വിദ്യാർഥിക്ക് കുത്തേറ്റ സംഭവം: രാജസ്ഥാനിൽ സ്കൂളുകളിൽ മൂർച്ചയുള്ള ഉപകരണങ്ങൾക്ക് വിലക്ക്
|ക്ലാസിൽ ഇത്തരം മൂർച്ചയുള്ള ഉപകരണങ്ങൾ കൊണ്ടുവന്നിട്ടുണ്ടോ എന്നറിയാൻ അധ്യാപകർ വിദ്യാർഥികളുടെ ബാഗുകൾ പരിശോധിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ മാർഗനിർദേത്തിൽ പറയുന്നു.
ജയ്പ്പൂർ: പത്താം ക്ലാസ് വിദ്യാർഥിക്ക് കുത്തേറ്റ സംഭവത്തിനു പിന്നാലെ രാജസ്ഥാനിൽ സ്കൂളുകളിൽ മൂർച്ചയുള്ള ഉപകരണങ്ങൾ കൊണ്ടുവരുന്നതിന് വിലക്ക്. കത്തി, കത്രിക പോലുള്ള ഉപകരണങ്ങൾക്കാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വിലക്കേർപ്പെടുത്തിയത്.
ക്ലാസിൽ ഇത്തരം മൂർച്ചയുള്ള ഉപകരണങ്ങൾ കൊണ്ടുവന്നിട്ടുണ്ടോ എന്നറിയാൻ അധ്യാപകർ വിദ്യാർഥികളുടെ ബാഗുകൾ പരിശോധിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ മാർഗനിർദേത്തിൽ പറയുന്നു. നിർദേശം ലംഘിക്കുന്ന വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.
പഠിക്കാനാണ് മാതാപിതാക്കൾ കുട്ടികളെ സ്കൂളിലേക്കയയ്ക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു. 'വിദ്യാർഥികൾക്ക് ഏറ്റവും സുരക്ഷിതമായ ഇടമാകണം സ്‌കൂളും പരിസരവും. അവിടെ ഒരു തരത്തിലുള്ള അക്രമവും ഉണ്ടാകരുത്. വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പ് ഈ മാർഗനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്'- അദ്ദേഹം വിശദമാക്കി.
മാർഗനിർദേശം എല്ലാ സ്കൂളുകളിലെയും നോട്ടീസ് ബോർഡുകളിൽ പതിക്കണമെന്നും അസംബ്ലികളിൽ വിദ്യാർഥികളെ അറിയിക്കണമെന്നും നിർദേശമുണ്ട്. ഉദയ്പൂർ ജില്ലയിലെ ഭട്ടിയാനി ചൗഹട്ടയിലെ ഒരു സർക്കാർ സ്കൂളിൽ വെള്ളിയാഴ്ചയാണ് വിദ്യാർഥിക്ക് സഹപാഠിയുടെ കുത്തേറ്റത്. സംഭവത്തിൽ പ്രതിയായ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പ്രദേശത്ത് സംഘർഷ സാധ്യത തുടരുകയാണ്.
സംഭവത്തിനു പിന്നാലെ ഉദയ്പൂരിൽ സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ രോഷാകുലരായ ജനക്കൂട്ടം നിരവധി കാറുകൾക്ക് തീയിട്ടു. കടകൾക്കും മാളുകൾക്കും നേരെ കല്ലെറിഞ്ഞു. പ്രതിഷേധക്കാർ അക്രമാസക്തരായതിനെ തുടർന്ന് ഇവരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിചാർജ് നടത്തി.
സംഘർഷസാധ്യത കണക്കിലെടുത്ത് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച കലക്ടർ ശനിയാഴ്ച സ്കൂളുകളും കോളജുകളും അടച്ചിടാനും ഉത്തരവിട്ടിരുന്നു. ആളുകൾ കൂട്ടംചേരുന്നതിനും വിലക്കുണ്ട്. സ്‌കൂളിൽ 15 വയസുള്ള രണ്ട് ആൺകുട്ടികൾ ഉച്ചഭക്ഷണത്തിന് ശേഷം വഴക്കുണ്ടാക്കിയതിനെ തുടർന്ന് ഇതിലൊരാൾ രണ്ടാമനെ കത്തികൊണ്ട് തുടയിൽ കുത്തുകയായിരുന്നുവെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ലോകേഷ് ഭാരതി അറിയിച്ചു.
അതേസമയം, കുറ്റാരോപിതനായ വിദ്യാർഥിയുടെ വീട് ജില്ലാ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയും ചെയ്തു. കുടുംബം താമസിക്കുന്ന വാടകവീട് അനധികൃതമായി നിർമിച്ചതാണെന്ന് ആരോപിച്ചാണ് നടപടി. ഇവിടെ കുറ്റാരോപിതനായ കുട്ടിയും പിതാവുമാണ് താമസിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
പ്രദേശത്ത് വൻ പൊലീസ് സേനയെ വിന്യസിച്ചായിരുന്നു അധികൃതരുടെ നടപടി. ഇവിടെ നിന്നും ഒഴിഞ്ഞുപോവണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികളും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.