ഭാര്യയുടെ ഗർഭധാരണത്തിനായി യുവാവിന് 15 ദിവസം പരോൾ നൽകി രാജസ്ഥാൻ ഹൈക്കോടതി
|ഭാര്യ നിരപരാധിയാണെന്നും യുവാവ് തടവിലായതിനാൽ അവരുടെ ലൈംഗികവും വൈകാരികവുമായ ആവശ്യങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും കോടതി നിരീക്ഷിച്ചു
ജോധ്പൂർ: ഭാര്യയുടെ ഗർഭധാരണത്തിനായി യുവാവിന് 15 ദിവസം പരോൾ നൽകി രാജസ്ഥാൻ ഹൈക്കോടതി. ഹൈക്കോടതിയുടെ ജോധ്പൂർ ബെഞ്ചാണ് ഈ അപൂർവ വിധി പുറപ്പെടുവിച്ചത്. ഗർഭധാരണത്തിനുള്ള അവകാശം ചൂണ്ടിക്കാട്ടി 34 കാരനായ നന്ദ്ലാലിന്റെ ഭാര്യ രേഖ കോടതിയിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് ജസ്റ്റിസ് സന്ദീപ് മേത്ത, ഫർജന്ദ് അലി എന്നിവരുടെ രണ്ടംഗ ബെഞ്ച് അനുകൂല വിധി പുറപ്പെടുവിച്ചത്.
നന്ദലാലിന്റെ ഭാര്യ നിരപരാധിയാണെന്നും യുവാവ് തടവിലായതിനാൽ അവരുടെ ലൈംഗികവും വൈകാരികവുമായ ആവശ്യങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും കോടതി നിരീക്ഷിച്ചു. ഏതു നിലക്ക് നിരീക്ഷിച്ചാലും തടവുകാരന് കുട്ടികളുണ്ടാകണമെന്ന് ആഗ്രഹിക്കാനുള്ള അവകാശമുണ്ടെന്ന നിഗമനത്തിലെത്താനാകുമെന്നും ദമ്പതിമാർക്ക് അത് നിഷേധിക്കാനാകില്ലെന്നും ഏപ്രിൽ അഞ്ചിന് പുറപ്പെടുവിച്ച വിധിയിൽ കോടതി ചൂണ്ടിക്കാട്ടി.
ഋഗ്വേദം, ജൂത- ക്രൈസ്തവ വേദഗ്രന്ഥങ്ങൾ തുടങ്ങിയവ ഉദ്ധരിച്ചായിരുന്നു കോടതി വിധിന്യായം പറഞ്ഞത്. ഗർഭധാരണം ഹിന്ദു തത്വശാസ്ത്ര പ്രകാരം സുപ്രധാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വംശാവലിയുടെ സംരക്ഷണത്തിന് ഇസ്ലാമിക ശരീഅത്ത് പ്രാധാന്യം നൽകുന്നുണ്ടെന്നും കൈറോ മനുഷ്യാവകാശ പ്രഖ്യാപനം ഇതു വ്യക്തമാക്കുന്നുണ്ടെന്നും പറഞ്ഞു.
ഭരണഘടനയുടെ 21ാം അനുഛേദ പ്രകാരം ജീവിക്കാനുള്ള അവകാശത്തിൽപ്പെട്ടതാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. നടപടിക്രമങ്ങൾക്കനുസൃതമായി നിയമം ഒരു വ്യക്തിയുടെയും ജീവിതവും സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തില്ലെന്ന് ഭരണഘടന ഉറപ്പുനൽകുന്നുവെന്നും അതിന്റെ പരിധിയിൽ തടവുകാരും ഉൾപ്പെടുന്നുവെന്നും ജഡ്ജിമാർ പറഞ്ഞു. 2019 ൽ ഭിൽവാര കോടതി ജീവപര്യന്തം തടവ് വിധിച്ചതിനെ തുടർന്ന് നന്ദലാൽ അജ്മീർ സെൻട്രൽ ജയിലിൽ കഴിയുകയാണ്. 2021ൽ ഇയാൾക്ക് 20 ദിവസം പരോൾ നൽകിയിരുന്നു. ജയിലിനകത്ത് നന്ദ ലാൽ നന്നായി പെരുമാറുന്നതും അനുകൂല വിധിക്ക് കാരണമായിട്ടുണ്ട്.
Rajasthan High Court grants 15 days parole to Man To Get Wife Pregnant