രാജസ്ഥാൻ പ്രതിസന്ധി: മൂന്ന് എംഎൽഎമാർക്കെതിരെ നടപടിക്ക് ശിപാർശ
|എംഎൽഎമാർ സമാന്തയോഗം ചേർന്ന് രാജിഭീഷണി മുഴക്കിയതോടെയാണ് ഹൈക്കമാൻഡ് പ്രതിസന്ധിയിലായത്.
ന്യൂഡൽഹി: രാജസ്ഥാനിലെ വിമതനീക്കത്തിൽ ഗെഹ്‌ലോട്ട് പക്ഷത്തെ മൂന്നു എംഎൽഎമാർക്കെതിരെ നടപടിക്ക് ശിപാർശ. അതേസമയം ഗെഹ്‌ലോട്ടിന് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടാണ് ഹൈക്കമാൻഡ് നിരീക്ഷകരായ അജയ്മാക്കനും മല്ലികാർജുൻ ഖാർഗെയും റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ഹൈക്കമാൻഡ് നിർദേശപ്രകാരം വിളിച്ച നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാതെ സമാന്തര യോഗം വിളിച്ച ചീഫ് വിപ്പ് മഹേഷ് ജോഷി, ആർടിഡിസി ചെയർമാൻ ധർമേന്ദ്ര പഥക്, ശാന്തി ധരിവാൾ എന്നിവർക്കെതിരെയാണ് അച്ചടക്ക നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരുടെ നടപടി കടുത്ത അച്ചടക്കലംഘനമാണെന്ന് അജയ്മാക്കനും മല്ലികാർജുൻ ഖാർഗേയും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാൻ ഗെഹ്‌ലോട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന സാഹചര്യത്തിലാണ് രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധിയുണ്ടായത്. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയായി അംഗീകരിക്കില്ലെന്ന നിലപാടുമായി എംഎൽഎമാർ രാജിഭീഷണി മുഴക്കിയതിനെ തുടർന്ന് നിയമസഭാ കക്ഷിയോഗം ചേരാനാവാതെ ഹൈക്കമാൻഡ് നിരീക്ഷകൻമാർ മടങ്ങുകയായിരുന്നു.