വികാരാധീനനായി വെങ്കയ്യ നായിഡു; ഉപരാഷ്ട്രപതിക്ക് യാത്രയയപ്പ് നൽകി രാജ്യസഭ
|സഭയെ നയിക്കാനുള്ള ഉത്തരവാദിത്വം അവസാനിച്ചെങ്കിലും സഭാ അധ്യക്ഷൻ എന്ന നിലയിലുള്ള വെങ്കയ്യ നായിഡുവിന്റെ സേവനങ്ങൾ ഭാവിയിൽ ഏറെക്കാലം രാജ്യത്തിന് ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി
ഡൽഹി: വിരമിക്കുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് യാത്രയയപ്പ് നൽകി രാജ്യസഭ. പ്രധാന മന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ പാർട്ടി നേതാക്കളും വിരമിക്കുന്ന സഭാ അധ്യക്ഷന്റെ സേവനത്തെ പ്രശംസിച്ചു. വെങ്കയ്യ നായിഡുവിന്റെ സേവനം വരും കാലവും രാജ്യത്തിന് ഗുണം ചെയ്യുമെന്ന് യാത്രയയപ്പ് വേളയിൽ നരേന്ദ്ര മോദി പറഞ്ഞു.
കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ആണ് നേതാക്കൾ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് യാത്രയയപ്പ് നൽകുന്ന ചടങ്ങിൽ പങ്കെടുത്തത്. സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെങ്കിലും പൊതു പ്രവർത്തന രംഗത്ത് തുടരുമെന്നാണ് വെങ്കയ്യ നായിഡു പറയാറുള്ളത്. സഹപ്രവർത്തകനായും സഭാ അധ്യക്ഷനായും വെങ്കയ്യ നായിഡു നൽകിയ സേവനങ്ങളെ നേതാക്കൾ ഓർത്തെടുത്തു. സഭയെ നയിക്കാനുള്ള ഉത്തരവാദിത്വം അവസാനിച്ചെങ്കിലും സഭാ അധ്യക്ഷൻ എന്ന നിലയിലുള്ള വെങ്കയ്യ നായിഡുവിന്റെ സേവനങ്ങൾ ഭാവിയിൽ ഏറെക്കാലം രാജ്യത്തിന് ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രയയപ്പ് ചടങ്ങിൽ പറഞ്ഞു.
വ്യത്യസ്ത ആശയങ്ങൾ പിന്തുടരുമ്പോഴും സമ്മർദങ്ങളെ അതിജീവിച്ച് രാജ്യസഭാ സ്പീക്കർ എന്ന കർത്തവ്യം നിറവേറ്റിയ വെങ്കയ്യ നായിഡുവിനെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും അഭിനന്ദിച്ചു.
വെങ്കയ്യ നായിഡുവിന്റെ ബാല്യത്തെ കുറിച്ച് തൃണമൂൽ നേതാവ് ഡെറിക് ഒബ്രെയിൻ സംസാരിച്ചപ്പോൾ ഉപരാഷ്ട്രപതി വികാരാധീനനായി. 2017ൽ ഉപരാഷ്ട്രപതിയായി സ്ഥാനം ഏറ്റെടുത്ത വെങ്കയ്യ നായിഡുവിന്റെ കാലാവധി ബുധനാഴ്ചയാണ് പൂർത്തിയാകുന്നത്.