ബംഗാളില്‍ രാമനവമി പൊതുഅവധി; മമതയുടെ രാഷ്ട്രീയ നീക്കമെന്ന് ബി.ജെ.പി
|മമത തന്റെ ഹിന്ദു വിരുദ്ധ പ്രതിച്ഛായ മാറ്റിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി
കൊല്‍ക്കത്ത: ഏപ്രില്‍ 18ന് രാമനവമി ദിനം പൊതുഅവധി പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. അവധി പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ബി.ജെ.പി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ രാഷ്ട്രീയനീക്കമാണിതെന്നും അവര്‍ തന്റെ ഹിന്ദു വിരുദ്ധ പ്രതിച്ഛായ മാറ്റിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും ബി.ജെ.പി പ്രതികരിച്ചു.
ദുര്‍ഗ പൂജ, കാളി പൂജ, സരസ്വതി പൂജ ദിനങ്ങളില്‍ ബംഗാളില്‍ പൊതു അവധിയാണെങ്കിലും ഇതാദ്യമായാണ് രാമ നവമിക്ക് അവധി പ്രഖ്യാപിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മമത സര്‍ക്കാരിന്റെ അവധി പ്രഖ്യാപനം. ഔദ്യോഗിക സര്‍ക്കാര്‍ വിഞ്ജാപനം പുറത്തുവന്നതോടെ വിഷയത്തില്‍ ബി.ജെ.പി ഐടി സെല്‍ മേധാവി അമിത് മാളവ്യയും പ്രതികരണവുമായി രംഗത്തെത്തി. ജയ് ശ്രീറാം എന്ന് കേള്‍ക്കുന്നത് മമതയെ ദേഷ്യപ്പെടുത്താറുണ്ട് എന്ന് മാളവ്യ പറഞ്ഞു. 'ജയ് ശ്രീ റാം' എന്ന് കേള്‍ക്കുമ്പോഴെല്ലാം ദേഷ്യം കൊണ്ട് നീല നിറമാകുന്ന മമത ബാനര്‍ജി, പശ്ചിമ ബംഗാളില്‍ രാമനവമി ദിനം പൊതു അവധിയായി പ്രഖ്യാപിച്ചു. തന്റെ ഹിന്ദു വിരുദ്ധ പ്രതിച്ഛായ മാറ്റിയെടുക്കാനാണ് അവര്‍ ഇത് ചെയ്തത്. എന്നാല്‍ വളരെ വൈകിപോയെന്നും' മാളവ്യ പറഞ്ഞു.
അതേസമയം ബി.ജെ.പിയുടെ ആരോപണങ്ങളോട് തൃണമൂല്‍ നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം രാമ നവമി സമയത്ത് സംസ്ഥാനത്ത് വലിയ അക്രമ സംഭവങ്ങളാണ് നടന്നത്. ഹൗറയില്‍ ഘോഷയാത്ര കടന്നുപോകുമ്പോഴുണ്ടായ സംഘര്‍ഷമാണ് ആക്രമണങ്ങളുടെ തുടക്കം. ദിവസങ്ങള്‍ക്ക് ശേഷം ഹൂഗ്ലിയില്‍ ബിജെപി നടത്തിയ ശോഭ യാത്രയ്ക്കിടെയിലും അക്രമങ്ങളുണ്ടായി. പുറത്തു നിന്ന് വന്നവര്‍ സംസ്ഥാനത്തെ ക്രമസമാധാനം നഷ്ടപ്പെടുത്തുകയാണ് എന്ന് അന്ന് മമത ആരോപിച്ചിരുന്നു. എന്നാല്‍ പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച ബി.ജെ.പി, ജനങ്ങള്‍ക്ക് ഒത്തുകൂടാനും മതപരമായ ഘോഷയാത്രകള്‍ നടത്താനുമുള്ള അവകാശം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് പ്രതികരിച്ചിരുന്നു.