കസ്റ്റഡിയിലിരിക്കെ ബലാത്സംഗക്കേസ് പ്രതി ആത്മഹത്യ ചെയ്ത സംഭവം; പൊലീസുകാരനെ സസ്പെൻഡ് ചെയ്തു
|പ്രതിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തുവന്നിരുന്നു
ജയ്പൂർ: ബലാത്സംഗക്കേസ് പ്രതി കസ്റ്റഡിയിലിരിക്കെ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. രാജസ്ഥാനിലെ ഫലോഡി ജില്ലയിലെ ഡെച്ചു പോലീസ് സ്റ്റേഷൻ സർക്കിൾ ഓഫീസർ ശങ്കർ ലാൽ ഛാബയെയാണ് സസ്പെൻഡ് ചെയ്തത്. മൂകയും ബധിരയുമായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ഫൂൽ സിങാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ തൂങ്ങിമരിച്ചത്.
സംഭവമുണ്ടായതിനു രണ്ടു ദിവസങ്ങൾക്കു ശേഷമാണ് നടപടി. ശങ്കർ ലാലിനെ അടിയന്തരമായി സസ്പെൻഡ് ചെയ്ത് രാജസ്ഥാൻ ഡിജിപി ത്കൽ രഞ്ജൻ സാഹു ഉത്തരവിറക്കി. ശങ്കറിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് സാഹു അറിയിച്ചു. ഫലോഡി ജില്ലയിലെ ഡെച്ചു പട്ടണത്തിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് ബലാത്സംഗക്കേസിലെ പ്രതി കസ്റ്റഡിയിലിരിക്കെ പൊലീസ് സ്റ്റേഷനിൽ വെച്ച് തൂങ്ങിമരിച്ചത്.
സംഭവത്തിൽ വ്യപക പ്രതിഷേധമുയർന്നിരുന്നു. പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷന് വളയുകയും പ്രതിയുടെ മരണം കൊലപാതകമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. മരണപ്പെട്ടയാളുടെ കുടുംബവും പൊലീസിനെതിരെ രംഗത്തുവന്നിരുന്നു. മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ച അവർ ഡെച്ചു സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും സസ്പെൻഡ് ചെയ്യണമെന്നും കുടുംബാംഗത്തിന് സർക്കാർ ജോലി നൽകണമെന്നും ആവശ്യപ്പെട്ടു. മരണപ്പെട്ടയാളുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
സാഹചര്യം സംഘാർഷവസ്ഥയിൽ കലാശിച്ചതോടെ ഇൻസ്പെക്ടർ വികാസ് കുമാർ സമീപ ജില്ലകളിൽ നിന്ന് അധികമായി പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയായിരുന്നു. ഇരയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ പൊലീസ് ബലാത്സംഗം നടന്നതായി സ്ഥിരീകരിക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായും ചെയ്തു. തുടർന്ന് ഫൂൽ സിങ്ങിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
അതേസമയം സ്റ്റേഷനിലെ സെല്ലിൽ പാർപ്പിക്കുന്നതിന് പകരം ഒരു മുറിയിലാണ് പ്രതിയെ പാർപ്പിച്ചതെന്ന് ആരോപണമുണ്ട്. വ്യാഴാഴ്ച രാത്രി ഫൂൽ സിങ് തന്റെ ഷാൾ ഉപയോഗിച്ച് മുറിയിലെ ഗ്രില്ലിൽ തൂങ്ങിമരിക്കുകയായിരുന്നു. എന്നാൽ വെള്ളിയാഴ്ച രാവിലെ പരിശോധന നടത്തിയപ്പോൾ മാത്രമാണ് ഇയാൾ ആത്മചെയ്തതായി കണ്ടെത്തിയതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി അധികൃതർ അറിയിക്കുകയായിരുന്നു.
അതേസമയം പ്രതിയെ മൂന്ന് ദിവസം മുമ്പ് പൊലീസ് പിടികൂടിയെന്നും അറസ്റ്റ് രേഖപ്പെടുത്താതെ സ്റ്റേഷനിൽ പാർപ്പിച്ചിരുന്നതായും കുടുംബാംഗങ്ങൾ ആരോപിക്കുന്നുണ്ട്. വ്യാഴാഴ്ച വൈകുന്നേരം ഭക്ഷണം കൊണ്ടുവന്നപ്പോൾ ഫൂൽ സിങ്ങിന് മറ്റു പ്രശ്നങ്ങളില്ലായിരുന്നു എന്നും ആ സമയം ഉദ്യോഗസ്ഥർ മദ്യപിക്കുകയായിരുന്നു എന്നും അദ്ദേഹത്തിന്റെ സഹോദരൻ പറഞ്ഞു.
പൊലീസ് സ്റ്റേഷൻ ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ജോധ്പൂർ റേഞ്ച് ഇൻസ്പെക്ടർ വികാസ് കുമാർ സമ്മതിച്ചു. അന്വേഷണ റിപ്പോർട്ടിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.