India
ഹിജാബ് വിലക്കില്‍ മുസ്‌ലിം വിദ്യാർത്ഥിനികൾക്കു വേണ്ടി ഹാജരായതിന് സംഘ്പരിവാർ വിമർശനം; അഭിഭാഷകന് പിന്തുണയുമായി രാമകൃഷ്ണ ആശ്രമം
India

ഹിജാബ് വിലക്കില്‍ മുസ്‌ലിം വിദ്യാർത്ഥിനികൾക്കു വേണ്ടി ഹാജരായതിന് സംഘ്പരിവാർ വിമർശനം; അഭിഭാഷകന് പിന്തുണയുമായി രാമകൃഷ്ണ ആശ്രമം

Web Desk
|
13 Feb 2022 10:59 AM GMT

വിദ്യാർത്ഥിനികൾക്കുവേണ്ടി ഹാജരായതുകൊണ്ട് ദേവദത്ത് കാമത്ത് ഹിന്ദു മതത്തിന് ഒരുതരത്തിലുമുള്ള ഉപദ്രവവും ചെയ്തിട്ടില്ലെന്ന് കാർവാറിലെ രാമകൃഷ്ണ ആശ്രമത്തിലെ മുഖ്യ പൂജാരി സ്വാമി ഭവീശാനന്ദ്

ഹിജാബ് വിഷയത്തിൽ മുസ്‌ലിം വിദ്യാർത്ഥിനികൾക്കു വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകന് പിന്തുണയുമായി രാമകൃഷ്ണ ആശ്രമം. ഖുർആൻ സൂക്തങ്ങൾ ഉദ്ധരിച്ച് കോടതിയിൽ വിദ്യാർത്ഥിനികൾക്കു വേണ്ടി പ്രതിരോധമൊരുക്കിയ മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്തിനുനേരെ സംഘ്പരിവാർ സംഘടനകൾ വിമർശനവുമായി രംഗത്തെത്തിയതിനു പിന്നാലെ കാർവാറിലെ രാമകൃഷ്ണ ആശ്രമം ഐക്യദാർഢ്യവുമായി രംഗത്തെത്തിയതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേവദത്ത് കാമത്ത് ഹിന്ദു മതത്തിന് ഒരുതരത്തിലുമുള്ള ഉപദ്രവം ചെയ്തിട്ടില്ലെന്ന് ആശ്രമത്തിലെ മുഖ്യ പൂജാരിയായ സ്വാമി ഭവീശാനന്ദ് പറഞ്ഞു. സ്‌കൂളുകളിലും കോളജുകളിലും മുസ്‌ലിം പെൺകുട്ടികളുടെ ഡ്രസ്‌കോഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് അനാവശ്യ ചർച്ചയാണ്. ഇതുമായി ബന്ധപ്പെട്ട് സമൂഹത്തിന്റെ വിവിധ തലങ്ങളിൽ വിവാദം കൊഴുക്കുന്നത് കാണുന്നതിൽ വേദനയുണ്ട്. ഇത് തീർച്ചയായും നല്ലൊരു കാര്യമല്ല. സമൂഹത്തിന്റെ സമാധാനത്തിന്റെയും സൗഹാർദത്തിന്റെയും താൽപര്യത്തിന് അനുഗുണവുമല്ലെന്നും സ്വാമി അഭിപ്രായപ്പെട്ടു.

സുപ്രിംകോടതി അഭിഭാഷകനായ ദേവദത്ത് കാമത്തിന്റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതായി കാണാനായതാണ് ഏറെ വേദനിപ്പിച്ച കാര്യം. അഭിഭാഷകനെന്ന നിലയിൽ കോടതിയിൽ ഒരു കക്ഷിക്കു വേണ്ടി ഹാജരായതിന്റെ പേരിലാണിത്. ഹിന്ദു മതത്തിനെതിരായ കാര്യത്തെയാണ് അദ്ദേഹം പിന്തുണയ്ക്കുന്നതെന്നാണ് ഒരുകൂട്ടർ അദ്ദേഹത്തെക്കുറിച്ച് ആരോപിക്കുന്നത്. ഇത് തീർത്തും അടിസ്ഥാനരഹിതവും അനാവശ്യവുമാണ്. ഒരു കക്ഷിക്കു വേണ്ടി കോടതിയിൽ ഹാജരാകുന്ന അഭിഭാഷകന് തന്റെ ഉത്തരവാദിത്തം നിർവഹിക്കുകയും തന്റെ കക്ഷിയോട് നീതി പുലർത്തുകയും വേണം. അത് പ്രൊഫഷനൽ ഉത്തരവാദിത്തമാണ്. അത് ഹിന്ദുമതത്തിനെതിരാണെന്ന് ബ്രാൻഡ് ചെയ്യാനാകില്ലെന്നും സ്വാമി ഭവീശാനന്ദ് കൂട്ടിച്ചേർത്തു. കാമത്തിന്റെ പൂർവികർ ശ്രീരാമകൃഷ്ണ വിവേകാനന്ദ തത്വശാസ്ത്രത്തിന്റെ ശക്തരായ അനുയായികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹിജാബ് മതത്തിൽ നിഷ്‌കർഷിക്കുന്നതാണെന്നും വിദ്യാർത്ഥിനികളുടെ സംസ്‌കാരത്തിന്റെ ഭാഗമായതുകൊണ്ടു തന്നെ അത് തടയാനാകില്ലെന്നും കാമത്ത് കോടതിയിൽ വാദിച്ചിരുന്നു. സർക്കാർ ഉത്തരവ് അത്ര നിരുപദ്രവകരമല്ല. ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണത്. വിദേശത്തെ പലരാജ്യങ്ങളിലുമുള്ള പോലെ സാംസ്‌കാരിക വിഭിന്നതകളെ നിഷേധിക്കുന്നതല്ല, എല്ലാവിധ സംസ്‌കാരങ്ങളെയും ഉൾക്കൊള്ളുന്നതാണ് ഇന്ത്യൻ മതേതരത്വമെന്നും കാമത്ത് കോടതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

Summary: Ramakrishna Ashram Defends Lawyer Who Represented Muslim Students In Hijab Row

Similar Posts