അനധികൃതമായി തോക്കുകൾ കൈവശം വെച്ച പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ, പിന്നാലെ സസ്‌പെൻഷൻ
|രാജസ്ഥാൻ പൊലീസിൽ ട്രെയിനി സബ് ഇൻസ്പെക്ടറാണ് നൈന കൻവാള്‍
ന്യൂഡല്‍ഹി: ഹരിയാനയിൽ ലൈസൻസില്ലാത്ത തോക്കുകളുമായി പിടിയിലായ വനിതാ ട്രെയിനി പൊലീസ് ഉദ്യോഗസ്ഥക്ക് സസ്‌പെൻഷൻ. രാജസ്ഥാൻ പൊലീസിൽ ട്രെയിനി സബ് ഇൻസ്പെക്ടറായ നൈന കൻവാളിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
തട്ടിക്കൊണ്ടുപോകൽ കേസിൽ ഒളിവിൽ കഴിയുന്ന പ്രതി സുമിത് നന്ദലിനെ തേടി ഡൽഹി പൊലീസ് എസ്‌ഐ നൈന കൻവാളിന്റെ റോഹ്തക്കിലെ ഫ്‌ലാറ്റിൽ വ്യാഴാഴ്ച റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിലാണ് ലൈസൻസില്ലാത്ത രണ്ട് പിസ്റ്റളുകളുമായി നൈന കൻവാൾ പിടിയിലായത്. ഡൽഹി പൊലീസ് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു നൈന കൻവാളിന്റെ ഫ്ളാറ്റിൽ നിന്ന് രണ്ട് ലൈസൻസില്ലാത്ത തോക്കുകൾ പിടിച്ചെടുത്തത്. ഹരിയാനയിലെ റോത്തക്കിൽ വെച്ചാണ് അനധികൃതമായി കൈവശം വെച്ച ആയുധങ്ങളുമായി പിടിയിലായത്. പൊലീസിനെ കണ്ടതും നൈന ആയുധങ്ങൾ ഫ്‌ളാറ്റിന് താഴേക്ക് വലിച്ചെറിഞ്ഞെന്നും ഡൽഹി പൊലീസ് പറയുന്നു. ആയുധ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് നൈനയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
രാജസ്ഥാൻ പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ (ക്രൈം) എസ് സെൻഗാതിർ ശനിയാഴ്ചയാണ് സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. സ്പോർട്സ് ക്വാട്ടയിലാണ് നൈനയെ റിക്രൂട്ട് ചെയ്തതെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.