പൊരുതിനിൽക്കേണ്ട ചവാൻ ഓടിപ്പോയി: ചെന്നിത്തല
|അശോക് ചവാൻ പാർട്ടി വിട്ടതിന് പിന്നാലെ അടിയന്തരമായി വിളിച്ചുചേർത്ത കോൺഗ്രസ് നേതൃയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ചെന്നിത്തല.
മുംബൈ: കോൺഗ്രസ് വിട്ട മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല. പാർട്ടി എല്ലാം നൽകിയിട്ടും എന്തുകൊണ്ടാണ് പാർട്ടിവിട്ടതെന്ന് ചവാൻ തന്നെയാണ് വ്യക്തമാക്കേണ്ടതെന്ന് ചെന്നിത്തല പറഞ്ഞു. വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടിയും കേന്ദ്ര ഏജൻസികളെ ഭയന്നും പാർട്ടിവിടുന്നവർക്ക് അങ്ങനെയാകാമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ അശോക് ചവാൻ കോൺഗ്രസ് വിട്ടതിന് പിന്നാലെ വിളിച്ചുചേർത്ത യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡി വലിയ വിജയം നേടുമെന്ന് ഭയക്കുന്ന ബി.ജെ.പി സഖ്യത്തെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ചവാന് കോൺഗ്രസ് എല്ലാം നൽകി. സീറ്റ് വിഭജന ചർച്ചയിൽ അദ്ദേഹത്തിന് പൂർണ സ്വാതന്ത്ര്യം നൽകി. മറ്റെന്താണ് അദ്ദേഹം ആഗ്രഹിച്ചത്? തന്നോട് അദ്ദേഹം പരാതിയൊന്നും പറഞ്ഞിരുന്നില്ല. മഹാരാഷ്ട്രയിൽ പാർട്ടിയുടെ മുഖമായിരുന്നു അദ്ദേഹം. പൊരുതിനിൽക്കേണ്ടിയിരുന്ന അദ്ദേഹം യുദ്ധക്കളം വിട്ട് ഓടിപ്പോയെന്നും ചെന്നിത്തല പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽനിൽക്കെ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് ചവാന്റെ ബി.ജെ.പി പ്രവേശം. ചവാന് പിന്നാലെ കൂടുതൽ നേതാക്കൾ ബി.ജെ.പി പാളയത്തിലെത്തുമെന്നാണ് വിവരം. മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന മിലിന്ദ് ദേവ്‌റ ബി.ജെ.പിയിലേക്ക് ചേക്കേറി ഒരു മാസത്തിനുള്ളിലാണ് രണ്ടാമതൊരു നേതാവ് കൂടി പാർട്ടി വിടുന്നത്.
മഹാരാഷ്ട്രയിൽ ഏറ്റവും സ്വാധീനമുള്ള കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് അശോക് ചവാൻ. 2008 ഡിസംബർ എട്ട് മുതൽ 2010 നവംബർ ഒമ്പത് വരെയാണ് അശോക് ചവാൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി പ്രവർത്തിച്ചത്. ആദർശ് ഹൗസിങ് സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ട് പാർട്ടി അദ്ദേഹത്തോട് രാജിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു.