India
ബലാത്സംഗ കേസില്‍ രഹസ്യ വിചാരണ ആവശ്യപ്പെടാന്‍ കുറ്റാരോപിതന് അവകാശമില്ല: തരുണ്‍ തേജ്പാലിന്‍റെ ഹരജി തള്ളി
India

'ബലാത്സംഗ കേസില്‍ രഹസ്യ വിചാരണ ആവശ്യപ്പെടാന്‍ കുറ്റാരോപിതന് അവകാശമില്ല': തരുണ്‍ തേജ്പാലിന്‍റെ ഹരജി തള്ളി

Web Desk
|
28 Nov 2022 4:25 PM GMT

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്

ബലാത്സംഗ കേസില്‍ രഹസ്യ വിചാരണ ആവശ്യപ്പെട്ട് തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി. ഗോവയില്‍ ഒരു ഹോട്ടലിലെ ലിഫ്റ്റിൽ സഹപ്രവർത്തകയോട് ലൈംഗികാതിക്രമം നടത്തി എന്നതാണ് തരുണ്‍ തേജ്പാലിനെതിരായ കേസ്.

ബലാത്സംഗ കേസിൽ കുറ്റാരോപിതന് രഹസ്യ വിചാരണയെന്ന ആവശ്യം ഉന്നയിക്കാൻ അവകാശമില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. അതിജീവിത നേരിടുന്ന മാനസിക ശാരീരിക വെല്ലുവിളികൾ കുറ്റാരോപിതൻ നേരിടുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

2013 നവംബർ 7, 8 തിയ്യതികളിൽ തെഹല്‍ക മാഗസിന്‍റെ ഔദ്യോഗിക പരിപാടിക്കിടെയായിരുന്നു സംഭവം. ലിഫ്റ്റില്‍ വെച്ച് മാധ്യമപ്രവര്‍ത്തകയോട് ലൈംഗികാതിക്രമം നടത്തി എന്നതാണ് കേസ്. മെയ് 21ന് ഗോവയിലെ മാപുസയിലെ അതിവേഗ കോടതി തേജ്പാലിനെ കുറ്റവിമുക്തനാക്കി. 527 പേജുള്ള തന്റെ വിധിന്യായത്തിൽ, തേജ്പാലിന് സംശയത്തിന്റെ ആനുകൂല്യം നൽകുന്നുവെന്നാണ് ജഡ്ജി വ്യക്തമാക്കിയത്. തുടര്‍ന്ന് തേജ്പാലിനെ കുറ്റവിമുക്തനാക്കിയതിന് എതിരെ ഗോവ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി.

രഹസ്യ വിചാരണ ആവശ്യപ്പെട്ട് തേജ്പാല്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. അപേക്ഷ നിരസിച്ചപ്പോൾ തേജ്പാല്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ആത്യന്തികമായി സെക്ഷൻ 327ന്‍റെ ലക്ഷ്യം അതിജീവിതയുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

Similar Posts