'ഹമാസിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചു, ചിത്രയുടെ വിശ്വാസത്തിൽ ഇടതുപക്ഷത്തിന് അസഹിഷ്ണുത': രാജീവ് ചന്ദ്രശേഖർ
|ഇടത് സൈബര്‍പോരാളികള്‍ നടത്തുന്നത് നഗ്നമായ നിയമലംഘനമാണെന്നും കേന്ദ്രമന്ത്രി കുറിച്ചു
കെഎസ് ചിത്രയെ വിശ്വാസത്തിന്റെ പേരിൽ ഇടതുപക്ഷം ആക്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഹമാസിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച ഇടതുപക്ഷം വിശ്വാസവുമായി ബന്ധപ്പെട്ടതെന്തെങ്കിലും പോസ്റ്റുചെയ്യുമ്പോൾ ട്രോളുകളും ഭീഷണിയും സൈബർ അക്രമവും അഴിച്ചുവിടുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി.
"കേരളത്തിലെ ഏറ്റവും അസഹിഷ്ണുതയുള്ള വിഭാഗമാണ് ഇടതുപക്ഷം. ഹമാസിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നതിൽ അവർക്ക് കുഴപ്പമില്ല. പക്ഷേ 'തെക്കിന്റെ വാനമ്പാടി' കെ എസ് ചിത്ര അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ടതെന്തെങ്കിലും പോസ്റ്റുചെയ്യുമ്പോൾ, ഇടത് ട്രോളുകൾ - ഭീഷണിയും സൈബർ അക്രമവും അഴിച്ചുവിടുന്നു.
അവരുടെ വീഡിയോക്കുള്ള പ്രതികരണങ്ങളിൽ പലതും നിയമത്തിന്റെ നഗ്നമായ ലംഘനമാണ്. ഇടതുപക്ഷ കീബോർഡ് പോരാളികൾ തങ്ങളുടെ അസഹിഷ്ണുതയെ നിയമവിരുദ്ധതയിലേക്ക് കടത്തിവിടരുതെന്ന് ഞാൻ മുന്നറിയിപ്പ് നൽകുന്നു.
കെ എസ് ചിത്രയുടെ വിശ്വാസം ഞാൻ പങ്കുവെക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നു, ഒരു ഇടതുപക്ഷത്തിനും ആ വഴിയിൽ വരാൻ കഴിയില്ല.": രാജീവ് ചന്ദ്രശേഖർ എക്‌സിൽ കുറിച്ചു.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് കെഎസ് ചിത്ര പങ്കുവെച്ച ഒരു വീഡിയോയാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. പ്രതിഷ്ഠാ ദിവസം എല്ലാവരും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നുമാണ് ചിത്ര ആഹ്വാനം ചെയ്തിരുന്നു. ചിത്രയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക വിമർശനമാണ് ഉയരുന്നത്.
ചിത്രക്കെതിരെ ഗായകന്‍ സൂരജ് സന്തോഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത സൗകര്യപൂര്‍വം മറക്കുന്നുവെന്നും എത്ര എത്ര കെ.എസ് ചിത്രമാര്‍ തനിസ്വരൂപം കാട്ടാന്‍ ഇരിക്കുന്നുവെന്നുമായിരുന്നു സൂരജിന്റെ കുറിപ്പ്. എഴുത്തുകാരി ഇന്ദുമേനോനും രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു.