രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് മോദിയുടെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റി; ആചാര്യൻമാർ പോലും പങ്കെടുക്കുന്നില്ല: രാഹുൽ ഗാന്ധി
|ഇൻഡ്യ മുന്നണിയിലെ കക്ഷികൾക്കിടയിൽ സീറ്റ് വിഭജന ചർച്ചകൾ സൗഹാർദപരമായി തന്നെ മുന്നോട്ട് പോകുന്നുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
കൊഹിമ (നാഗാലാൻഡ്): അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ആർ.എസ്.എസും ബി.ജെ.പിയും ചേർന്ന് മോദിയുടെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയതുകൊണ്ടാണ് കോൺഗ്രസ് പങ്കെടുക്കാത്തതെന്ന് രാഹുൽ ഗാന്ധി. ശങ്കരാചാര്യർമാർ പോലും ഇതൊരു രാഷ്ട്രീയ പരിപാടിയാണെന്ന് പറഞ്ഞ് മാറിനിൽക്കുകയാണെന്നും രാഹുൽ പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ.
''അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ആർ.എസ്.എസും ബി.ജെ.പിയും ചേർന്ന് രാഷ്ട്രീയ പരിപാടിയാക്കി മാറ്റി. ഇപ്പോഴത് നരേന്ദ്ര മോദിയുടെ പരിപാടിയാണ്. അതുകൊണ്ടാണ് കോൺഗ്രസ് അധ്യക്ഷൻ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് തീരുമാനിച്ചത്. ഞങ്ങൾ എല്ലാ മതങ്ങളേയും ആചാരങ്ങളേയും അംഗീകരിക്കുന്നു. അയോധ്യയിൽ നടക്കുന്നത് രാഷ്ട്രീയ പരിപാടിയാണെന്ന് ഹിന്ദു മതത്തിലെ ശ്രേഷ്ഠരായ ആചാര്യൻമാർ തന്നെ പറഞ്ഞു കഴിഞ്ഞു. ആർ.എസ്.എസും ബി.ജെ.പിയും നടത്തുന്ന രാഷ്ട്രീയ പരിപാടിക്ക് പോകേണ്ടെന്നാണ് കോൺഗ്രസ് തീരുമാനം''-രാഹുൽ പറഞ്ഞു.
ഇൻഡ്യ മുന്നണിയിലെ കക്ഷികൾക്കിടയിൽ സീറ്റ് വിഭജന ചർച്ചകൾ സൗഹാർദപരമായി തന്നെ മുന്നോട്ട് പോകുന്നുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ച് ചെറിയ ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. അതെല്ലാം പരിഹരിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്നും രാഹുൽ പറഞ്ഞു.