India
സമാന്തര യോഗം വിളിച്ച നേതാക്കളെ സ്ഥാനങ്ങളില്‍ നിന്നു നീക്കണം; ആവശ്യവുമായി രാജസ്ഥാൻ യുവ എംഎൽഎ
India

സമാന്തര യോഗം വിളിച്ച നേതാക്കളെ സ്ഥാനങ്ങളില്‍ നിന്നു നീക്കണം; ആവശ്യവുമായി രാജസ്ഥാൻ യുവ എംഎൽഎ

Web Desk
|
28 Sep 2022 6:52 AM GMT

"നിയമസഭാ കക്ഷി യോഗം ബഹിഷ്‌കരിച്ചത് നീതീകരിക്കാനാകില്ല"

ജയ്പൂർ: രാജസ്ഥാൻ പ്രതിസന്ധിയിൽ ഹൈക്കമാൻഡിന് വഴങ്ങാത്ത മന്ത്രിക്കും ചീഫ് വിപ്പിനുമെതിരെ തുറന്നടിച്ച് കോൺഗ്രസ് യുവ എംഎൽഎ ദിവ്യ മദേർണ. കാബിനറ്റ് മന്ത്രി ശാന്തി ധരിവാളിനെയും ചീഫ് വിപ്പ് മഹേഷ് ജോഷിയെയും തൽസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഇരുവരും ഹൈക്കമാൻഡിനെ വെല്ലുവിളിച്ചതായി അവർ ആരോപിച്ചു.

1998ൽ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായിരുന്ന പരാശ്രം മദേർണയുടെ ചെറുമകളാണ് ദിവ്യ. ഒസിയനിൽനിന്നുള്ള നിയമസഭാംഗമാണ്. സംസ്ഥാനത്ത് ആരു മുഖ്യമന്ത്രിയാകണം എന്ന് തീരുമാനിക്കുന്നത് ഹൈക്കമാൻഡാണെന്നും അവർ ചൂണ്ടിക്കാട്ടി.

'ഞാൻ ഗെഹ്‌ലോട്ട് പക്ഷത്തോ പൈലറ്റ് പക്ഷത്തോ ഇല്ല. ഒരു ഗ്രൂപ്പിലുമില്ല. പാർട്ടി ഹൈക്കമാൻഡിനൊപ്പമാണുള്ളത്. ശാന്തി ധരിവാളും മഹേഷ് ജോഷിയും പാർട്ടിയെ വഞ്ചിച്ചു. ഇവരെ അടിയന്തരമായി പുറത്താക്കണം. എംഎഎൽഎമാരെ തന്റെ വീട്ടിൽ വിളിച്ചു വരുത്തി ധരിവാൾ ഹൈക്കമാൻഡിനെ ധിക്കരിച്ചു. നിയമസഭാ കക്ഷി യോഗം ബഹിഷ്‌കരിച്ചത് നീതീകരിക്കാനാകില്ല. ശക്തമായ നടപടി സ്വീകരിക്കണം' - ദിവ്യ ആവശ്യപ്പെട്ടു.



1998ൽ കോൺഗ്രസിൽ നടന്ന ചരിത്രവും അവർ ഓർമിപ്പിച്ചു. 'ഗെഹ്‌ലോട്ടിനെ മുഖ്യമന്ത്രിയാക്കണമെന്ന് പാർട്ടി ഹൈക്കമാൻഡ് ഒറ്റവരി പ്രമേയം അവതരിപ്പിച്ചപ്പോൾ എന്റെ മുത്തച്ഛൻ അതിനെ അംഗീകരിക്കുകയായിരുന്നു. തന്നെ പിന്തുണച്ചവരോട് പ്രശ്‌നങ്ങളുണ്ടാക്കരുത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഹൈക്കമാൻഡിന്റെ തീരുമാനത്തിനെതിരെ അദ്ദേഹം പുരികക്കൊടി ഉയർത്തിയതു പോലുമില്ല' - അവർ ചൂണ്ടിക്കാട്ടി.

അങ്ങനെയായിരുന്നു ഇപ്പോഴും നടക്കേണ്ടിയിരുന്നത്. 1998ൽ മാത്രമല്ല, സിപി ജോഷിയെ മുഖമാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട 2008ലും സചിൻ പൈലറ്റ് നയിച്ച 2018ലും ഇത്തരം ഒറ്റവരി പ്രമേയങ്ങൾ ഉണ്ടായിട്ടുണ്ട്. അവർക്കത് നന്നായി തോന്നിയെങ്കിൽ ഇപ്പോൾ എന്തു കൊണ്ട് നന്നായിക്കൂടാ? - ദിവ്യ ചോദിച്ചു.

2020ൽ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ നടന്ന വിമത പ്രവർത്തനത്തേക്കാൾ ഗൗരവതരമാണ് നിലവിലെ വിഷയമെന്നും ദിവ്യ പറയുന്നു. 'പൈലറ്റിന്റെ വിമതനീക്കം മുഖ്യമന്ത്രി ഗെഹ്‌ലോട്ടിനെതിരെ ആയിരുന്നു. കാരണം ഞാൻ പറയുന്നില്ല. മുഖ്യമന്ത്രി ക്യാംപ് ചെയ്ത ഹോട്ടലിൽ ഞാനുണ്ടായിരുന്നു. കാരണം അതായിരുന്നു ഔദ്യോഗിക പാർട്ടി നയം. എന്നാൽ ഞായറാഴ്ച, പാർലമെന്ററി കാര്യമന്ത്രി ശാന്തി ധരിവാളും ചീഫ് വിപ്പ് മഹേഷ് ജോഷിയും സമാന്തര യോഗം വിളിച്ച് പാർട്ടിയെ ധിക്കരിച്ചു.' - അവർ ചൂണ്ടിക്കാട്ടി.

അതിനിടെ, പ്രതിസന്ധിക്ക് പിന്നാലെ സച്ചിൻ പൈലറ്റും അശോക് ഗെഹ്‌ലോട്ടും ഡൽഹിയിലെത്തിയിട്ടുണ്ട്. ഇരുവരും ഉച്ച തിരിഞ്ഞ് പാർട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. എംഎൽഎമാർ വിളിച്ച സമാന്തര യോഗത്തിൽ തനിക്ക് പങ്കില്ലെന്ന നിലപാടിലാണ് ഗെഹ്‌ലോട്ട്. എന്നാൽ വാദം ഹൈക്കമാൻഡ് വിശ്വാസത്തിലെടുത്തിട്ടില്ല.

കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുന്നതിന് മുമ്പ് ഗെഹ്‌ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി പദം ഒഴിയണമെന്ന ഹൈക്കമാൻഡിന്റെ ആവശ്യമാണ് പ്രതിസന്ധിക്ക് വഴിമരുന്നിട്ടത്. തന്റെ ഇഷ്ടക്കാരനായ സിപി ജോഷിക്ക് മുഖ്യമന്ത്രി പദം നൽകണമെന്ന ആവശ്യമാണ് ഗെഹ് ലോട്ട് ഉന്നയിച്ചത്. എന്നാൽ സച്ചിൻ പൈലറ്റിനെയാണ് നേതൃത്വം പരിഗണിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് പാർട്ടി എംഎൽഎമാർ സമാന്തര യോഗം വിളിച്ചത്. പ്രതിസന്ധി ചർച്ച ചെയ്യാനെത്തിയ ഹൈക്കമാൻഡ് നിരീക്ഷകരുമായി എംഎൽഎമാർ സഹകരിച്ചിരുന്നില്ല.

Similar Posts