'രാജസ്ഥാനിലും ഇന്ധന വില കുറയും'; മുഖ്യമന്ത്രി അശോക് ഗെലോട്ട്
|രാജ്യത്ത് പെട്രോൾ വില ഏറ്റവും കൂടുതൽ രാജസ്ഥാനിലാണ് ലിറ്ററിന് 111.10 രൂപയാണ് വില.
മറ്റ് സംസ്ഥാനങ്ങളെപ്പോലെ ഇന്ധനത്തിന്മേലുള്ള വാറ്റ് കുറയ്ക്കാൻ തന്റെ സർക്കാറും നിർബന്ധിതമായിട്ടുണ്ടെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ജോദ്പൂരിൽ നടന്ന പരിപാടിക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. എക്‌സൈസ് തീരുവ ഇനിയും കുറയ്ക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഗെലോട്ട് രാജസ്ഥാനിലും ഇന്ധന വില കുറയുമെന്ന് പ്രഖ്യാപിച്ചത്.
നവംബർ 3 ന് പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ കുറച്ചിരുന്നു. പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കുറച്ചത്. പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മൂല്യ വർധിത നികുതി കുറച്ചു.
ഇതോടെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധന വില കുറയുന്നില്ലെന്ന ആക്ഷേപം ഉയർന്നു. എഐസിസിയും കോൺഗ്രസ് സർക്കാറുകളോട് നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. സമ്മർദ്ദങ്ങൾക്ക് വഴങ്ങി പഞ്ചാബിന് ഇന്ധന നികുതി കുറയ്‌ക്കേണ്ടി വന്നു. പെട്രോളിന് 10 രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് കുറച്ചത്.
രാജ്യത്ത് പെട്രോൾ വില ഏറ്റവും കൂടുതൽ രാജസ്ഥാനിലാണ് ലിറ്ററിന് 111.10 രൂപയാണ് വില. ഡീസലിന് 95.71 രൂപയും. നിലവിൽ രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ പെട്രോൾ ലഭിക്കുന്നത് ആൻഡമാനിലാണ് 87.10 രൂപയാണ് ആൻഡമാനിലെ വില.