രാജ്യസഭാ വോട്ടെടുപ്പ് ഇന്ന്: എം.എൽ.എമാർ കൂറുമാറുമോയെന്ന ഭയത്തിൽ പാർട്ടികൾ
|15 രാജ്യസഭാ അംഗങ്ങളെ ഇന്ന് തെരഞ്ഞെടുക്കും
ന്യൂഡൽഹി: രാജ്യസഭാ അംഗങ്ങളെ തെരഞ്ഞെടുക്കാൻ വിവിധ നിയമസഭകൾ ഇന്ന് വോട്ട് ചെയ്യും. 15 അംഗങ്ങളെ തെരഞ്ഞെടുക്കാനാണ് വോട്ടെടുപ്പ്. എംഎൽഎമാർ കൂറുമാറി വോട്ട് ചെയ്യുമോയെന്ന ഭയം എല്ലാ പാർട്ടികളെയും അലട്ടുന്നുണ്ട്.
ഒഴിവ് വന്ന 56 സീറ്റുകളിൽ 41 പേര് എതിരില്ലാതെയാണ് തെരെഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്രമന്ത്രിമാരായ അശ്വനി വൈഷ്ണവ്, എൽ മുരുകൻ, ബിജെപിയിൽ ചേർന്ന മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാൻ എന്നിവർ തെരെഞ്ഞെടുക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. 20 പേരെ ബിജെപിയും ആറ് പേരെ കോൺഗ്രസും നാല് പേരെ തൃണമൂൽ കോൺഗ്രസും സഭയിൽ എത്തിച്ചു. വൈഎസ്ആർ കോൺഗ്രസ് മൂന്നും ആർജെഡിയും ബിജെഡിയും രണ്ടും അംഗങ്ങളെയും നേടി. എൻസിപി, ശിവസേന, ബിആർഎസ്, ജെഡിയു എന്നീ പാർട്ടികൾ ഓരോ അംഗങ്ങളെ സ്വന്തമാക്കി.
കർണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാന നിയമസഭകളിലെ മത്സരമാണ് പാർട്ടികളുടെ നെഞ്ചിടിപ്പ് ഉയർത്തുന്നത്. കർണാടകയിലെ ഒഴിവും അംഗബലവുമായി താരതമ്യം ചെയ്യുമ്പോൾ 45 വോട്ടാണ് ജയിക്കാൻ വേണ്ടത്. ഒഴിവുകൾ നാല്. 136 എംഎൽഎമാരുള്ള കോൺഗ്രസിന് മൂന്നു പേരെ ജയിപ്പിക്കാൻ കഴിയും. എന്നാൽ രണ്ട് എംഎൽഎമാർ മാറ്റിക്കുത്തിയാൽ കോൺഗ്രസ് സ്ഥാനാർഥി തോൽക്കും. നേരത്തെ കോൺഗ്രസിന്റെ പാളയത്തിലെ പടയിൽ ഹരിയാനയിൽ തോറ്റ എഐസിസി ഖജാൻജി അജയ് മാക്കൻ ഇവിടെ മത്സരാർഥികളിൽ ഒരാളാണ്. ബിജെപി -ജെഡിഎസ് സഖ്യത്തിന് 85 എംഎൽഎമാരാണ്. രണ്ടാളെ ജയിപ്പിക്കാൻ ശേഷിയില്ലെങ്കിലും രണ്ടാമനായി വ്യവസായിയായ കുപേന്ദ്ര റെഡ്ഢിയെ ജെഡിഎസ് രംഗത്തിറക്കിയതാണ് കോൺഗ്രസിനെ ആശങ്കയിൽ ആഴ്ത്തുന്നത്.
ഏഴ് പേരെ ജയിപ്പിക്കാൻ വോട്ടുള്ള യുപി നിയമസഭയിൽ എട്ടാമനായി ബിജെപി സഞ്ജയ് സേഥ് എന്ന വ്യവസായിയെ കളത്തിലിറക്കി. മൂന്ന് എംപിമാരെ ജയിപ്പിക്കാൻ വോട്ടുള്ള സമാജ് വാദി പാർട്ടിക്കാണ് ഇവിടെ ആശങ്ക. വിപ്പ് ലംഘിച്ചാൽ അയോഗ്യതയാകില്ലെന്നതാണ് പാർട്ടികളെ വലയ്ക്കുന്നത്.