ബി.ജെ.പി എം.എൽ.എയുടെ ഭീഷണി; ഷോ റദ്ദാക്കി സ്റ്റാൻഡ് അപ്പ് കൊമേഡിയൻ
|ജൈന സമുദായത്തെക്കുറിച്ച് ഡാനിയൽ ഫെർണാണ്ടസ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ ഏറെ വിവാദമായിരുന്നു
ഹൈദരാബാദ്: ബിജെപി എംഎൽഎ ടി രാജാ സിങ്ങിന്റെ ഭീഷണിക്ക് പിന്നാലെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ ഡാനിയൽ ഫെർണാണ്ടസ് ഹൈദരാബാദിൽ നടത്തേണ്ടിയിരുന്ന ഷോ റദ്ദാക്കി. ജൈന സമുദായത്തെക്കുറിച്ച് ഡാനിയൽ ഫെർണാണ്ടസ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ ഏറെ വിവാദമായിരുന്നു. തുടർന്നായിരുന്നു ഗോഷാമഹൽ എംഎൽഎ ടി രാജാ സിങ് ഭീഷണിയുമായി രംഗത്തെത്തിയത്. ഈദ് ദിനത്തിൽ ജൈനമത വിശ്വാസികളെ ഫെർണാണ്ടസ് പരിഹസിച്ചു. ഷോ റദ്ദാക്കിയില്ലെങ്കിൽ ഞങ്ങളുടെ പ്രവർത്തകർ ശാരീരികമായി ആക്രമിക്കുമെന്നായിരുന്നു എം.എൽ.എയുടെ ഭീഷണി. പരിപാടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ ഹൈദരാബാദ് പൊലീസിനെയും സമീപിച്ചിരുന്നു.
എന്നാൽ ഇതിന് മറുപടിയുമായി ഡാനിയേൽ ഫെർണാണ്ടസ് തന്നെ രംഗത്തെത്തിയിരുന്നു. 'എന്റെ അവസാനത്തെ വീഡിയോ മൂലമുണ്ടായ പ്രശ്‌നത്തെത്തുടർന്ന് ഹൈദരാബാദിൽ നടത്തേണ്ടിയിരുന്ന ഷോകൾ റദ്ദാക്കേണ്ടി വന്നു. ആളുകളെ വ്രണപ്പെടുത്തിയ വീഡിയോ ഞാൻ നീക്കം ചെയ്തു. ക്ഷമാപണവും നടത്തി. പക്ഷേ, ഞങ്ങൾക്ക് ഇപ്പോഴും ഭീഷണിപ്പെടുത്തുന്ന കോളുകളും സന്ദേശങ്ങളും ഇമെയിലുകളും ലഭിക്കുന്നു. എന്റെയും പ്രേക്ഷകരുടെയും ജോലിക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ആരും തയ്യാറല്ല. ഞാൻ പറഞ്ഞതിന്റെ പേരിൽ ആരെയും അപകടത്തിലാക്കാൻ ആഗ്രഹിക്കുന്നില്ല..'ഡാനിയേൽ ഫെർണാണ്ടസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.
അതേസമയം, ഷോ റദ്ദാക്കിയതിനെ കുറിച്ചും സുരക്ഷാ ആശങ്കകളെ കുറിച്ചും ഹൈദരാബാദ് പൊലീസ് ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.
വിവാദങ്ങളുടെ പേരിൽ സ്റ്റാൻഡ് അപ്പ് കൊമേഡിയൻമാരുടെ ഷോ ഇതാദ്യമായല്ല റദ്ദാക്കുന്നത്. നേരത്തെ സ്റ്റാൻഡ് അപ്പ് കൊമേഡിയനായ മുനവർ ഫാറൂഖിയുടെ ഷോ റദ്ദാക്കിയിരുന്നു. ഹിന്ദു ദേവന്മാരെയും ദേവതകളെയും അപമാനിച്ചെന്നാരോപിച്ച് ഫാറൂഖിക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അറസ്റ്റിലായ ഫാറൂഖി ഒരു മാസം ജയിലിലും കിടന്നു. പുറത്തിറങ്ങിയ ശേഷം അദ്ദേഹത്തിന്റെ പല ഷോകളും റദ്ദാക്കേണ്ടി വന്നിരുന്നു.