India
ട്രെയിന്‍ എത്തിയാല്‍ മാത്രം സ്റ്റേഷനിലേക്ക് പ്രവേശനം, സ്റ്റേഷന് പുറത്ത് കാത്തിരിപ്പ് കേന്ദ്രം; മാറ്റങ്ങളുമായി റെയില്‍വെ
India

ട്രെയിന്‍ എത്തിയാല്‍ മാത്രം സ്റ്റേഷനിലേക്ക് പ്രവേശനം, സ്റ്റേഷന് പുറത്ത് കാത്തിരിപ്പ് കേന്ദ്രം; മാറ്റങ്ങളുമായി റെയില്‍വെ

Web Desk
|
8 March 2025 5:33 AM GMT

തിരക്ക് അനുഭവപ്പെടുന്ന 60 സ്റ്റേഷനുകളില്‍ പൂര്‍ണ്ണമായ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം

ന്യൂഡല്‍ഹി: രാജ്യത്തെ റെയില്‍വെ സ്റ്റേഷനുകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ നടപടികളുമായി ഇന്ത്യന്‍ റെയില്‍വെ. രാജ്യത്തെ തിരക്കേറിയ 60 സ്റ്റഷേനുകളില്‍ തിരക്ക് നിയന്ത്രണ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. മഹാ കുംഭമേളയോടനുബന്ധിച്ച് ഡല്‍ഹി റെയില്‍വെ സ്റ്റേഷനിൽ തിക്കിലും തിരക്കിലും നിരവധിപേര്‍ മരിക്കാനിടയായതിന്റെ പശ്ചാത്തലത്തിലാണ് റെയില്‍വെ ഇത്തരമൊരു നടപടിയിലേക്ക് കടക്കുന്നത്.

റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനങ്ങളുണ്ടായത്. തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി റെയില്‍വെ സ്റ്റേഷനുകള്‍ക്ക് പുറത്ത് കാത്തിരിപ്പ് കേന്ദ്രങ്ങളൊരുക്കും. ട്രെയിന്‍ സ്റ്റേഷനിലെത്തിയാല്‍ മാത്രമേ പ്ലാറ്റ് ഫോമുകളിലേക്ക് യാത്രക്കാരെ കടത്തിവിടുകയുള്ളൂ. കൂടാതെ റിസര്‍വ് ചെയ്ത കണ്‍ഫേം ടിക്കറ്റുള്ള യാത്രക്കാരെ മാത്രമേ പ്ലാറ്റ്ഫോമുകളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. സ്റ്റേഷനുകളിലെ അനധികൃത പ്രവേശന പോയിന്റുകള്‍ അടച്ചുപൂട്ടുന്നതിനൊപ്പം പൂര്‍ണ്ണമായ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

തിരക്ക് അനുഭവപ്പെടുന്ന 60 സ്റ്റേഷനുകളില്‍ പൂര്‍ണ്ണമായ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി ന്യൂഡല്‍ഹി, ആനന്ദ് വിഹാര്‍, വാരണാസി, അയോധ്യ, പാട്‌ന സ്റ്റേഷനുകളില്‍ ഈ രീതി നടപ്പിലാക്കി തുടങ്ങിയതായി റെയില്‍വെ അധികൃതര്‍ അറിയിച്ചു.

സ്റ്റേഷനിലും സമീപത്തുള്ള പ്രദേശങ്ങിലും കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ പ്രധാന റെയില്‍വെ സ്റ്റേഷനുകളിലും സ്റ്റേഷന്‍ ഡയറക്ടറായി മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിക്കും. സ്റ്റേഷന്റെ ശേഷിയും ട്രെയിനുകളുടെ എണ്ണത്തിനും അനുസരിച്ച് ടിക്കറ്റ് വില്പന നിയന്ത്രിക്കാന്‍ ഡയറക്ടര്‍ക്ക് അധികാരമുണ്ടായിരിക്കും.

Similar Posts