'രാമക്ഷേത്രത്തിലെ രാംലല്ല വിഗ്രഹത്തിന് കുട്ടിയുടെ രൂപമല്ല'; വിമർശനവുമായി ദിഗ്‌വിജയ് സിങ്
|ഇന്നലെയാണ് രാംലല്ല വിഗ്രഹം രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ഥാപിച്ചത്
ഭോപ്പാൽ: അയോധ്യയിലെ രാമക്ഷേത്രത്തിൽ സ്ഥാപിച്ച രാംലല്ല വിഗ്രഹത്തിൽ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ശ്രീരാമന്റെ കുഞ്ഞുപ്രായത്തിലുള്ള രൂപമല്ല വിഗ്രഹത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു വിഗ്രഹത്തിന്റെ ആവശ്യം എന്താണെന്നും ദിഗ്‌വിജയ് സിങ് ചോദിച്ചു.
ഇന്നലെയാണ് 51 ഇഞ്ച് ഉയരമുള്ള രാംലല്ല വിഗ്രഹം രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ഥാപിച്ചത്. രാംലല്ലയുടെ ആദ്യദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് ദിഗ്‌വിജയ് സിങ് പ്രതികരണവുമായി രംഗത്തെത്തിയത്.
''തുടക്കം മുതല്‍ ഞാന്‍ പറയുന്നതാണ്, നേരത്തെ തകര്‍ത്ത രാംലല്ല വിഗ്രഹം എവിടെയാണുള്ളത്? രണ്ടാമതൊരു വിഗ്രഹത്തിന്റെ ആവശ്യം എന്തായിരുന്നു? രാമക്ഷേത്രത്തിലെ ശ്രീരാമവിഗ്രഹം കുട്ടിയുടെ രൂപത്തിലായിരിക്കണമെന്ന് ദ്വാരക-ജോഷിമഠ് ശങ്കരാചാര്യരായിരുന്ന അന്തരിച്ച ഗുരു സ്വാമി സ്വരൂപാനന്ദ് നിർദേശിച്ചിരുന്നു. അമ്മ കൗസല്യയുടെ മടിയിലായിരിക്കണം ഉണ്ടായിരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, പ്രാണപ്രതിഷ്ഠയ്ക്കായി സ്ഥാപിച്ച വിഗ്രഹം കുട്ടിയുടെ രൂപത്തിലാണെന്നു തോന്നുന്നില്ല.''ദിഗ്‌വിജയ് സിങ് 'എക്‌സി'ൽ കുറിച്ചു.
മൈസൂരു സ്വദേശിയായ അരുൺ യോഗിരാജ് കൊത്തിയുണ്ടാക്കിയ വിഗ്രഹമാണ് രാമക്ഷേത്രത്തിലെത്തിച്ചത്. പ്രത്യേക ചടങ്ങുകളോടെയായിരുന്നു ക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിൽ വിഗ്രഹം സ്ഥാപിച്ചത്. വിശ്വഹിന്ദു പരിഷത്ത്(വി.എച്ച്.പി) മാധ്യമ വിഭാഗം ഇൻചാർജ് ശരദ് ശർമയാണ് രാംലല്ല വിഗ്രഹത്തിന്റെ ദൃശ്യങ്ങൾ ആദ്യമായി പുറത്തുവിട്ടത്. അരയ്ക്കു മുകളിൽ തുണികൊണ്ടു മൂടിയ നിലയിലാണുള്ളത്.
തിങ്കളാഴ്ചയാണ് രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു ചടങ്ങിനു തുടക്കമിടുന്നത്. ലക്ഷ്മികാന്ത് ദീക്ഷിത്തിന്റെ നേതൃത്വത്തിലുള്ള പുരോഹിതന്മാരുടെ സംഘമാണു ആരാധനാ ചടങ്ങുകൾക്കു മേൽനോട്ടം വഹിക്കുക.
ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് അറിയിച്ചിരുന്നു. ഇൻഡ്യ സഖ്യത്തിലെ ഭൂരിഭാഗം കക്ഷി നേതാക്കളും സമാനമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
Summary: ‘Ram Lalla idol being consecrated does not look like a child’: Digvijaya Singh stokes row on Ayodhya Mandir