കലാപത്തിനിടെ അക്രമികളെ ഒറ്റക്ക് നേരിട്ട് 15 പേരെ രക്ഷപ്പെടുത്തി; ധീരതയുടെ പ്രതീകമായി മധുലിക സിങ്
|ഏപ്രിൽ രണ്ടിനാണ് കരൗളിയിൽ വർഗീയ സംഘർഷം തുടങ്ങിയത്. രാജസ്ഥാനിലെ ഹിന്ദു പുതുവത്സരാഘോഷമായ നവ സംവത്സർ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ബൈക്ക് റാലിക്കിടെയായിരുന്നു അക്രമസംഭവങ്ങളുടെ തുടക്കം.
ജയ്പൂർ: രാജസ്ഥാനിലെ കരൗളിയിൽ വർഗീയകലാപത്തിനിടെ അക്രമികളിൽനിന്ന് രക്ഷപ്പെടാനായി തന്റെ അപ്പാർട്‌മെന്റിലേക്ക് ഓടിക്കയറിയ 15 പേരെ ഒറ്റക്ക് രക്ഷിച്ച് ധീരതയുടെയും മനുഷ്യത്വത്തിന്റെയും പ്രതീകമായി മാറിയിരിക്കുകയാണ് മധുലിക സിങ് എന്ന വനിത. ഭർത്താവിന്റെ മരണ ശേഷം കഴിഞ്ഞ അഞ്ച വർഷത്തോളമായി തുണിക്കട നടത്തിയാണ് ഇവർ ജീവിക്കുന്നത്.
ഏപ്രിൽ രണ്ടിനാണ് കരൗളിയിൽ വർഗീയ സംഘർഷം തുടങ്ങിയത്. രാജസ്ഥാനിലെ ഹിന്ദു പുതുവത്സരാഘോഷമായ നവ സംവത്സർ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ബൈക്ക് റാലിക്കിടെയായിരുന്നു അക്രമസംഭവങ്ങളുടെ തുടക്കം. റാലി മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെത്തിയതോടെ ഇവർ ലൗഡ് സ്പീക്കറിലൂടെ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയും പൊലീസിനെ കല്ലെറിയുകയും ചെയ്തതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ആളുകൾ ആക്രോശിക്കുന്നതിന്റെയും കടകളുടെ ഷട്ടറുകൾ വലിച്ചടക്കുന്നതിന്റെ ശബ്ദം കേട്ടാണ് മധുലിക സ്വന്തം കടയിൽ നിന്ന് പുറത്തിറങ്ങിയത്. ഷോപ്പിങ് കോംപ്ലക്‌സിൽനിന്ന് ആളുകൾ ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു. അപ്പോഴേക്കും അക്രമികൾ കടകൾക്ക് തീയിടാൻ തുടങ്ങിയിരുന്നു.
''കലാപം തുടങ്ങിയെന്ന് കരുതി ആളുകൾ ഓടുന്നതും കടകളടക്കുന്നതും ഞാൻ കണ്ടു. പെട്ടെന്ന് തന്നെ ഷോപ്പിങ് കോംപ്ലക്‌സിന്റെ ഗെയ്റ്റ് അടച്ചൂപൂട്ടിയ ശേഷം ഒന്നും ഭയപ്പെടേണ്ടെന്ന് ഞാൻ അവരോട് പറഞ്ഞു. ഞാൻ അവരെ രക്ഷപ്പെടുത്തി കാരണം എല്ലാത്തിനും മുകളിൽ മനുഷ്യത്വമാണ് പ്രധാനം''-മധുലിക സിങ് പറഞ്ഞു.
ഇതിനിടയിലാണ് 15 പേർ അക്രമികളിൽനിന്ന് രക്ഷതേടി മധുലിക സിങ്ങിന്റെ അപ്പാർട്ട്‌മെന്റിലെത്തിയത്. അവരെ വീടിനകത്തേക്ക് ക്ഷണിച്ച മധുലിക അവർക്ക് ചായയും വെള്ളവും നൽകി. ഗെയ്റ്റ് തകർത്ത് അകത്തുകയറാൻ ശ്രമിച്ച അക്രമികളെ മധുലിക ഒറ്റക്ക് നേരിട്ടാണ് തിരിച്ചയച്ചതെന്ന് ഇവരുടെ വീട്ടിൽ അഭയം തേടിയ മുഹമ്മദ് താലിബ്, ഡാനിഷ് എന്നിവർ പറഞ്ഞു.
''എല്ലായിടത്തും ജനങ്ങൾ ജീവനുംകൊണ്ട് ഓടുകയായിരുന്നു. വടിയുമായെത്തിയ അക്രമികൾ കടകൾ കൊള്ളയടിച്ചു. എന്നാൽ മധുലിക ദീദി ഞങ്ങളെ രക്ഷിച്ചു. ഒന്നും പേടിക്കേണ്ടെന്ന് അവർ പറഞ്ഞു. വർഷങ്ങളായി എല്ലാ സമുദായത്തിലുംപ്പെട്ട ആളുകൾ ഒരുമിച്ചാണ് ഈ മാർക്കറ്റിൽ കച്ചവടം ചെയ്യുന്നത്''-താലിബ് പറഞ്ഞു.
ഞങ്ങൾ അവർക്ക് ചായയും വെള്ളവും നൽകി. സംഘർഷം ശമിക്കുന്നതുവരെ പുറത്തിറങ്ങാൻ അനുവദിച്ചില്ല. 15-16 ആളുകളാണ് ഇവിടെ അഭയം തേടിയത്. അവരിൽ 13 പേരും മുസ്‌ലിംകളായിരുന്നു-മധുലിക സിങ്ങിന്റെ സഹോദരൻ സഞ്ജയ് പറഞ്ഞു.
കലാപകാരികൾ അക്രമിക്കാൻ സാധ്യതയുള്ളതുകൊണ്ട് മുസ്‌ലിം പുരുഷൻമാരെ പുറത്തിറങ്ങാൻ ഞങ്ങൾ അനുവദിച്ചില്ല. അവർ കടകൾക്ക് തീയിട്ടത് കണ്ടപ്പോൾ ഞാനും മറ്റു സ്ത്രീകളും ബക്കറ്റിൽ വെള്ളം കൊണ്ടുവന്ന് അത് അണയ്ക്കാൻ ശ്രമിക്കുകയായിരുന്നു- ഇതേ കോംപ്ലക്‌സിൽ സലൂൺ നടത്തുന്ന മിഥിലേഷ് സോണി പറഞ്ഞു.