രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധി; അനുനയ നീക്കങ്ങളുമായി ദേശീയ നേതൃത്വം
|സച്ചിൻ പൈലറ്റിന് പുതിയ പദവി നൽകി പ്രശ്നം പരിഹരിക്കാനാണ് നീക്കം
ഡല്ഹി: രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധി പരിഹരിക്കാൻ അനുനയ നീക്കങ്ങളുമായി ദേശീയ നേതൃത്വം. അശോക് ഗെഹ്ലോട്ടുമായി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കൂടിക്കാഴ്ച നടത്തി. സച്ചിൻ പൈലറ്റിന് പുതിയ പദവി നൽകി പ്രശ്നം പരിഹരിക്കാനാണ് നീക്കം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തിലാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഉള്ളത്. ഇന്നലെ സൂറത്തിൽ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തി. രാജസ്ഥാനിലെ പ്രതിസന്ധിയിൽ ഒരു തരത്തിലുള്ള ഒത്തുതീർപ്പിനും തയ്യാറല്ല എന്നതാണ് ഗെഹ്ലോട്ടിന്റെ നിലപാട്. ഭൂരിപക്ഷം എം.എൽ.എമാരും തനിക്കൊപ്പമാണെന്ന് ഗെഹ്ലോട്ട് ആവർത്തിച്ചതായാണ് വിവരം.
പ്രശ്ന പരിഹാരത്തിന് ഇന്നും ചർച്ചകൾ നടന്നേക്കും. സച്ചിൻ പൈലറ്റിനെതിരെ ഗെഹ്ലോട്ട് നടത്തിയ പദപ്രയോഗങ്ങളിൽ ഖാർഗെക്ക് അത്യപ്തിയുണ്ട്. ഭാരത് ജോഡോ യാത്ര അടുത്ത ആഴ്ച രാജസ്ഥാനിൽ എത്താൻ ഇരിക്കെ പ്രശ്നം പരിഹരിക്കാൻ നടപടികൾ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്. വരും ദിവസങ്ങളിൽ സച്ചിൻ പൈലറ്റുമായി ഖാർഗെ കൂടിക്കാഴ്ച നടത്തും.
സെപ്റ്റംബർ 25 ലെ സംഭവ വികാസങ്ങളിൽ ഗെഹ്ലോട്ട് പക്ഷ നേതാക്കളായ ശാന്തി ധാരിവാൾ, മഹേഷ് ജോഷി, ധർമേന്ദ്ര റാത്തോഡ് എന്നിവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് സച്ചിൻ പക്ഷത്തിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്. അതേസമയം പ്രശ്നപരിഹാരത്തിനായി ആവശ്യമെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അതിന് പാർട്ടി മടിക്കില്ലെന്നും ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു.