India
Rape and Murder Case Convict Ram Rahim Gets parole again
India

ബലാത്സം​ഗ- കൊലക്കേസ് പ്രതി​ ​ഗുർമീത് റാമിന് വീണ്ടും പരോൾ; മൂന്ന് വർഷത്തിനിടെ എട്ടാം തവണ

Web Desk
|
20 Nov 2023 4:41 PM GMT

ഈ വർഷം ജൂലൈയിൽ 30 ദിവസവും ജനുവരിയിൽ 40 ദിവസവും ഇയാൾക്ക് പരോൾ അനുവദിച്ചിരുന്നു.

ഛണ്ഡീ​ഗഢ്: ദേരാ സച്ചാ സൗദാ തലവനും ബലാത്സം​ഗ- കൊലക്കേസ് പ്രതിയുമായ വിവാദ ആൾദൈവം ​ഗുർമീത് റാം റഹീം സിങ്ങിന് വീണ്ടും പരോൾ. 21 ദിവസത്തെ പരോളാണ് ഹരിയാന ബിജെപി സർക്കാർ അനുവദിച്ചത്. ആശ്രമത്തിലെ അന്തേവാസികളായ രണ്ട് യുവതികളെ ബലാത്സം​ഗം ചെയ്ത കേസിലും കൊലപാതക കേസുകളിലും തടവുശിക്ഷ അനുഭവിച്ചു വരവെയാണ് വീണ്ടും പരോൾ അനുവദിച്ചിരിക്കുന്നത്.

ഈ വർഷം ജൂലൈയിൽ 30 ദിവസവും ജനുവരിയിൽ 40 ദിവസം ഇയാൾക്ക് പരോൾ അനുവദിച്ചിരുന്നു. അതിനു മുമ്പ് 2022 ഒക്ടോബറിലും 40 ദിവസത്തെ പരോൾ ലഭിച്ചിരുന്നു. അതിനു മുമ്പ് 2022 ജൂണിലും ഫെബ്രുവരിയിലുമുൾപ്പെടെ പരോൾ നൽകിയിരുന്നു. ഹരിയാനയിലെ സുനാരിയ ജയിലിൽ കഴിയുന്ന വിവാദ നേതാവ് ഉത്തർപ്രദേശിലെ ബാഗ്പട്ടിലെ ആശ്രമത്തിലാണ് പരോൾ കാലയളവിൽ താമസിക്കുക.

മൂന്ന് വർഷത്തിനിടെ എട്ടാം തവണയാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ​ഗുർമീത് റാം റഹീം സിങ്ങിന് പരോൾ അനുവദിക്കുന്നത്. പരോൾ നേരത്തെ വിവാദമായതിനു പിന്നാലെ ഇതിനെ ന്യായീകരിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ രം​ഗത്തെത്തിയിരുന്നു. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് പരോൾ നൽകുന്നതെന്നും അത് ദേരാ സച്ചാ സൗദ മേധാവിയുടെ അവകാശമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാദം.

നേരത്തെ, വാളുകൊണ്ട് കേക്ക് മുറിച്ച് പരോൾ ആഘോഷിക്കുന്ന റാം റഹീം സിങ്ങിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജനുവരിയിൽ പരോളിലിറങ്ങിയ ശേഷം ഇയാൾ സംഘടിപ്പിച്ച മെഗാ ശുചിത്വ കാമ്പയിനിൽ ഹരിയാന ബി.ജെ.പി നേതാക്കളും പങ്കെടുത്തിരുന്നു. രാജ്യസഭാ എംപി കൃഷൻ ലാൽ പൻവാറും മുൻ മന്ത്രി കൃഷൻ കുമാർ ബേദിയും ഉൾപ്പെടെയുള്ള ഏതാനും മുതിർന്ന ബി.ജെ.പി നേതാക്കളാണ് ചടങ്ങിൽ പങ്കെടുത്തത്.

അതിനു മുമ്പ് ഒക്ടോബറിൽ ഓൺലൈനായി സംഘടിപ്പിച്ച 'സത്‌സം​ഗ്' എന്ന പരിപാടിയിൽ ബിഹാറിൽ നിന്നുള്ള ബി.ജെ.പി മേയർ അടക്കമുള്ളവർ പങ്കെടുത്തതും വിവാദമായിരുന്നു. കർണാൽ മേയർ രേണു ബാല ​ഗുപ്ത, ഡെപ്യൂട്ടി മേയർ നവീൻ കുമാർ, സീനിയർ ഡെപ്യൂട്ടി മേയർ രാജേഷ് അ​ഗ്​ഗി തുടങ്ങിയവരാണ് പരിപാടിയിൽ പങ്കാളികളായത്.

1948ൽ മസ്താ ബലോചിസ്താനി ആരംഭിച്ച ദേര സച്ച സൗദ എന്ന സംഘടനയുടെ തലവനാണ് ഗുർമീത് സിങ്. ആശ്രമത്തിലെ രണ്ട് അന്തേവാസികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഗുർമീതിനെ 20 വർഷം തടവിനാണ് ശിക്ഷിച്ചത്. ബലാത്സംഗത്തിലൂടെ സ്ത്രീകള്‍ ശുദ്ധീകരിക്കപ്പെടുന്നു എന്ന് അവകാശപ്പെട്ട ഗുര്‍മീത് തന്‍റെ അനുയായികളായ സ്ത്രീകളെ പലതരം ലൈംഗിക വൈകൃതങ്ങള്‍ക്ക് വിധേയരാക്കിയിരുന്നു.

ഒടുവില്‍ 2017ലാണ് ബലാത്സംഗ കേസിലും രണ്ട് കൊലപാതക കേസുകളിലുമായി കോടതി ആദ്യം ശിക്ഷ വിധിച്ചത്. തുടര്‍ന്ന്, 2002ല്‍ തന്റെ മാനേജരായിരുന്ന രഞ്ജിത് സിങ്ങിനെ വധിച്ച കേസിൽ മറ്റ് നാല് പേര്‍ക്കൊപ്പം 2021ൽ ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. വെടിവച്ചാണ് രഞ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയത്.

ഗുര്‍മീത് സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ച വാര്‍ത്തകള്‍ പുറം ലോകത്തെ അറിയിച്ചത് രഞ്ജിത് സിങ്ങാണ് എന്നാരോപിച്ചാണ് റാം റഹീമും കൂട്ടാളികളും ഇയാളെ വെടിവച്ചു കൊന്നത്. 16 വര്‍ഷം മുമ്പ് ഒരു മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ 2019ലും ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നു.

Similar Posts