രാജസ്ഥാൻ നാളെ പോളിംഗ് ബൂത്തിലേക്ക്
|സംസ്ഥാനത്തെ 200 ൽ 199 സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുക
ജയ്പൂര്‍: രാജസ്ഥാൻ നാളെ പോളിംഗ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 200 ൽ 199 സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിയിട്ടുണ്ട്.
കൊട്ടിക്കലാശം വരെ നീണ്ട ആവേശകരമായ പ്രചരണം പൂർത്തിയാക്കിയാണ് രാജസ്ഥാൻ നാളെ ജനവിധി എഴുതുന്നത്.200 സീറ്റുകളിൽ 199 സീറ്റുകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി ഗുർമീത് സിംഗ് കുന്നാർ മരിച്ചതിനാൽ ശ്രീകരൺപൂരിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധി തുടങ്ങിയവർ അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു സംസ്ഥാനത്ത് നടന്നത്.കേന്ദ്ര സർക്കാർ പ്രഖ്യാപനങ്ങളുംസ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായിരുന്നു ബി.ജെ.പിയുടെ പ്രധാന പ്രചാരണ ആയുധം.
എന്നാൽ ഗെഹ്‍ലോട്ട് സർക്കാരിന്‍റെ ജനക്ഷേമ പദ്ധതികൾ, കർഷകർക്കുള്ള മോഹന വാഗ്ദാനങ്ങൾ, ജാതി സെൻസസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിയാണ് കോൺഗ്രസ് പ്രതിരോധം തീർത്തത്.പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള സാമഗ്രികളുടെ വിതരണം ഇന്ന് പൂർത്തിയാകും . തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.