India
RSS leader Ram Madhav-Reliances insurance scheme in Jammu and Kashmir-Narendra Modi and corruption-Satyapal Malik interview
India

'റിലയൻസിന് കരാറൊപ്പിക്കാന്‍ ആർ.എസ്.എസ് നേതാവ് അതിരാവിലെ വീട്ടിലെത്തി; ഗോവയിലെ അഴിമതി മോദിയോട് പറഞ്ഞപ്പോൾ സ്ഥലംമാറ്റി'

Web Desk
|
17 April 2023 9:50 AM GMT

'പദ്ധതികളെക്കുറിച്ച് സി.ബി.ഐ ചോദിച്ചപ്പോൾ അവരെല്ലാം പ്രധാനമന്ത്രിയുടെ ആളുകളാണെന്ന് ഞാൻ പറഞ്ഞിരുന്നു. ഒരാൾ അംബാനിയും മറ്റൊരാൾ രാം മാധവുമാണ്. മൂന്നാമൻ ഹസീബ് ദ്രാബുവും.'

ന്യൂഡൽഹി: കശ്മീരിൽ റിലയൻസിന്റെ ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ ആർ.എസ്.എസ് നേതാവും ബി.ജെ.പി മുൻ കേന്ദ്ര ജനറൽ സെക്രട്ടറിയുമായ രാം മാധവ് തന്നെ വീട്ടിൽ വന്നു കണ്ടിരുന്നുവെന്ന് മുൻ ഗവർണർ സത്യപാൽ മാലിക്. രാവിലെ കുളിക്കുംമുൻപാണ് കരാറിനെക്കുറിച്ച് ചോദിക്കാനെത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഴിമതിയോട് അത്ര എതിർപ്പൊന്നുമില്ല. ഗോവയിലെ അഴിമതിയെക്കുറിച്ചു പറഞ്ഞപ്പോൾ തന്നെ സ്ഥലംമാറ്റുകയാണ് ചെയ്തതെന്നും അദ്ദേഹം വെളിപ്പെടുത്തി.

കരൺ ഥാപ്പറിനു നൽകിയ 'ദി വയർ' അഭിമുഖത്തിലാണ് സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തൽ. 'കുളിക്കുമുൻപ് ഞാൻ ആളുകളെ കാണാറില്ല. പക്ഷെ, അന്ന് രാം മാധവിനെ കാണേണ്ടിവന്നു. എന്തിനാണ് അദ്ദേഹം രാജ്ഭവനിൽ വരുന്നത്? അവിടെ എന്താണ് സംസാരിക്കാനുള്ളത്? ഗോവധത്തെക്കുറിച്ച് സംസാരിക്കാനാണോ? തലേന്നു രാത്രി വിഷയം ഞങ്ങൾ തീരുമാനമാക്കിയതാണ്. പിറ്റേന്നു രാവിലെ അദ്ദേഹം വീണ്ടും തിരിച്ചുവന്നിരിക്കുന്നു. ഇൻഷുറൻസ് വിഷയം അവസാനിപ്പിച്ചോ എന്നു ചോദിച്ചു എന്നോട്. ഞാൻ അതേയെന്നും പറഞ്ഞു. അപ്പോൾ കത്ത് ചീഫ് സെക്രട്ടറിക്ക് അയച്ചോ എന്നു ചോദിച്ചു. അതേയെന്ന് ഞാനും. അതോടെ രാം മാധവ് നിരാശനാകുന്നതു കണ്ടു. പിന്നീട് ഒന്നും പറഞ്ഞതുമില്ല. എന്താണ് സംഗതിയെന്ന് എനിക്ക് മനസിലായി'-സത്യപാൽ വെളിപ്പെടുത്തി.

'ആദ്യം ഞാൻ പദ്ധതിക്ക് ഒറ്റയടിക്ക് അംഗീകാരം നൽകിയിരുന്നു. എന്നാൽ, രണ്ടു ദിവസം കഴിഞ്ഞപ്പോൾ സർക്കാർ ഉദ്യോഗസ്ഥരടക്കം ഒരുപാടുപേർ അതു പിൻവലിക്കാൻ ആവശ്യപ്പെട്ടു വന്നു. പദ്ധതിയോട് സർക്കാർ ഉദ്യോഗസ്ഥർക്ക് താൽപര്യമുണ്ടായിരുന്നില്ല. പദ്ധതിയിൽ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരും വർഷത്തിൽ 8,500 രൂപ അടക്കേണ്ടതുണ്ടായിരുന്നു. വിരമിച്ച ഉദ്യോഗസ്ഥർ 20,000 രൂപയിലേറെയും നൽകണം.'

ഡൽഹിയിൽ കേന്ദ്ര സർക്കാർ ആരോഗ്യ പദ്ധതിയിൽ നമ്മൾക്ക് ഒന്നും അടക്കേണ്ടിവരുന്നില്ലെന്ന കാര്യം ഞാൻ ചൂണ്ടിക്കാട്ടി. പിന്നെ ഇവിടെ എന്തിനാണ് അടയ്ക്കുന്നതെന്നും ചോദിച്ചു. അതിലേറെ, പദ്ധതിയുടെ ഭാഗമായുള്ളതെല്ലാം മോശം ആശുപത്രികളുമായിരുന്നു. ദേശീയതലത്തിൽ പ്രശസ്തമായ ഒറ്റ ആശുപത്രിയുമുണ്ടായിരുന്നില്ല. ആശുപത്രികൾ മോശമായാൽ എത്ര വലിയ തുക നൽകിയാലും നല്ല ചികിത്സ ലഭിക്കില്ലെന്ന് അറിയാം. അങ്ങനെയാണ് കേന്ദ്ര സർക്കാർ ആരോഗ്യ പദ്ധതി നടപ്പാക്കാൻ ഞാൻ ആവശ്യപ്പെട്ടത്-സത്യപാൽ പറഞ്ഞു.

150 കോടി വീതമുള്ള രണ്ട് കരാറുകളെക്കുറിച്ചുള്ള ചർച്ചയും താൻ കശ്മീർ ഗവർണറായിരിക്കെ നടന്നിരുന്നുവെന്ന് സത്യപാൽ വെളിപ്പെടുത്തി. റിലയൻസിന്റെ ഇൻഷുറൻസ് പദ്ധതിയെയും മെഹ്ബൂബ മുഫ്തി സർക്കാരിൽ ധനമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുള്ളയാളുമായ ഹസീബ് ദ്രാബു ഉൾപ്പെട്ട ജലവൈദ്യുത പദ്ധതിയെയും കുറിച്ചാണ് സത്യപാൽ സൂചിപ്പിച്ചത്. രണ്ടു കരാറും താൻ റദ്ദാക്കിയിട്ടുണ്ടെന്നും അതു തനിക്കുള്ള ഓഫറായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'പദ്ധതികളെക്കുറിച്ച് സി.ബി.ഐ ചോദിച്ചപ്പോൾ അവരെല്ലാം പ്രധാനമന്ത്രിയുടെ ആളുകളാണെന്ന് പറഞ്ഞിരുന്നു. ഒരാൾ അംബാനിയും മറ്റൊരാൾ രാം മാധവുമാണ്. മൂന്നാമൻ ഹസീബ് ദ്രാബുവും. മോദിയെ കാണുമ്പോഴെല്ലാം അദ്ദേഹം ദ്രാബുവിനെ കണ്ടിരുന്നോവെന്ന് ചോദിക്കും. പലതവണ ഇല്ലെന്ന് പറയേണ്ടിവന്നതോടെ ഒടുവിൽ ഞാൻ തന്നെ അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിച്ചു. എന്നെ കാണാൻ വന്നപ്പോൾ ജലവൈദ്യുത പദ്ധതി റദ്ദാക്കിയ വിവരം അദ്ദേഹം സൂചിപ്പിച്ചു. മറ്റെവിടെനിന്നെങ്കിലും ഞങ്ങളത് പാസാക്കിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.'

പ്രധാനമന്ത്രിക്ക് അഴിമതിയോട് അത്ര എതിർപ്പില്ലെന്നും സത്യപാൽ വെളിപ്പെടുത്തി. 'ഗോവ അഴിമതിയെക്കുറിച്ച് ഒരിക്കൽ ഞാൻ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം എന്നെ വിളിച്ച് ഞാൻ പറഞ്ഞ വിവരം തെറ്റാണെന്നു പറഞ്ഞു. എവിടെനിന്ന് അറിഞ്ഞെന്നു ചോദിച്ചപ്പോൾ മറ്റൊരാളുടെ പേര് പറഞ്ഞു. അപ്പോൾ അയാൾ തന്നെയാണ് മുഖ്യമന്ത്രിയുടെ വസതിയിലെത്തി പണം സ്വീകരിച്ചതെന്ന് ഞാൻ പറഞ്ഞു. തൊട്ടടുത്ത മാസം എന്നെ സ്ഥലംമാറ്റുകയാണുണ്ടായത്.'-സത്യപാൽ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുടെ മൂക്കിനുതാഴെ നടക്കുന്ന അഴിമതിക്ക് ഒരുപാട് തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി അഴിമതി ഇല്ലാതാക്കിയ ഒറ്റ സംഭവം കാണിക്കൂ. പരാതിയുന്നയിച്ച രണ്ടു സംഭവങ്ങൾ ഞാൻ പറഞ്ഞു. രണ്ടും 100 ശതമാനം ശരിയായിരുന്നു. ഗോവയിലെ ഓരോ കുട്ടിയോടും ചോദിച്ചാൽ മുഖ്യമന്ത്രിയെക്കുറിച്ച് അവർ പറഞ്ഞുതരുമെന്നും സത്യപാൽ മാലിക് കൂട്ടിച്ചേർത്തു.

അഭിമുഖം ഇവിടെ മലയാളത്തിൽ വായിക്കാം.

Summary: Former Jammu and Kashmir Governor Satyapal Malik said that RSS leader and BJP's former General Secretary Ram Madhav had come to his house asking to implement Reliance's insurance scheme in the state. He also alleged that Prime Minister Narendra Modi has no such objection to corruption

Similar Posts