'ഇന്ദിരയും രാജീവും മരിച്ചത് അപകടത്തില്‍, ആരും വധിച്ചതല്ല'; ഉത്തരാഖണ്ഡ് മന്ത്രി
|'രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ഭഗത് സിംഗ്, സവർക്കർ, ചന്ദ്രശേഖർ ആസാദ് എന്നിവർ രക്ഷസാക്ഷികളായിട്ടുണ്ട്'
ഡെറാഡൂൺ: മുൻ പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മരണത്തിൽ വിചിത്ര വാദവുമായി ഉത്തരാഖണ്ഡ് മന്ത്രി ഗണേഷ് ജോഷി. രാജീവും ഇന്ദിരയും അപകടത്തിൽ മരിച്ചതാണെന്നും അവരെ ആരും വധിച്ചതല്ലെന്നും മന്ത്രി പറഞ്ഞു. രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ലെന്നും കൃഷി മന്ത്രി കൂടിയായ ഗണേഷ് ജോഷി പറഞ്ഞു.
'രാഹുൽ ഗാന്ധിയുടെ ബുദ്ധിമോശത്തിൽ ഖേദം തോന്നുന്നു. രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ഭഗത് സിംഗ്, സവർക്കർ, ചന്ദ്രശേഖർ ആസാദ് എന്നിവർ രക്ഷസാക്ഷികളായിട്ടുണ്ട്. എന്നാൽ ഗാന്ധി കുടുംബത്തിലെ അംഗങ്ങൾക്ക് സംഭവിച്ചത് വെറും അപകടങ്ങളായിരുന്നു. അപകടങ്ങളും രക്ഷസാക്ഷിത്വവും തമ്മിൽ വ്യത്യാസമുണ്ട്'.. ജോഷി പറഞ്ഞു.
ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകത്തെക്കുറിച്ച് ഫോണിലൂടെ കേൾക്കേണ്ടിവരുന്ന അവസ്ഥയെക്കുറിച്ച് രാഹുൽ സംസാരിച്ചിരുന്നു. അക്രമത്തിന് പ്രേരിപ്പിക്കുന്നവർക്കൊന്നും ആ അവസ്ഥ മനസിലായിരുന്നെന്നും മോദിക്കും അമിത്ഷാക്കും ആർ.എസ്.എസിനും ആ വേദന മനസിലാകില്ലെന്നും രാഹുൽ പറഞ്ഞിരുന്നു.
രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. ഭാരത് ജോഡോയാത്രയുടെ സമാപനസമ്മേളനം സുഗമമായി നടക്കാൻ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും മന്ത്രി പറഞ്ഞു. എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രിക്കാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയില്ലെങ്കിൽ ജമ്മു കശ്മീരിൽ സാധാരണ നിലയിലെത്തില്ലായിരുന്നു. അങ്ങനെയെങ്കിൽ ലാൽ ചൗക്കിൽ രാഹുൽ ഗാന്ധിക്ക് ദേശീയ പതാക ഉയർത്താൻ കഴിയുമായിരുന്നില്ല. ജമ്മു കശ്മീരിൽ അക്രമം അതിന്റെ ഉച്ചസ്ഥായിയിൽ ആയിരിക്കുമ്പോഴാണ് ബിജെപി നേതാവ് മുരളി മനോഹർ ലാൽ ചൗക്കിൽ ത്രിവർണ്ണ പതാക ഉയർത്തിയതെന്നും മന്ത്രി ഗണേഷ് ജോഷി പറഞ്ഞു.