India
ഖാര്‍ഗെയ്ക്ക് തലവേദനയായി രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധി
India

ഖാര്‍ഗെയ്ക്ക് തലവേദനയായി രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധി

Web Desk
|
17 Nov 2022 1:16 AM GMT

ഹൈക്കമാൻഡിനെ വെല്ലുവിളിച്ച നേതാക്കൾക്ക് എതിരെ ഉടൻ നടപടി വേണമെന്നാണ് ജനറൽ സെക്രട്ടറി അജയ് മാക്കൻ, സച്ചിൻ പൈലറ്റ് എന്നിവരുടെ ആവശ്യം

രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് തലവേദനയാകുന്നു. ഹൈക്കമാൻഡിനെ വെല്ലുവിളിച്ച നേതാക്കൾക്ക് എതിരെ ഉടൻ നടപടി വേണമെന്നാണ് ജനറൽ സെക്രട്ടറി അജയ് മാക്കൻ, സച്ചിൻ പൈലറ്റ് എന്നിവരുടെ ആവശ്യം. അല്ലാത്തപക്ഷം കടുത്ത നടപടികളിലേക്ക് പോകാനാണ് നേതാക്കളുടെ തീരുമാനം.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജസ്ഥാനിലുണ്ടായ സംഭവ വികാസങ്ങളിൽ മൂന്ന് നേതാക്കൾക്കെതിരെ അച്ചടക്ക സമിതി നോട്ടീസ് അയച്ചിരുന്നു. ഗെഹ്ലോട്ട് പക്ഷ നേതാക്കളായ ശാന്തി ധാരിവാൾ, മഹേഷ് ജോഷി, ധർമേന്ദ്ര റാത്തോഡ് എന്നിവർക്കാണ് നോട്ടീസ് നൽകിയത്. ഇതിൽ തുടർനടപടികൾ ഒന്നും സ്വീകരിച്ചില്ല. ഡിസംബർ ആദ്യവാരം രാജസ്ഥാനിലെത്തുന്ന ഭാരത് ജോഡോ യാത്രയുടെ ഉത്തരവാദിത്വം നൽകിയിരിക്കുന്നത് ഈ മൂന്ന് നേതാക്കൾക്കാണ്.

ഇതിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്തിന്റെ ചുമതലയിൽ നിന്ന് ജനറൽ സെക്രട്ടറി അജയ് മാക്കൻ രാജി വെച്ചത്. മൂവർക്ക് എതിരെയും ഉടൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സംസ്ഥാനത്തിന്റെ ചുമതലയിൽ തുടരാൻ അധ്യക്ഷൻ ആവശ്യപ്പെട്ടെങ്കിലും മാക്കൻ വഴങ്ങിയിട്ടില്ല. സെപ്തംബർ 25ലെ നാടകങ്ങൾക്ക് അജയ് മാക്കനൊപ്പം അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സാക്ഷിയാണ്. അനിശ്ചിതത്വം അവസാനിപ്പിച്ച് മുഖ്യമന്ത്രി പദം സംബന്ധിച്ച് അധ്യക്ഷൻ ഉടൻ അന്തിമ തീരുമാനത്തിൽ എത്തണമെന്ന് സച്ചിൻ പൈലറ്റ് ക്യാമ്പും ആവശ്യപ്പെടുന്നു. അടുത്ത മാസം 4ന് സർദർശഹർ നിയമസഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. ഉടൻ പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ അത് ഉപതെരഞ്ഞെടുപ്പിനെയും പ്രതികൂലമായി ബാധിക്കും.

Related Tags :
Similar Posts