India
ജോലി ചെയ്തതിന് കൂലി ചോദിച്ച ദലിത് യുവാവിനെ മൂത്രം കുടിപ്പിച്ചു
India

ജോലി ചെയ്തതിന് കൂലി ചോദിച്ച ദലിത് യുവാവിനെ മൂത്രം കുടിപ്പിച്ചു

Web Desk
|
25 Nov 2022 12:50 PM GMT

ചെരിപ്പുമാല കഴുത്തിലണിയിക്കുകയും ദൃശ്യങ്ങള്‍ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു

ന്യൂഡല്‍ഹി: ജോലി ചെയ്തതിന് കൂലി ചോദിച്ച ദലിത് യുവാവിനെ മൂത്രം കുടിപ്പിച്ചതായി പരാതി. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം. ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന ഭരത് കുമാർ എന്നയാളാണ് പരാതി നൽകിയത്. ജോലി ചെയ്തതിന്റെ ബാക്കിത്തുക ആവശ്യപ്പെട്ട് ചെന്ന തന്നെ മൂന്ന് പേർ ചേർന്ന് മർദിക്കുകയും മൂത്രം കുടുപ്പിച്ചതിന് പുറമെ ചെരിപ്പുമാല ധരിപ്പിക്കുകയും ചെയ്തു എന്ന് പരാതിയിൽ പറയുന്നു.

കഴിഞ്ഞ ബുധനാഴ്ച നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെ

'ജോലി ചെയ്തതിന്റെ ഭാഗമായി 50,000 രൂപയായിരുന്നു ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ഇത് ചോദിക്കാൻ ചെന്ന എന്നെ മൂന്ന് പേർ ചേർന്ന് ആക്രമിക്കുകയും മൂത്രം കുടിപ്പിക്കുകയുമായിരുന്നു. തുടർന്ന് ചെരിപ്പുമാല കഴുത്തിലണിയിക്കുകയും ഇക്കാര്യങ്ങളെല്ലാം ഫോണിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.'

ഏകദേശം അഞ്ച് മണിക്കൂറോളം പ്രതികൾ യുവാവിനെ ആക്രമിച്ചെന്ന് സിരോഹി പൊലീസ് സ്റ്റേഷൻ ഡെപ്യൂട്ടി സൂപ്രണ്ട് ദിനേഷ്‌കുമാർ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് മൂന്ന് പേർക്കുമായുള്ള അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ദലിതർക്കെതിരെ ഈ മാസം നടക്കുന്ന രണ്ടാമത്തെ അതിക്രമമാണിത്. നവംബർ എഴിന് ജോധ്പൂരിൽ കുഴൽകിണറിൽ നിന്ന് വെള്ളമെടുത്തതിന് 46കാരനായ ദലിത് യുവാവിനെ ആൾകൂട്ടം തല്ലിക്കൊന്നിരുന്നു. എല്ലാ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും സാമ്പത്തിക നഷ്ടപരിഹാരം നൽകണമെന്നും കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങള്‍ പ്രതിഷേധം നടത്തിയിരുന്നു.

Related Tags :
Similar Posts