മകളുടെ വിവാഹം നടത്താന്‍ പണമില്ല; പൊലീസിനെ സമീപിച്ച് പിതാവ്, പിന്നീട് സംഭവിച്ചത്!
|നാട്ടുകാരന് കൂടിയായ ധരംവീര്‍ ജഖര്‍ ഇവരുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ് സഹായിക്കുകയായിരുന്നു
ജയ്പൂര്‍: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം മകളുടെ വിവാഹം നടത്താനാകാതെ വിഷമിക്കുകയായിരുന്ന കുടുംബത്തിന് കൈത്താങ്ങായി പൊലീസ് കോണ്‍സ്റ്റബിള്‍. രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ ടെട്രാ ഗ്രാമത്തില്‍ നിന്നുള്ള പെൺകുട്ടിയുടെ മാതാപിതാക്കളാണ് മകളുടെ വിവാഹം നടത്താന്‍ പൊലീസിന്റെ സഹായം തേടിയത്. നാട്ടുകാരന് കൂടിയായ ധരംവീര്‍ ജഖര്‍ ഇവരുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ് സഹായിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ദയനീയാവസ്ഥയെക്കുറിച്ച് ധരംവീര്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം മാറിമറിയുന്നത്. തുടര്‍ന്നങ്ങോട്ട് സഹായങ്ങളുടെ പ്രവാഹമായിരുന്നു. പണത്തിനൊപ്പം ഒരു വീട്ടിലേക്ക് വേണ്ട റഫ്രിജറേറ്റർ, കൂളർ, ഫാൻ, കിടക്ക, പാത്രങ്ങൾ തുടങ്ങിയ സാധനങ്ങള്‍ ശേഖരിക്കാനും ജഖറിന് കഴിഞ്ഞു. 1,31,000 രൂപയാണ് സഹായമായി ലഭിച്ചത്. കൂടാതെ 61,000 രൂപ കുടുംബത്തിന് കൈമാറാനും ജഖറിന് സാധിച്ചു. സാമ്പത്തിക സഹായത്തിനൊപ്പം ഒരു സഹോദരന്റെ സ്ഥാനത്തു നിന്ന് വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു ജഖര്‍. ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിൽ അനിവാര്യമാണെന്ന് കോൺസ്റ്റബിൾ പറഞ്ഞു.
ഈയിടെ മധ്യപ്രദേശിലും സമാനസംഭവം നടന്നിരുന്നു. ബുർഹാൻപൂരിലെ മചൽപുര ഗ്രാമത്തിൽ, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബത്തിലെ റുബീന എന്ന യുവതിയുടെ വിവാഹം നിമ്പോള പൊലീസ് സ്റ്റേഷന്റെ മേൽനോട്ടത്തിലാണ് നടന്നത്. മചൽപുര ഗ്രാമവാസിയായ കബൽ തദ്വി പത്താന്റെ ഇളയ മകൾ റുബീനയുടെ വിവാഹം മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ യാവൽ താലൂക്കിലെ ബോർഖേഡ ഗ്രാമത്തിലെ റഹ്മാൻ ഖാനുമായി നിശ്ചയിച്ചിരുന്നു. സാമ്പത്തികമായി വിഷമിച്ചിരുന്ന കബല്‍ സഹായത്തിനായി പൊലീസിനെ സമീപിക്കുകയായിരുന്നു. വിവാഹദിനത്തിൽ വധുവിന് വസ്ത്രങ്ങളും വീട്ടുപകരണങ്ങളും പൊലീസുകാര്‍ സമ്മാനിച്ചു. വിവാഹം കഴിഞ്ഞ് പെണ്‍കുട്ടി വരന്റെ വീട്ടിലേക്ക് പോകുന്നതു വരെ പൊലീസുകാര്‍ ഒപ്പമുണ്ടായിരുന്നു.