India
Rajasthan Karni Sena chief murder accused identified
India

കർണിസേനാ തലവന്റെ കൊലയാളികളെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പൊലീസ്

Web Desk
|
6 Dec 2023 11:35 AM GMT

ഗോഗമേദിക്കെതിരെ വെടിയുതിർത്ത രോഹിത് റാത്തോഡ് മക്രാന, നിതിൻ ഫൗജി എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

ന്യൂഡൽഹി: രജ്പുത് കർണിസേനാ തലവൻ സുഖ്‌ദേവ് സിങ് ഗോഗമേദിയെ വെടിവെച്ചു കൊലപ്പെടുത്തിയവർ പിടിയിലായെന്ന റിപ്പോർട്ടുകൾ തള്ളി പൊലീസ്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗോഗമേദിക്കെതിരെ വെടിയുതിർത്ത രോഹിത് റാത്തോഡ് മക്രാന, നിതിൻ ഫൗജി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പ്രതിഫലം നൽകുമെന്ന് അന്വേഷണസംഘം അറിയിച്ചു.

ചൊവ്വാഴ്ച പതിവുപോലെ ജയ്പൂർ ശ്യാം നഗറിലെ വീട്ടിൽ സന്ദർശകരെ കാണുന്നതിനിടയിലാണ് മൂന്നുപേർ ഗോഗമേദിക്ക് നേരെ വെടിയുതിർത്തത്. സുഖ്‌ദേവിന്റെ അംഗരക്ഷകൻ തിരിച്ചുവെടിവച്ചതിനെ തുടർന്ന് അക്രമികളിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. അധോലോക നായകൻ ലോറൻസ് ബിഷ്‌ണോയിയുടെ സംഘാംഗമായ ഇപ്പോൾ കാനഡയിലുള്ള രോഹിത് ഗോദര കപുരിസർ എന്നയാൾ ഗോഗമേദിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

ഉച്ചക്ക് ഒരു മണിയോടെ ഏത്തിയ സംഘം 10 മിനിറ്റോളം സുഖ്‌ദേവുമായി സംസാരിച്ചിരുന്നു. ഇതിനിടെ പെട്ടെന്ന് വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ സുഖ്‌ദേവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഖ്‌ദേവിന്റെ ഗൺമാൻ നരേന്ദ്രൻ അടക്കം മൂന്നുപേർക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ജയ്പൂരിലെ ഒരു കടയുടമയായ നവീൻ സിങ് ഷെഖാവത്ത് ആണ് കൊല്ലപ്പെട്ട അക്രമി.

Similar Posts