രാജസ്ഥാനിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കും
|അന്തിമ ചർച്ചകൾക്കായി കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പു സമിതി ഇന്ന് യോഗം ചേരും
ഡല്‍ഹി: രാജസ്ഥാനിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കും.അന്തിമ ചർച്ചകൾക്കായി കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പു സമിതി ഇന്ന് യോഗം ചേരും.അതേസമയം ബിജെപിക്ക് രാജസ്ഥാനിൽ വിമത ഭീഷണി തലവേദന സൃഷ്ടിക്കുന്നു.
മറ്റു നാല് സംസ്ഥാനങ്ങളിലും ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയ കോൺഗ്രസിന് രാജസ്ഥാനിൽ ഇതുവരെ പട്ടിക പുറത്തിറക്കാൻ സാധിച്ചിട്ടില്ല.സ്ഥാനാർഥി നിര്‍ണയത്തിന് അന്തിമ രൂപം നൽകാൻ കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പു സമിതി ഇന്ന് യോഗം ചേരും. ഇതിനു മുന്നോടിയായി രാജസ്ഥാന്‍ സംസ്ഥാന സമിതിയും യോഗം ചേർന്നിരുന്നു. അതേസമയം സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള പരസ്യ പ്രകടനങ്ങൾ കോൺഗ്രസിനെയും ആശങ്കയിൽ ആക്കുകയാണ്.രാജസ്ഥാനിൽ പ്രാദേശികമായി നടക്കുന്ന പ്രതിഷേധങ്ങൾക്ക് പുറമെ ഡൽഹി എ.ഐ.സി.സി ആസ്ഥാനത്തും സ്ക്രീനിംഗ് കമ്മിറ്റി യോഗം നടന്ന വാർറൂം പരിസരത്തും പ്രതിഷേധം എത്തിയിരുന്നു.ചില സർവെകൾ രാജസ്ഥാനിൽ ബി.ജെ.പി അധികാരത്തിൽ വരുമെന്ന് പ്രവചിക്കുന്നു.
അതുകൊണ്ട് തന്നെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ വിജയ സാധ്യത കണക്കിലെടുക്കണമെന്നാണ് ഹൈക്കമാൻഡ് നിലപാട്. അതേസമയം രാജസ്ഥാനിൽ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചെങ്കിലും സീറ്റ് നിഷേധിച്ച നേതാക്കൾ പരസ്യമായി രംഗത്ത് വന്നത് ബി.ജെ.പിയെ പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്.സിറ്റിങ് എം.എൽ.എമാരെയുൾപ്പെടെ അവഗണിച്ചാണ് പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. മുന്‍മുഖ്യമന്ത്രി വസുന്ധര രാജയെയും പാർട്ടി ആദ്യ ഘട്ടത്തിൽ പരിഗണിച്ചിട്ടില്ല. രാജസ്ഥാനിൽ ഈ പ്രതിസന്ധി എങ്ങനെ മറികടക്കാമെന്നാണ് കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്.