രാജസ്ഥാൻ കോൺഗ്രസിലെ തർക്കം: ദേശീയ നേതൃത്വം ഇടപെടുന്നു
|രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചർച്ച നടത്തും
രാജസ്ഥാൻ കോൺഗ്രസിലെ തർക്കം പരിഹരിക്കാൻ ദേശീയ നേതൃത്വം ഇടപെടുന്നു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചർച്ച നടത്തും. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സച്ചിൻ പൈലറ്റുമായി കൂടിക്കാഴ്ച നടത്തി.
ഒരിടവേളയ്ക്ക് ശേഷം വീണ്ടും രാജസ്ഥാൻ കോൺഗ്രസിൽ തർക്കം രൂക്ഷമാകുമ്പോൾ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടാണ് അശോക് ഗെഹ്ലോട്ടിനും സച്ചിൻ പൈലറ്റിനും ഉള്ളത്. ഡിസംബർ ആദ്യവാരം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് പ്രവേശിക്കാനിരിക്കെ പ്രശ്ന പരിഹാരം വേഗത്തിലാക്കാൻ ആണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ ശ്രമം. അശോക് ഗെഹ്ലോട്ടുമായി നേരിട്ട് ചർച്ച നടത്തുമെന്ന് കോൺഗ്രസ് അധ്യക്ഷനായ മല്ലികാർജുൻ ഖാർഗെ തന്നെയാണ് വ്യക്തമാക്കിയത്.
സമാന രീതിയിൽ നേരത്തെ അശോക് ഗെഹ്ലോട്ട് - സച്ചിൻ പൈലറ്റ് തർക്കം പരിഹരിക്കാൻ ഖാർഗെ ഇടപെട്ടിരുന്നു. അന്ന് കോൺഗ്രസ് അധ്യക്ഷനല്ലാത്ത മല്ലികാർജുൻ ഖാർഗെയ്ക്ക് ഒപ്പം പ്രശ്നപരിഹാരത്തിനായി രാജസ്ഥാനിൽ എത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് മാക്കനെതിരെ ഗെഹ്ലോട്ട് പക്ഷ എംഎൽഎമാർ ആരോപണവുമായി രംഗത്തെത്തി.
വിവാദങ്ങളുമായി രാജസ്ഥാൻ കോൺഗ്രസ് മുന്നോട്ട് പോകുന്നതിൽ ഹൈക്കമാൻഡിനും അതൃപ്തി ഉണ്ട്. അശോക് ഗെഹ്ലോട്ടിന്‍റെ ആരോപണങ്ങളോട് പ്രതികരിക്കാൻ ഇല്ലെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞെങ്കിലും നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സച്ചിൻ പൈലറ്റിന്‍റെ വഞ്ചകനെന്ന് അശോക് ഗെഹ്ലോട്ട് വിശേഷിപ്പിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സച്ചിൻ പൈലറ്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.