India
ലക്ഷദ്വീപിൽ ഗാന്ധിപ്രതിമയ്ക്ക് വിലക്കെന്ന് സംഘ്പരിവാർ വ്യാജപ്രചാരണം; നാട്ടുകാരുടെ പിന്തുണയോടെ പ്രതിമ അനാച്ഛാദനം ചെയ്ത് രാജ്‍നാഥ് സിങ്
India

ലക്ഷദ്വീപിൽ ഗാന്ധിപ്രതിമയ്ക്ക് വിലക്കെന്ന് സംഘ്പരിവാർ വ്യാജപ്രചാരണം; നാട്ടുകാരുടെ പിന്തുണയോടെ പ്രതിമ അനാച്ഛാദനം ചെയ്ത് രാജ്‍നാഥ് സിങ്

Web Desk
|
4 Oct 2021 1:56 PM GMT

ലക്ഷദ്വീപിലെ മുസ്‌ലിം ജനതയുടെ ദേശസ്‌നേഹത്തില്‍ ആര്‍ക്കും സംശയിക്കാനാകില്ലെന്ന് പ്രതിമ അനാച്ഛാദന ചടങ്ങില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു

പ്രാദേശിക സംസ്‌കാരവും മതപരമായ വിലക്കും ചൂണ്ടിക്കാട്ടി ലക്ഷദ്വീപിൽ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നത് നാട്ടുകാർ തടയുന്നതായുള്ള സംഘ്പരിവാർ പ്രചാരണം കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായിരുന്നു. എന്നാൽ, ഇത്തരം പ്രചാരണങ്ങൾ പൊളിക്കുകയാണ് കഴിഞ്ഞ ദിവസം 152-ാം ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ദ്വീപിൽ നടന്ന ചടങ്ങ്. കവരത്തിയിൽ നാട്ടുകാരുടെ പൂർണ പിന്തുണയോടെയും പങ്കാളിത്തത്തോടെയും നടന്ന ചടങ്ങിലാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തത്.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ അടക്കമുള്ള പ്രമുഖരാണ് ചടങ്ങിൽ പങ്കെടുത്തത്. നാടോടി നൃത്തങ്ങളടക്കം നടന്ന ചടങ്ങ് വീക്ഷിക്കാൻ നാട്ടുകാരുമെത്തിയിരുന്നു. ലക്ഷദ്വീപിലെ മുസ്‌ലിം ജനതയുടെ ദേശസ്‌നേഹത്തില്‍ സംശയം വേണ്ടെന്ന് ചടങ്ങില്‍ രാജ്‌നാഥ് സിങ് വ്യക്തമാക്കുകയും ചെയ്തു. ദ്വീപ് ജനതയുടെ ദേശസ്‌നേഹത്തെക്കുറിച്ച് സംശയിക്കാനോ ചോദ്യം ചെയ്യാനോ ഭൂമിയിലൊരാള്‍ക്കുമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2010ൽ ഗാന്ധിജയന്തി ദിനത്തിൽ കവരത്തിയിൽ അനാച്ഛാദനം ചെയ്യാനായി കപ്പലിൽ കൊണ്ടുവന്ന പ്രതിമ ദ്വീപുകാരുടെ എതിർപ്പുകാരണം കൊച്ചിയിലേക്ക് തിരിച്ചയക്കേണ്ടിവന്നെന്നായിരുന്നു സമൂഹമാധ്യമങ്ങളിലടക്കം സംഘ്പരിവാർ അനുകൂലികൾ പ്രചരിപ്പിച്ചത്. ഇപ്പോഴും ഗാന്ധിപ്രതിമയ്ക്ക് ദ്വീപിൽ അപ്രഖ്യാപിതവിലയ്ക്ക് തുടരുന്നുണ്ടെന്നും വാദമുണ്ടായി. ശരീഅത്ത് നിയമപ്രകാരം പ്രതിമ സ്ഥാപിക്കുന്നതിനും ആരാധിക്കുന്നതിനുമെല്ലാം വിലക്കുള്ളതാണ് നാട്ടുകാരുടെ എതിർപ്പിനു കാരണമെന്നായിരുന്നു പ്രചാരണം. കൊച്ചിയിൽ സംഘ്പരിവാർ സംഘടനകൾ പ്രതിഷേധിച്ചതോടെ പ്രതിമ വീണ്ടും ഇതേ കപ്പലിൽ കവരത്തിയിലെത്തിച്ചെന്നും ദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ വസതിയിൽ ഒളിപ്പിച്ചെന്നുമായിരുന്നു വാദം.

എന്നാൽ, ഇത് സംഘ്പരിവാറുകാർ നിർമിച്ചെടുത്ത കഥയാണെന്ന് നേരത്തെ ലക്ഷദ്വീപ് മാധ്യമമായ 'ദ്വീപ് ഡയറി' വ്യക്തമാക്കിയിരുന്നു. മോശം കാലാവസ്ഥയെ തുടർന്നായിരുന്നു പ്രതിമ ദ്വീപിൽ ഇറക്കാൻ കഴിയാതിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. അന്നത്തെ കലക്ടർ എൻ. വസന്തകുമാറിനെ ഉദ്ധരിച്ചായിരുന്നു 'ദ്വീപ് ഡയറി'യുടെ റിപ്പോർട്ട്.

Similar Posts