'രാമക്ഷേത്ര പ്രാണപ്രതിഷ്ഠ നടന്ന ദിവസമേത്'; യുജിസി നെറ്റ് തിയേറ്റർ പരീക്ഷാ ചോദ്യങ്ങളിൽ രാമനും രാമായണവും മഹാഭാരതവും
|'തലയറുക്കപ്പെട്ടിട്ടും മരിക്കാതെ കുരുക്ഷേത്രയുദ്ധം കണ്ട മഹാഭാരതത്തിലെ യോദ്ധാക്കൾ ആര്?' എന്നതാണ് 86ാമത്തെ ചോദ്യം.
യുജിസി നെറ്റ് തിയേറ്റർ വിഷയവുമായി ബന്ധപ്പെട്ട പരീക്ഷയിൽ രാമായണം, മഹാഭാരതം, ഉപനിഷത്, വേദങ്ങൾ തുടങ്ങിയവകളിൽ നിന്നും ചോദ്യങ്ങൾ. 'അയോധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ നടന്ന ദിവസം ഏത്' എന്നതാണ് 57ാമത്തെ ചോദ്യമായി ഉൾപ്പെടുത്തിയിരിക്കുന്നത്. നാല് ഓപ്ഷനുകളും ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള ചോദ്യത്തിന് അനുബന്ധമായി നൽകിയിട്ടുണ്ട്.
'ഹിന്ദു ഫിലോസഫിയിലെ പ്രസ്താൻ ത്രയി ഏതെല്ലാമായി ബന്ധപ്പെട്ടതാണ്?' എന്നതാണ് 69ാമത് ചോദ്യം. 'തലയറുക്കപ്പെട്ടിട്ടും മരിക്കാതെ കുരുക്ഷേത്രയുദ്ധം കണ്ട മഹാഭാരതത്തിലെ യോദ്ധാക്കൾ ആര്?' എന്നതാണ് 86ാമത്തെ ചോദ്യം. ഇതിനും ശരിയുത്തരം തെരഞ്ഞെടുക്കാൻ നാല് ഓപ്ഷനുകൾ നൽകിയിട്ടുണ്ട്.
'രാമചരിത മാനസിലെ ഏത് കാണ്ഡത്തിലാണ് ഹനുമാൻ പ്രത്യക്ഷപ്പെടുന്നത്?' എന്നതാണ് 87ാമത് ചോദ്യം. 'ഗീതാഗോവിന്ദത്തിന്റെ രചയിതാവാര്' എന്നത് 88ാമത്തെ ചോദ്യമായും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡബ്ബിങ് ആർട്ടിസ്റ്റും തിയേറ്റർ കലാകാരനും നെറ്റ് പരീക്ഷാർഥിയുമായ ശ്യാം സോർബയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. നീറ്റിനു പിന്നാലെ നെറ്റ് പരീക്ഷയിലും ക്രമക്കേട് ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് വിഷയങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ചോദ്യങ്ങളും ഉൾപ്പെട്ടിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.