നമ്മൾ ഹിന്ദുക്കളല്ല, ആദിവാസി സ്ത്രീകൾ താലിയും സിന്ദൂരവും ധരിക്കരുതെന്ന് പ്രസംഗിച്ച അധ്യാപികക്ക് സസ്പെൻഷൻ
|രാജസ്ഥാനിലെ മനേക ദാമോർ എന്ന അധ്യാപികക്കെതിരെയാണ് നടപടിയെടുത്തത്.
ജയ്പൂർ: ആദിവാസി സ്ത്രീകൾ താലിയും സിന്ദുരവും ധരിക്കേണ്ടതില്ലെന്ന് പ്രസംഗിച്ച അധ്യാപികക്ക് സസ്പെൻഷൻ. രാജസ്ഥാനിലെ മനേക ദാമോർ എന്ന അധ്യാപികക്കെതിരെയാണ് നടപടിയെടുത്തത്. പെരുമാറ്റച്ചട്ടം ലംഘിച്ചു, വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് സസ്പെൻഷൻ.
ജൂലൈ 19ന്ബൻസ്വാരയിലെ മൻഘർ ധാമിൽ നടന്ന മേഗാ റാലിയിലായിരുന്നു അധ്യാപികയുടെ പ്രസംഗം. ''പൂജാരിമാർ പറയുന്നത് ആദിവാസി സ്ത്രീകൾ ചെവികൊള്ളരുത്. ആദിവാസികൾ കുടുംബങ്ങൾ താലി ധരിക്കരുത്, സിന്ദൂരം തൊടരുത്. സ്ത്രീകളും കുട്ടികളും വിദ്യാഭ്യാസത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഇന്ന് മുതൽ വ്രതാനുഷ്ഠാനങ്ങളെല്ലാം നിർത്തൂ, നമ്മൾ ഹിന്ദുക്കളല്ല''-എന്നിങ്ങനെയായിരുന്നു മനേകയുടെ പ്രസംഗം.
ആദിവാസി പരിവാർ സൻസ്തയുടെ സ്ഥാപകയാണ് ഹയർ സെക്കൻഡറി അധ്യാപികയായ മനേക ദാമോദർ. മെഗാ റാലിയിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഗോത്രവർഗ വിഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തിരുന്നു.