രാമൻ ഹിന്ദുക്കളുടെ മാത്രം ദൈവമല്ല, എല്ലാവരുടെയും ദൈവമാണ്: ഫാറൂഖ് അബ്ദുല്ല
|ദയവായി നിങ്ങളുടെ മനസിൽ നിന്ന് ഈ ധാരണ നീക്കം ചെയ്യുക
ജമ്മു: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും എൻസി അധ്യക്ഷനുമായ ഡോ. ഫാറൂഖ് അബ്ദുല്ല. അധികാരത്തിൽ തുടരാൻ മാത്രമേ ബി.ജെ.പി രാമന്‍റെ പേര് ഉപയോഗിക്കുന്നുള്ളൂവെന്നും എന്നാൽ രാമൻ ഹിന്ദുക്കളുടെ മാത്രം ദൈവമല്ലെന്നും അദ്ദേഹം പറഞ്ഞു.
"ഭഗവാൻ രാമന്‍ ഹിന്ദുക്കളുടെ മാത്രം ദൈവമല്ല, ദയവായി നിങ്ങളുടെ മനസിൽ നിന്ന് ഈ ധാരണ നീക്കം ചെയ്യുക. മുസ്‍ലിമോ ക്രിസ്ത്യാനിയോ അമേരിക്കനോ റഷ്യനോ ആകട്ടെ രാമന്‍ അവനില്‍ വിശ്വസിക്കുന്ന എല്ലാവരുടെയും ദൈവമാണ് .''പാന്തേഴ്‌സ് പാർട്ടി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഞങ്ങൾ രാമന്‍റെ ശിഷ്യന്മാർ മാത്രമാണെന്ന് പറഞ്ഞ് നിങ്ങളുടെ അടുക്കൽ വരുന്നവർ വിഡ്ഢികളാണ്, അവർ രാമന്‍റെ പേരിൽ വില്‍പന നടത്താന്‍ ആഗ്രഹിക്കുന്നു. അവര്‍ക്ക് രാമനോടല്ല, അധികാരത്തോടാണ് സ്നേഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ സാധാരണക്കാരന്‍റെ ശ്രദ്ധ തിരിക്കാനായി അവർ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്ന് ഞാൻ കരുതുന്നു.ബി.ജെ.പി ഇതര പാർട്ടികൾ തമ്മിലുള്ള ഐക്യത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. "ഞങ്ങളുടെ ഐക്യത്തിന് ഒരു തടസ്സവുമില്ല, അത് കോൺഗ്രസായാലും എൻസി ആയാലും പാന്തേഴ്‌സായാലും. ഞങ്ങൾ ജനങ്ങൾക്കുവേണ്ടി പോരാടുകയും മരിക്കുകയും ചെയ്യും. എന്നാൽ നാമെല്ലാവരും ഒറ്റക്കെട്ടായി തുടരും.''ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളെക്കുറിച്ച് അദ്ദേഹം ചോദ്യങ്ങൾ ഉന്നയിക്കുകയും അതിന്‍റെ ഉപയോഗത്തെക്കുറിച്ച് ജാഗ്രത പാലിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.
കേന്ദ്രഭരണ പ്രദേശത്തെ തെരഞ്ഞെടുപ്പിന് മുന്നോടിയായി മതധ്രുവീകരണത്തിനെതിരെ അദ്ദേഹം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 'ഹിന്ദുക്കൾ അപകടത്തിലാണ്' എന്നൊക്കെ അവർ തെരഞ്ഞെടുപ്പ് വേളയിൽ നിരന്തരം പറയും.പക്ഷേ അതിൽ വീഴരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു...ഫാറൂഖ് അബ്ദുല്ല പറഞ്ഞു.