രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചത് ക്രൂരമായ രീതിയില്‍: സോണിയ ഗാന്ധി
|വിദ്വേഷവും ഭിന്നിപ്പും വളർത്തുന്ന ശക്തികൾ കൂടുതൽ സജീവമാകുന്ന ഇക്കാലത്ത് സാമുദായിക സൗഹാർദം, സമാധാനം, ദേശീയ ഐക്യം എന്നീ ആശയങ്ങൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നതായി സോണിയ ഗാന്ധി
ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി തന്‍റെ കുറഞ്ഞകാലത്തെ രാഷ്ട്രീയ ജീവിതത്തിനിടെ എണ്ണമറ്റ നേട്ടങ്ങള്‍ കൈവരിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. അദ്ദേഹത്തിന്‍റെ ജീവിതം അവസാനിച്ചത് ക്രൂരമായ രീതിയിലാണെന്നും സോണിയ പറഞ്ഞു. 25മത് രാജീവ് ഗാന്ധി ദേശീയ സദ്ഭാവന അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സോണിയ.
"രാജ്യത്തെ സേവിക്കാന്‍ കുറച്ചു സമയമേ ലഭിച്ചുള്ളൂ എങ്കിലും നിരവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ രാജീവ് ഗാന്ധിക്കായി. രാജ്യത്തിന്റെ വൈവിധ്യത്തെ അദ്ദേഹം പരിഗണിച്ചു. സ്ത്രീ ശാക്തീകരണത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചു. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മൂന്നിലൊന്ന് വനിതാ സംവരണം കൊണ്ടുവരാന്‍ ശ്രമിച്ചു. ഇന്ന് 15 ലക്ഷത്തിലധികം തെരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികള്‍ തദ്ദേശ ഭരണത്തിലുണ്ടെങ്കില്‍ അത് രാജീവ് ഗാന്ധിയുടെ കഠിനാധ്വാനവും ദീർഘവീക്ഷണവും കാരണമാണ്. വോട്ട് ചെയ്യാനുള്ള പ്രായം 21 വയസില്‍ നിന്നും 18 ആയി കുറച്ചത് അദ്ദേഹത്തിന്‍റെ സര്‍ക്കാരാണ്"- സോണിയ ഗാന്ധി പറഞ്ഞു.
വിദ്വേഷവും ഭിന്നിപ്പും പക്ഷപാത രാഷ്ട്രീയവും വളർത്തുന്ന ശക്തികൾ കൂടുതൽ സജീവമാകുന്ന ഇക്കാലത്ത് സാമുദായിക സൗഹാർദം, സമാധാനം, ദേശീയ ഐക്യം എന്നീ ആശയങ്ങൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നതായി സോണിയ ഗാന്ധി പറഞ്ഞു. 2020-21ലെ 25-ാമത് രാജീവ് ഗാന്ധി ദേശീയ സദ്ഭാവന അവാർഡ് രാജസ്ഥാനിലെ സ്ത്രീകൾക്കുള്ള റെസിഡൻഷ്യൽ സ്ഥാപനമായ ബനസ്തലി വിദ്യാപീഠത്തിന് സമ്മാനിച്ചു. രാജീവ് ഗാന്ധിയുടെ 79ആം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ ജവഹര്‍ ഭവനിലാണ് പരിപാടി നടന്നത്.
1984ൽ അമ്മയും അന്നത്തെ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടർന്നാണ് രാജീവ് ഗാന്ധി കോൺഗ്രസിന്‍റെ ചുമതലയേറ്റത്. 1984 ഒക്ടോബറിൽ 40-ാം വയസ്സിൽ അധികാരമേറ്റപ്പോൾ അദ്ദേഹം ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി. 1989 ഡിസംബർ 2 വരെ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. 1991 മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ ചാവേറാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.