‘അയോധ്യയിൽ രാമനെ ആരാധിക്കാൻ അവസരമൊരുക്കിയത് രാജീവ് ഗാന്ധി’: രാമക്ഷേത്രത്തിനുള്ള പാർട്ടി സംഭാവനകൾ എണ്ണിപ്പറഞ്ഞ് കർണാടക കോൺഗ്രസ്
|ഫേസ്ബുക്ക് പേജിലാണ് രാമക്ഷേത്രം ഉയരാൻ പാർട്ടി നടത്തിയ പ്രവർത്തനങ്ങൾ എണ്ണിപ്പറയുന്നത്
ബംഗളുരു: അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ പാർട്ടി നടത്തിയ ശ്രമങ്ങളെ എണ്ണിപ്പറഞ്ഞ് കർണാടക കോൺഗ്രസ്. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് കർണാടക എന്ന ഫേസ്ബുക്ക് പേജിലാണ് രാമക്ഷേത്രം ഉയരാൻ പാർട്ടി നടത്തിയ പ്രവർത്തനങ്ങൾ എണ്ണിപ്പറയുന്നത്.
അയോധ്യയിൽ രാമനെ ആരാധിക്കാൻ ആദ്യമായി അവസരം ഒരുക്കിയത് രാജീവ് ഗാന്ധിയാണെന്നും ഓർമിപ്പിക്കുന്നുണ്ട് പോസ്റ്റ്. കർണാടക ബി.ജെ.പിയെ ടാഗ് ചെയ്തിട്ടിരിക്കുന്ന പോസ്റ്റിൽ രാമക്ഷേത്രം നിർമിക്കാൻ കോൺഗ്രസ് എടുത്ത ഓരോ ‘ചുവടുെവപ്പുകളും’ എണ്ണിപ്പറയുന്നുണ്ട്.
അയോധ്യയിൽ രാമനെ ആരാധിക്കാൻ ആദ്യമായി അവസരം ഒരുക്കിയത് രാജീവ് ഗാന്ധിയാണ്. 1985-86 കാലഘട്ടത്തിലാണിത്.1989-ൽ അതെ രാജീവ് ഗാന്ധിയാണ് വിശ്വഹിന്ദു പരിഷത്തിന് രാമക്ഷേത്രത്തിന്റെ തറക്കല്ലിടാൻ അനുമതി നൽകിയത്.അന്ന് രാജീവ് ഗാന്ധി ആദ്യ ചുവട് വെച്ചില്ലായിരുന്നെങ്കിൽ ബി.ജെ.പി ഇതിനെ കുറിച്ചൊന്നും ചിന്തിക്കുമായിരുന്നില്ല.
അധികാരം കൈയാളിയിരുന്ന കോൺഗ്രസ് സർക്കാരാണ് ടിവിയിലൂടെ രാമായണം സീരിയൽ സംപ്രേക്ഷണം ചെയ്യാനാരംഭിച്ചത്. അതുവഴി എല്ലാവർക്കും രാംലല്ലയെ കാണാൻ അവസരമൊരുക്കി.രാമനെയും അദ്ദേഹത്തിന്റെ ആദർശങ്ങളെയും തുടക്കം മുതലെ കോൺഗ്രസ് പിന്തുടരുന്നുവെന്നും പോസ്റ്റിൽ പറയുന്നു.
രാമരാജ്യം സ്വപ്നം കണ്ട മഹാത്മാഗാന്ധി കോൺഗ്രസിന്റെ ക്യാപ്റ്റനായിരുന്നു. നാഥുറാം ഗോഡ്‌സെയുടെ വെടിയേറ്റ് മഹാത്മാഗാന്ധി വീരമൃത്യു വരിക്കുമ്പോൾ ബി.ജെ.പിയെന്ന പാർട്ടി പിറന്നിട്ടില്ല. എന്നിട്ടും ‘ഹേ റാം’ എന്നായിരുന്നു ഗോഡ്സെയുടെ വെടിയേറ്റ് വീണപ്പോൾ ഗാന്ധിജി അവസാനമായി പറഞ്ഞ വാക്കെന്നും കുറിപ്പിലുണ്ട്.