ കൃത്രിമം; സ്വന്തം വിരലിലെ ചർമമെടുത്ത് സുഹൃത്തിന്റെ വിരലിൽ പതിപ്പിച്ച യുവാവ് അറസ്റ്റിൽ
|ബയോമെട്രിക് പരിശോധനയിൽ തിരിച്ചറിയില്ലെന്നും തനിക്ക് പകരക്കാരനായി പഠനത്തിൽ തന്നേക്കാൾ മികവുപുലർത്തിയ രാജ്യഗുരു ഗുപ്ത എന്ന സുഹൃത്തിനെ പരീക്ഷയ്ക്ക് പങ്കെടുപ്പിക്കാമെന്നും പദ്ധതിയിട്ടാണ് മനീഷ് കുമാർ ഈ കടുകൈയ്ക്ക് തുനിഞ്ഞത്.
വഡോദര: റെയിൽവേ പരീക്ഷയിൽ ആൾമാറാട്ടം നടത്താൻ സ്വന്തം വിരലിലെ ചർമമെടുത്ത് സുഹൃത്തിന്റെ വിരലിൽ പതിപ്പിച്ച യുവാവ് അറസ്റ്റിൽ. ചൂടാക്കിയ പാനിൽ വെച്ച് സ്വന്തം കൈവിരൽ പെള്ളിച്ചാണ് മനീഷ് കുമാർ എന്ന യുവാവ് ചർമം അടർത്തിയെടുത്തത്. ബയോമെട്രിക് പരിശോധനയിൽ തിരിച്ചറിയില്ലെന്നും തനിക്ക് പകരക്കാരനായി പഠനത്തിൽ തന്നേക്കാൾ മികവുപുലർത്തിയ രാജ്യഗുരു ഗുപ്ത എന്ന സുഹൃത്തിനെ പരീക്ഷയ്ക്ക് പങ്കെടുപ്പിക്കാമെന്നും പദ്ധതിയിട്ടാണ് മനീഷ് കുമാർ ഈ കടുകൈയ്ക്ക് തുനിഞ്ഞത്. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. എന്നാൽ പരീക്ഷാഉദ്യോഗസ്ഥൻ തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ പദ്ധതി പൊളിഞ്ഞു.
ഓഗസ്റ്റ് 22 ന് നടന്ന റെയിൽവേ റിക്രൂട്ട്മെന്റ് പരീക്ഷയ്ക്ക് മനീഷ് കുമാർ എന്ന വ്യാജേന രാജ്യഗുരു എത്തി. രാജ്യഗുരുവിന്റെ കയ്യിൽ ബയോമെട്രിക് പരിശോധനയ്ക്ക് മുമ്പ് പരീക്ഷാ ഉദ്യോഗസ്ഥൻ സാനിറ്റൈസർ തളിച്ചതോടെ വിരലിൽ നിന്ന് ചർമം അടർന്നുവീഴുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്.
റെയിൽവേ അതോറിറ്റിയുടെ അംഗീകാരമുള്ള സ്വകാര്യ കമ്പനിയാണ് ഗ്രൂപ് 'ഡി' ഒഴിവുകളിലേക്കായി പരീക്ഷ നടത്തിയത്. 600 ഓളം ഉദ്യോഗാർഥികൾ പരീക്ഷയിൽ പങ്കെടുത്തിരുന്നു. പരീക്ഷയിൽ ക്രമക്കേട് ഒഴിവാക്കുന്നതിനായി എല്ലാ ഉദ്യോഗാർഥികളുടേയും വിരലടയാളം ആധാർ ഡാറ്റയുമായി ഒത്തുനോക്കുന്നതിനിടെ പലതവണ പരിശോധിച്ചിട്ടും മനീഷ് കുമാറിന്റെ വിരലടയാളം യോജിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടു. കൂടാതെ അയാൾ പാന്റിന്റെ ഇടത്തെ കീശയിൽ സംശയാസ്പദമായ രീതിയിൽ എന്തോ ഒളിപ്പിക്കുന്നതും ഉദ്യോഗസ്ഥൻ ശ്രദ്ധിച്ചു.
സംശയം തോന്നിയ സൂപ്പർവൈസർ ചോദ്യം ചെയ്തതോടെ, താൻ പകരക്കാരനായി എത്തിയതാണെന്ന കാര്യം രാജ്യഗുരു വെളിപ്പെടുത്തി. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ പോലീസിൽ വിവരമറിയിച്ചു. ബുധനാഴ്ച മനീഷിനേയും സുഹൃത്ത് രാജ്യഗുരുവിനേയും പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ മൂംഗെർ സ്വദേശികളാണ് ഇവർ. വഞ്ചനയ്ക്കും വ്യാജരേഖ ചമയ്ക്കലിനും ഇരുവർക്കുമെതിരെ കേസെടുത്തതായി അഡീഷണൽ കമ്മിഷണർ എസ്. എം. വരോതാരിയ അറിയിച്ചു. രണ്ടുപേർക്കും 25 വയസ് പ്രായമുണ്ടെന്നും പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.