India
രാജ്യസഭാ തെരഞ്ഞെടുപ്പ്: മഹാരാഷ്ട്രയിൽ ഭരണകക്ഷിക്ക് തിരിച്ചടി; ഹരിയാനയിൽ നാടകീയ വഴിത്തിരിവ്
India

രാജ്യസഭാ തെരഞ്ഞെടുപ്പ്: മഹാരാഷ്ട്രയിൽ ഭരണകക്ഷിക്ക് തിരിച്ചടി; ഹരിയാനയിൽ നാടകീയ വഴിത്തിരിവ്

Web Desk
|
11 Jun 2022 10:02 AM GMT

മഹാരാഷ്ട്ര, രാജസ്ഥാൻ, ഹരിയാന, കർണാടക എന്നീ നാല് സംസ്ഥാനങ്ങളിൽ നിന്നുള്ള 16 സീറ്റുകളിലേക്കാണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്.

മുംബൈ: മഹാരാഷ്ട്രയിൽ ആറ് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ മഹാവികാസ് അഘാഡിക്ക് തിരിച്ചടി. രണ്ടുപേരെ തിരഞ്ഞെടുക്കാൻ ശേഷിയുണ്ടായിരുന്ന ബിജെപി മൂന്നു സീറ്റുകൾ നേടി.

ശിവസേന, കോൺഗ്രസ്, എൻസിപി പാർട്ടികൾക്ക് ഓരോ സീറ്റ് വീതം ലഭിച്ചു. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, അനിൽ ബോണ്ടെ, ധനഞ്ജയ് മഹാദിക് എന്നിവരാണ് ബിജെപി ടിക്കറ്റിൽ വിജയിച്ചത്. മുൻ കേന്ദ്രമന്ത്രി പ്രഫുൽ പട്ടേൽ (എൻസിപി), ഉർദു കവിയും ന്യൂനപക്ഷ സെൽ നേതാവുമായ ഇമ്രാൻ പ്രതാപ്ഗരി (കോൺഗ്രസ്), സഞ്ജയ് റാവത്ത് (ശിവസേന) എന്നിവരും ജയിച്ചു.



രാജ്യസഭയിൽ 57 സീറ്റുകളാണ് ഒഴിവുള്ളത്. ഇതിൽ 11 സംസ്ഥാനങ്ങളിൽ നിന്നായി 41 പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്ര, രാജസ്ഥാൻ, ഹരിയാന, കർണാടക എന്നീ നാല് സംസ്ഥാനങ്ങളിൽ നിന്നുള്ള 16 സീറ്റുകളിലേക്കാണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്.

ഹരിയാനയിൽ മുതിർന്ന നേതാവും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമായ അജയ് മാക്കന്റെ അപ്രതീക്ഷിത തോൽവി കോൺഗ്രസിന് കനത്ത തിരിച്ചടിയായി. തെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റുകളിലും ബിജെപി പ്രതിനിധികൾ ജയിച്ചുവെന്ന് ശനിയാഴ്ച പുലർച്ചെയോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ബിജെപി സ്ഥാനാർഥിയായ കൃഷൻ പൻവാറും ബിജെപി-ജെജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയും മാധ്യമ മേധാവിയുമായ കാർത്തികേയ ശർമയുമാണ് വിജയിച്ചത്.



കോൺഗ്രസ് എംഎൽഎ കാലുവാരിയതാണ് അജയ് മാക്കന്റെ പരാജയത്തിന് കാരണം. അദംപൂരിലെ കോൺഗ്രസ് എംഎൽഎ ആയ കുൽദീപ് ബിഷ്‌ണോയി ബിജെപിക്ക് വോട്ട് ചെയ്‌തെന്ന് ഹരിയാന മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹർലാൽ ഖട്ടാർ അവകാശപ്പെട്ടു. ബിജെപിയുടെ തത്വങ്ങളിലും നയങ്ങളിലും ബിഷ്‌ണോയി വിശ്വാസം പ്രകടിപ്പിച്ചെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഖട്ടാർ പറഞ്ഞു.

ബിജെപി എംഎൽഎമാരെ ചാക്കിട്ടുപിടിക്കുന്നത് തടയാൻ ഹരിയാനയിലെ കോൺഗ്രസ് എംഎൽഎമാരെ ഛത്തീസ്ഗഢിലെ റിസോർട്ടിൽ താമസിപ്പിച്ച ശേഷമാണ് വോട്ടിങ്ങിനായി കൊണ്ടുവന്നത്. ഇത്തരം ശ്രമങ്ങൾ നടത്തിയിട്ടും എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കന്റെ തോൽവി കോൺഗ്രസിന് വലിയ നാണക്കേടാണ് സൃഷ്ടിച്ചത്. ഇതിനിടെ സ്വന്തം എംഎൽഎ കാലുവാരിയതറിയാതെ കോൺഗ്രസ് ആഘോഷം നടത്തിയതും നാണക്കേട് വർധിപ്പിച്ചു. അജയ് മാക്കന് ആശംസകളറിയിച്ച് കോൺഗ്രസ് നേതാക്കളും പാർട്ടി ഔദ്യോഗിക പേജുകളും ട്വീറ്റ് ചെയ്തു. ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ട്വീറ്റുകൾ പിൻവലിക്കേണ്ടി വന്നു.

90 അംഗങ്ങളാണ് ഹരിയാന നിയമസഭയിലുള്ളത്. ഇതിൽ ഒരു സ്വതന്ത്ര അംഗം വോട്ടെടുപ്പിന് എത്തിയില്ല. ഒരു കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായി. ഇതോടെ ആകെ സാധുവായ വോട്ട് 88 ആയി. ഇതോടെ ഓരോ സ്ഥാനാർഥിക്കും ജയിക്കാൻ വേണ്ടത് 29.34 വോട്ടുകളായിരുന്നു. കോൺഗ്രസിന്റെ അജയ് മാക്കന് 29 വോട്ടുകളെ നേടാനായുള്ളൂ. ബിജെപി പിന്തുണയുള്ള സ്വതന്ത്രൻ കാർത്തികേയ ശർമയ്ക്ക് നേരിട്ട് 23 വോട്ടുകളാണ് ലഭിച്ചത്. ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർഥിയായ കൃഷൻ പൻവാറിന് ലഭിച്ച 6.65 അധിക വോട്ടുകൾ കാർത്തികേയ ശർമയ്ക്ക് മാറ്റികൊണ്ടാണ് അദ്ദേഹത്തെ വിജയിപ്പിച്ചെടുത്തത് എന്നാണ് ഖട്ടാർ പറയുന്നത്.



പുലർച്ചെ ഒന്നരയോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെണ്ണലിന് അനുമതി നൽകിയതോടെ കോൺഗ്രസ് ആഘോഷം തുടങ്ങിയിരുന്നു. പിന്നീട് മാക്കൻ തോറ്റെന്ന് പ്രഖ്യാപനം വന്നു. വീണ്ടും വോട്ടെണ്ണണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കോൺഗ്രസ് രേഖാമൂലം ആവശ്യപ്പെട്ടില്ലെങ്കിലും റീ കൗണ്ടിങ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കൃപ കാണിച്ചെന്ന് ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിക്ക് വോട്ട് മറിച്ചെന്ന് പറയുന്ന കുൽദീപ് ബിഷ്ണോയി നേരത്തെ തന്നെ കോൺഗ്രസ് നേതൃത്വുമായി ഇടഞ്ഞുനിൽക്കുന്ന എംഎൽഎയാണ്. കോൺഗ്രസ് എംഎൽഎമാരെ ഛത്തീസ്ഗഢിലെ റിസോർട്ടിലേക്ക് മാറ്റിയിരുന്നെങ്കിലും കുൽദീപ് ബിഷ്ണോയി പോകാൻ കൂട്ടാക്കായിരുന്നില്ല. ഹരിയാന കോൺഗ്രസ് അധ്യക്ഷ സ്ഥാനം നിരസിക്കപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം പാർട്ടിയുമായി അകന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് രാഹുൽ ഗാന്ധിയെ കാണാൻ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിൽ സമയം അനുവദിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ നടന്ന കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ നിന്നും ഇയാൾ വിട്ടുനിന്നിരുന്നു.

രാജസ്ഥാനിൽ വോട്ടെടുപ്പ് നടന്ന നാല് രാജ്യസഭാ സീറ്റുകളിൽ മൂന്നിടത്തും കോൺഗ്രസ് വിജയിച്ചു. പ്രമോദ് തിവാരി, മുകുൾ വാസ്നിക്, രൺദീപ് സിങ് സുർജേവാല എന്നിവരാണ് വിജയിച്ചത്. ഒരു സീറ്റിൽ ബിജെപി വിജയിച്ചു. ഘനശ്യാം തിവാരിയാണ് വിജയിച്ചത്.

ബിജെപി പിന്തുണച്ച സീ ചാനൽ ചെയർമാൻ സുഭാഷ് ചന്ദ്ര പരാജയപ്പെട്ടു. കോൺഗ്രസ് എംഎൽഎമാരുടെ ഐക്യം ബിജെപിക്ക് ഉചിതമായ മറുപടി നൽകിയെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു. വിജയം കോൺഗ്രസിന്റേതല്ല, ജനാധിപത്യത്തിന്റേതാണെന്ന് അദ്ദേഹം പറഞ്ഞു.

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിലുണ്ടായ തർക്കം മുതലെടുക്കാനായാണ് ബിജെപി ഒരു സീറ്റിൽ സ്വതന്ത്രനെ പിന്തുണച്ചത്. എന്നാൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ തന്ത്രങ്ങളാണ് കോൺഗ്രസിന് മൂന്നാം സീറ്റിലും വിജയം സമ്മാനിച്ചത്.

കർണാടകയിൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ നാലിൽ മൂന്ന് സീറ്റും ബിജെപി സ്വന്തമാക്കി. കോൺഗ്രസ് ഒരു സീറ്റിൽ ജയിച്ചു. എന്നാൽ ജനതാദൾ സെക്കുലറിന് ഒരു സീറ്റിലും വിജയിക്കാനായില്ല.നിർമല സീതാരാമൻ, ജഗ്ഗേഷ്, ലെഹർ സിങ് എന്നിവരാണ് വിജയിച്ച ബിജെപി സ്ഥാനാർഥികൾ. ജയറാം രമേശാണ് വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി.

അംഗസംഖ്യ അനുസരിച്ച് ബിജെപിക്ക് രണ്ട് സീറ്റും കോൺഗ്രസിന് ഒരു സീറ്റും ഉറപ്പായിരുന്നു. ബാക്കിയുള്ള ഒരു സീറ്റ് ആർക്ക് ലഭിക്കും എന്നതായിരുന്നു അറിയാനുണ്ടായിരുന്നത്. ബിജെപിയെ തോൽപ്പിക്കും എന്ന് പ്രഖ്യാപിച്ച് കോൺഗ്രസും ജെഡിഎസും സ്ഥാനാർഥികളെ മത്സരിപ്പിച്ചു. ഈ തീരുമാനം ബിജെപിക്ക് അനുകൂലമായിത്തീർന്നു.

Similar Posts