സ്കൂളുകളില്‍ സൂര്യനമസ്കാരം നിര്‍ബന്ധമാക്കി രാജസ്ഥാന്‍; ഉത്തരവിനെതിരെ മുസ്‍ലിം സംഘടനകള്‍ ഹൈക്കോടതിയില്‍
|തീരുമാനത്തിനെതിരെ മുസ്‍ലിം സംഘടനകളില്‍ നിന്നും കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നത്
ജയ്‍പൂര്‍: രാജസ്ഥാനിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ സൂര്യനമസ്കാരം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ബി.ജെ.പി സര്‍ക്കാരിന്‍റെ തീരുമാനം വിവാദത്തില്‍. നിരവധി മുസ്‍ലിം സംഘടനകൾ ഈ നീക്കത്തിനെതിരെ പ്രതിഷേധിക്കുകയും തങ്ങളുടെ കുട്ടികളെ സൂര്യനമസ്‌കാരം ചെയ്യാൻ നിർബന്ധിക്കുന്ന സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി നൽകുകയും ചെയ്തു.
ഫെബ്രുവരി 15 മുതലാണ് രാജസ്ഥാനിലെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും സൂര്യനമസ്കാരം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്. ഭജൻലാൽ ശർമ്മയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്‍റെ ഉത്തരവില്‍ ഇത് പാലിക്കാത്തവര്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരുമാനത്തിനെതിരെ മുസ്‍ലിം സംഘടനകളില്‍ നിന്നും കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നത്. സൂര്യനമസ്കാരം പരിപാടി ബഹിഷ്കരിക്കാന്‍ മുസ്‍ലിം സമൂഹത്തോട് ആഹ്വാനം ചെയ്യുന്നതിനായി ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് സംസ്ഥാന എക്‌സിക്യൂട്ടീവ് തിങ്കളാഴ്ച ജയ്പൂരിൽ ഒത്തുകൂടി.സൂര്യനമസ്കാരം നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് ഉള്‍പ്പെടെ നിരവധി മുസ്‍ലിം സംഘടനകള്‍ രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
മന്ത്രങ്ങൾ ജപിക്കുന്നതോടൊപ്പം സൂര്യനെ ആരാധിക്കുന്ന നിരവധി യോഗാസനങ്ങൾ സൂര്യ നമസ്‌കാരത്തിൽ ഉൾപ്പെടുന്നു.സൂര്യനമസ്‌കാരം നടത്തുന്നത് തങ്ങളുടെ മതത്തിൽ അനുവദനീയമല്ലെന്നും സൂര്യനെ ദൈവമായി അംഗീകരിക്കുകയാണ് സൂര്യനമസ്കാരത്തിലൂടെ ചെയ്യുന്നതെന്നും മുസ്‍ലിം സംഘടനകൾ വാദിക്കുന്നു.ബി.ജെ.പി സര്‍ക്കാര്‍ ഫെബ്രുവരി 15 മുതൽ സൂര്യ സപ്തമി ദിനത്തിൽ ആസൂത്രണം ചെയ്യുന്ന സൂര്യനമസ്‌കാര ആഘോഷത്തിൽ പങ്കെടുക്കരുതെന്ന് മുസ്‍ലിം സംഘടനകൾ സ്വന്തം സമുദായത്തിലെ വിദ്യാർഥികളോട് ആവശ്യപ്പെട്ടു.