രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പ് സീറ്റ് നിർണയം; ഡൽഹി എ.ഐ.സി.സി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം
|അഴിമതി ആരോപണം നേരിടുന്ന സിറ്റിങ് എം.എൽ.എ സഹിത ഖാന് വീണ്ടും സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം
ഡൽഹി: രാജസ്ഥാൻ നിയമ സഭ തെരഞ്ഞെടുപ്പ് സീറ്റ് നിർണയത്തിൽ ഡൽഹി എ.ഐ.സി.സി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. അഴിമതി ആരോപണം നേരിടുന്ന സിറ്റിങ് എം.എൽ.എ സഹിത ഖാന് വീണ്ടും സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
രാജസ്ഥാനിൽ നവംബർ 25 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഓക്ടോബർ 17 ന് മല്ലികാർജുൻ ഖാർഗെയുടെ അദ്ധ്യക്ഷതയിൽ സ്ഥാനാർഥി നിർണയ പട്ടികയുമായി ബന്ധപ്പെട്ട അവസാന തീരുമാനമെടുക്കാൻ കോൺഗ്രസ് തെരഞ്ഞെടുപ്പ് യോഗം ചേരാനിരിക്കുകയാണ്. ഇതിനിടെയാണ് ഒരു കൂട്ടം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
അശോക് ഗെഹലോട്ട് മന്ത്രിസഭയിലെ അഴിമതി ആരോപണം നേരിടുന്ന ഒരു മന്ത്രി കൂടിയാണ് സജിത ഖാൻ. സ്മാർട് ക്ലാസുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള അഴിമതി നടത്തിയെന്ന ആരോപണം ബി.ജെ.പി നേരത്തെ ഉന്നയിച്ചിരുന്നു. അതുകൊണ്ട് ഈ സീറ്റ് സജിതാ ഖാന് നൽകരുതെന്നും മറ്റൊരു സ്ഥാനാർഥിയെ നിർത്തണമെന്നുമാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്.