India
The plight of women in the country will be reversed; Sonia Gandhi,loksabha elections 2024,mahalakshmi scheme,latest news,
India

1.26 കിലോ സ്വർണം, ഇറ്റലിയിൽ 26 ലക്ഷത്തിന്റെ സ്വത്ത്; സോണിയയുടെ ആസ്തിയിൽ 72 ലക്ഷം രൂപയുടെ വർധന

Web Desk
|
16 Feb 2024 10:40 AM GMT

രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരം വെളിപ്പെടുത്തിയത്

ജയ്പൂർ: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിക്ക് 12.53 കോടി രൂപയുടെ ആസ്തി. രാജസ്ഥാനിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥിയായ സോണിയയുടെ ആസ്തിയിൽ അഞ്ചുവർഷം കൊണ്ട് 72 ലക്ഷം രൂപയുടെ വർധനവാണുണ്ടായത്. രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരം വെളിപ്പെടുത്തിയത്.

ഇറ്റലിയിലെ തറവാട്ടുസ്വത്തിൽ സോണിയക്ക് ഓഹരിയുണ്ട്. ഏകദേശം 26 ലക്ഷത്തിലധികം വിലമതിക്കുന്നതാണ് ഈ സ്വത്ത്. കൂടാതെ സോണിയയുടെ കൈവശം 88 കിലോ വെള്ളിയും 1.26 കിലോ സ്വർണാഭരണങ്ങളുമുണ്ട്. ഡൽഹിയിലെ ദേരാ മാണ്ഡി ഗ്രാമത്തിൽ സോണിയയ്ക്ക് 2529.28 ചതുരശ്ര മീറ്റർ കൃഷിഭൂമിയുണ്ട്. അതിന്റെ മൊത്തം വിപണി മൂല്യം 5.88 കോടി രൂപയാണ്. എംപി എന്ന നിലയിലുള്ള ശമ്പളം, റോയൽറ്റി വരുമാനം, ബാങ്ക് നിക്ഷേപങ്ങളുടെ പലിശ, മ്യൂച്വൽ ഫണ്ടുകളിൽ നിന്നുള്ള ലാഭവിഹിതം, മൂലധന നേട്ടം എന്നിവയും വരുമാന സ്രോതസ്സുകളായി സോണിയ പരാമർശിച്ചിട്ടുണ്ട്.

പുസ്തകങ്ങളിൽ നിന്നും സോണിയാഗാന്ധിക്ക് റോയൽറ്റി ലഭിക്കുന്നുണ്ട്. പ്രമുഖ പ്രസാധകരായ പെൻഗ്വിൻ ബുക്ക് ഇന്ത്യ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്, ആനന്ദ പബ്ലിഷേഴ്സ്, കോണ്ടിനെന്റൽ പബ്ലിക്കേഷൻസ് എന്നിവയുമായി സോണിയയ്ക്ക് കരാറുകളുണ്ട്.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസിൽ നിന്ന് 1.69 ലക്ഷം രൂപ റോയൽറ്റി ലഭിച്ചതായി സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്. എന്നാൽ സോണിയാഗാന്ധിയുടെ പേരിൽ സ്വന്തമായി വാഹനങ്ങളൊന്നുമില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

അതേസമയം, തെരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കുന്നതിനെക്കുറിച്ച് റായ് ബറേലിയിലെ വോട്ടർമാർക്ക് സോണിയാഗാന്ധി കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു. ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് മാറി നിൽക്കുന്നതെന്ന് വോട്ടർമാർക്ക് എഴുതിയ കത്തിൽ പറയുന്നു.

രാജസ്ഥാനിൽ നിന്ന് രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് കത്തെഴുതിയത്. 'റായ്ബറേലിയുമായുള്ള അടുത്ത ബന്ധം വളരെ പഴക്കമുള്ളതാണ്.റായ്ബറേലിയുമായുള്ള ഞങ്ങളുടെ കുടുംബത്തിന്റെ ബന്ധം വളരെ ആഴത്തിലുള്ളതാണ്. സ്വാതന്ത്ര്യാനന്തരം നടന്ന ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിങ്ങൾ എന്റെ ഭാര്യാപിതാവ് ഫിറോസ് ഗാന്ധിയെ ഇവിടെ നിന്ന് വിജയിപ്പിച്ച് ഡൽഹിയിലേക്ക് അയച്ചു.അദ്ദേഹത്തിനു ശേഷം നിങ്ങൾ എന്റെ അമ്മായിയമ്മ ഇന്ദിരാഗാന്ധിയെ നിങ്ങളുടെ ഒപ്പം നിർത്തി. ആരോഗ്യവും പ്രായവും കാരണം ഞാൻ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഇനി നിങ്ങളെ സേവിക്കാൻ എനിക്ക് അവസരം ഉണ്ടാകില്ല. എന്നാൽ എന്റെ ഹൃദയം എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും'... സോണിയ കത്തിൽ പറഞ്ഞു.

Similar Posts