മഹാരാഷ്ട്രയില്‍ എന്‍.ഡി.എയ്ക്ക് വീണ്ടും തിരിച്ചടി; നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി എംഎന്‍എസ്
|എന്ത് വിലകൊടുത്തും തന്‍റെ പാര്‍ട്ടിയെ അധികാരത്തിലേറ്റുമെന്നും രാജ് താക്കറെ പാര്‍ട്ടി സമ്മേളനത്തില്‍ വ്യക്തമാക്കി
മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹായുതി സഖ്യത്തിനേറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്ന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനൊരുങ്ങി മഹാരാഷ്ട്ര നവനിർമാണ്‍ സേന. 225 മുതല്‍ 250 വരെ സീറ്റുകളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് എംഎന്‍എസ് തലവന്‍ രാജ് താക്കറെ മുംബൈയില്‍ വ്യാഴാഴ്ച നടന്ന പാര്‍ട്ടി യോഗത്തില്‍ അറിയിച്ചു. മാസങ്ങൾക്കുമുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എൻഡിഎയ്ക്കും താക്കറെ നിരുപാധിക പിന്തുണ നൽകിയിരുന്നു.
എന്ത് വിലകൊടുത്തും തന്‍റെ പാര്‍ട്ടിയെ അധികാരത്തിലേറ്റുമെന്നും രാജ് താക്കറെ പാര്‍ട്ടി സമ്മേളനത്തില്‍ വ്യക്തമാക്കി.'മഹാരാഷ്ട്ര സര്‍ക്കാരിന് റോഡിലെ കുഴികള്‍ നന്നാക്കാന്‍ ഫണ്ടില്ല. സംസ്ഥാനത്തെ സഹോദരിമാര്‍ക്ക് പ്രതിമാസം 1500 രൂപ നല്‍കുമെന്ന പ്രഖ്യാപനം ഇവര്‍ എങ്ങനെ നടപ്പിലാക്കും?,' എന്നാണ് രാജ് താക്കറെ ചോദിച്ചത്. സംസ്ഥാനത്തെ ലഡ്കി ബഹിന്‍ പദ്ധതിയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു താക്കറെയുടെ വിമര്‍ശനം.ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് പിന്തുണ നല്‍കിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിലും എന്‍.ഡി.എ ഈ പിന്തുണ പ്രതീക്ഷിച്ചിരുന്നു. ഇതിനിടയിലാണ് രാജ് താക്കറെയുടെ അപ്രതീക്ഷിത പ്രഖ്യാപനം.
തൻ്റെ പാർട്ടിയിൽ നിന്ന് വിജയ സാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്തുന്നതിനായി ഓരോ മണ്ഡലത്തിലും അഞ്ച് നേതാക്കളുടെ ടീമിനെ രാജ് താക്കറെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ പാർട്ടി പ്രവർത്തകരിൽ നിന്ന് അഭിപ്രായം തേടുന്നതിനായി ആഗസ്ത് 1 മുതല്‍ മഹാരാഷ്ട്ര പര്യടനവും ലക്ഷ്യമിട്ടിട്ടുണ്ട്. മഹായുതി സഖ്യത്തിൻ്റെ നിർദ്ദേശത്തിനായി തങ്ങൾക്ക് കാത്തിരിക്കാനാവില്ലെന്ന് ഒറ്റയ്ക്ക് മത്സരിക്കാനുള്ള പാർട്ടിയുടെ തീരുമാനത്തെക്കുറിച്ച് എംഎൻഎസ് നേതാവ് സന്ദീപ് ദേശ്പാണ്ഡെ വ്യക്തമാക്കി. ''സീറ്റ് വിഭജനത്തിൽ ഘടകകക്ഷികൾ (ബിജെപി, ശിവസേന ഷിൻഡെ ക്യാമ്പ്, എൻസിപി അജിത് പവാർ ക്യാമ്പ്) തമ്മിൽ ഇതുവരെ സമവായം ഉണ്ടായിട്ടില്ലെന്ന്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ രാജ് താക്കറെയും പെട്ടെന്നുള്ള നിലപാട് മാറ്റത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. "രാജ് താക്കറെ ലോക്‌സഭയിൽ എൻഡിഎയെ പിന്തുണച്ചു. ഇപ്പോൾ വിധാൻസഭയിലേക്ക് തനിച്ചാണ് മത്സരിക്കുന്നത്. അദ്ദേഹം എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കുകയാണ്. എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുക'' ശിവസേന (യുബിടി) വക്താവ് ആനന്ദ് ദുബെ പറഞ്ഞു.അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന്‍റെ ഭാഗമാകാന്‍ എംഎൻഎസിനോട് ഷിൻഡെ ശിവസേന വക്താവും എം.എൽ.എയുമായ സഞ്ജയ് ഷിർസാത്ത് ആവശ്യപ്പെട്ടു. സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും പാർട്ടിയിലെ മുതിർന്ന നേതാക്കൾ സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമെടുത്ത ശേഷം എംഎൻഎസിനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി തലവനുമായ അജിത് പവാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 80 മുതൽ 90 വരെ സീറ്റുകളിൽ മത്സരിക്കാൻ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അതേസമയം ഷിൻഡെയുടെ സേന 100 സീറ്റുകളാണ് ഉറ്റുനോക്കുന്നത്. 160 മുതൽ 170 വരെ സീറ്റുകളിൽ ബി.ജെ.പി മത്സരിച്ചേക്കും. ഈ സാഹചര്യത്തിലാണ് ഒറ്റക്ക് മത്സരിക്കാന്‍ എംഎന്‍എസ് തീരുമാനിച്ചത്.