'യുദ്ധസമയത്ത് ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചു'; ഇന്ദിരാ ഗാന്ധിയെ പുകഴ്ത്തി രാജ്‌നാഥ് സിങ്
|റാണി ലക്ഷ്മി ഭായിയെക്കുറിച്ചും മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെക്കുറിച്ച് രാജ്‌നാഥ് സിങ് പുകഴ്ത്തി സംസാരിച്ചു. രാജ്യത്തിന്റെ വികസനത്തിൽ സ്ത്രീശക്തിയുമായി യോജിച്ച് പ്രവർത്തിക്കുന്നതിൽ ഇന്ത്യക്ക് നല്ല അനുഭവ പാരമ്പര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ പുകഴ്ത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇന്ദിരാ ഗാന്ധിയെ വർഷങ്ങളോളം രാജ്യത്തെ നയിക്കുക മാത്രമല്ല ചെയ്തത്, യുദ്ധസമയത്തും അവർ രാജ്യത്തെ മുന്നിൽ നിന്ന് നയിച്ചെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ ഇന്ദിരാ ഗാന്ധിയുടെ നേതൃപാടവം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രശംസ. സായുധ സേനയിലെ സ്ത്രീകൾ എന്ന വിഷയത്തിൽ ഷാങ്ഹായി കോ ഓപറേഷൻ ഓർഗനൈസേഷൻ നടത്തിയ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Speaking at the SCO-International Webinar on 'Role of Women in the Armed Forces'. https://t.co/hz6kAxM5wQ
— Rajnath Singh (@rajnathsingh) October 14, 2021
റാണി ലക്ഷ്മി ഭായിയെക്കുറിച്ചും മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെക്കുറിച്ച് രാജ്‌നാഥ് സിങ് പുകഴ്ത്തി സംസാരിച്ചു. രാജ്യത്തിന്റെ വികസനത്തിൽ സ്ത്രീശക്തിയുമായി യോജിച്ച് പ്രവർത്തിക്കുന്നതിൽ ഇന്ത്യക്ക് നല്ല അനുഭവ പാരമ്പര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സേനയിൽ ലഫ്റ്റനന്റ് ജനറൽ റാങ്കിലും സമാനമായ പദവികളിലും നിരവധി സ്ത്രീകൾ എത്തുകയും വെല്ലുവിളി നേരിടുന്ന സാഹചര്യങ്ങളിൽ അവർ സ്ത്രീകളെയും പുരുഷൻമാരെയും നയിക്കുകയും ചെയ്തു എന്നതിൽ അതിശയമില്ല. 1992 മുതൽ ഇന്ത്യൻ സൈന്യത്തിൽ സ്ത്രീകളെ ഉൾപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. സമീപഭാവിയിൽ ആർമി യൂണിറ്റുകളേയും ബറ്റാലിയനുകളേയും സ്ത്രീകൾ നയിക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.