India
Rape Accused, Aspiring MLA Man Behind Mumbai Billboard That Collapsed
India

ബലാത്സം​ഗമുൾപ്പെടെ 20ലേറെ കേസുകൾ; ആരാണ് മുംബൈയിൽ 14 പേരുടെ മരണത്തിനിടയാക്കിയ പരസ്യബോർഡിന്റെ ഉടമ?; വീണ്ടും കേസ്

Web Desk
|
14 May 2024 2:13 PM GMT

ഇയാൾ ഒളിവിലാണെന്നും ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

മുംബൈ: ശക്തമായ മഴയിലും കാറ്റിലും മുംബൈയിൽ ഇന്നലെ മറിഞ്ഞു വീണ കൂറ്റൻ പരസ്യബോർഡ് സ്ഥാപിച്ച കമ്പനി ഉടമയ്ക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കെതിരെ കേസ്. മുംബൈയിലെ ഘാട്‌കോപ്പറിൽ നടന്ന സംഭവത്തിൽ ഇതുവരെ 14 പേർ കൊല്ലപ്പെടുകയും 74 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

പരസ്യബോർഡ് നിർമ്മിച്ച ഈഗോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമ ഭവേഷ് ഭിൻഡെക്കെതിരെയാണ് കേസെടുത്തത്. ഇയാൾക്കെതിരെ ബലാത്സംഗം ഉൾപ്പെടെ 24 കേസുകൾ ഉണ്ട്. കൂടാതെ, ഇയാളും കമ്പനിയിലെ മറ്റുള്ളവരും മരത്തിന് വിഷമടിക്കൽ, മരം മുറിക്കൽ കേസുകളിലും പ്രതികളാണ്. ഭിൻഡെ ഒളിവിലാണെന്നും ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഈ വർഷം ജനുവരിയിലാണ് ഇയാൾക്കെതിരെ മുലുന്ദ് പൊലീസ് സ്റ്റേഷനിൽ ബലാത്സം​ഗ കേസ് രജിസ്റ്റർ ചെയ്തത്. ഹോർഡിങ്ങുകളും ബാനറുകളും സ്ഥാപിക്കാനായി ഇന്ത്യൻ റെയിൽവേയിൽ നിന്നും ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നും (ബിഎംസി) നിരവധി കരാറുകൾ ഭിൻഡെ നേടിയിട്ടുണ്ടെന്നും നിരവധി നിയമങ്ങൾ പലതവണ ലംഘിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

2009ലെ നിയമസഭാ തെരഞ്ഞെടുപ്പിൽൽ മുലുന്ദ് നിയോജക മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി ഇയാൾ മത്സരിച്ചിരുന്നു. മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ആക്‌ട്, നെഗോഷ്യബിൾ ഇൻസ്‌ട്രുമെൻ്റ് ആക്‌ട് എന്നിവ പ്രകാരം തനിക്കെതിരെ 23 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഭിൻഡെ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.

തിങ്കളാഴ്‌ചയാണ് കനത്ത മഴയിലും കാറ്റിലും ഘാട്‌കോപ്പറിലെ പെട്രോൾ പമ്പിൽ 120 ചതുരശ്ര അടി വലിപ്പമുള്ള പരസ്യബോർഡ് തകർന്നു വീണ് അപകടമുണ്ടായത്. 250 ടൺ ഭാരമുള്ള ബോർഡ് തകരുമ്പോൾ 150 ഓളം വാഹനങ്ങൾ പെട്രോൾ പമ്പിൽ ഉണ്ടായിരുന്നു. തങ്ങളുടെ അനുമതിയില്ലാതെയാണ് പരസ്യബോർഡ് നിർമിച്ചതെന്ന് ബ്രിഹൺമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കിയിരുന്നു. ഈ ബോർഡ് ഏറ്റവും വലിയ പരസ്യബോർഡിനുള്ള ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ചിരുന്നു.

സ്ഥലത്ത് നാല് പരസ്യബോർഡുകൾ ഉണ്ടായിരുന്നു. അവയ്‌ക്കെല്ലാം മുംബൈ റെയിൽവേ പൊലീസ് കമ്മീഷണർക്ക് വേണ്ടി എസിപിയാണ് അംഗീകാരം നൽകിയത്. സ്ഥാപിക്കുന്നതിന് മുമ്പ് ഏജൻസിയും റെയിൽവേയും ബിഎംസിയുടെ അനുമതി വാങ്ങിയിരുന്നില്ല. പരമാവധി 40 ചതുരശ്ര അടിയുള്ള ബോർഡുകൾക്ക് മാത്രമാണ് അനുമതി നൽകുക. തകർന്നു വീണ പരസ്യബോർഡ് 120 ചതുരശ്ര അടി വലിപ്പമുള്ളതാണെന്നും ബിഎംസി ചൂണ്ടിക്കാട്ടി.

അനുമതിയില്ലാത്ത ബോർഡുകൾ ഉടനടി നീക്കം ചെയ്യാൻ കോർപ്പറേഷൻ ഏജൻസിക്ക് നോട്ടീസ് അയച്ചു. കോർപറേഷൻ പരിധിയിലെ എട്ട് അനധികൃത ഹോർഡിങ്ങുകൾ 10 ദിവസത്തിനുള്ളിൽ നീക്കം ചെയ്യണമെന്നാണ് നോട്ടീസിലെ ആവശ്യം. പരസ്യബോർഡ് നിർമിച്ച ഈഗോ മീഡിയ കമ്പനിക്കെതിരെ കോർപറേഷൻ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതേസയം, ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Similar Posts