അവള് ഇനിമുതല്‍ ഹണി പ്രീത് അല്ല; ദത്തുപുത്രിക്ക് പുതിയ പേരിട്ട് ബലാത്സംഗക്കേസ് പ്രതി ഗുര്‍മീത്
|ഹണി ഇനി മുതല്‍ റുഹാനി ദീദി എന്നായിരിക്കും അറിയിപ്പെടുകയെന്ന് ഗുര്‍മീത് പറഞ്ഞു
ഡല്‍ഹി: ബലാത്സംഗക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന സ്വയംപ്രഖ്യാപിത ദൈവം ഗുര്‍മീത് രാം റഹിം സിങ് ഈയിടെയാണ് പരോളിലിറങ്ങിയത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം അദ്ദേഹം തന്റെ ദത്തുപുത്രിയായ ഹണിപ്രീത് ഇന്‍സാന്റെ പേരു മാറ്റിയിരിക്കുകയാണ്. ഹണി ഇനി മുതല്‍ റുഹാനി ദീദി എന്നായിരിക്കും അറിയിപ്പെടുകയെന്ന് ഗുര്‍മീത് പറഞ്ഞു.
''ഞങ്ങളുടെ മകള്‍ ഹണിപ്രീതിനെ എല്ലാവരും വിളിക്കുന്നത് ദീദി എന്നാണ്. എല്ലാവരും ദീദിമാരായതിനാൽ ഇത് ആശയക്കുഴപ്പം ഉണ്ടാക്കുന്നു. അതിനാൽ മകൾ ഇനി റുഹാനി ദീദി എന്നറിയപ്പെടും. എളുപ്പത്തിൽ വിളിക്കാൻ 'റുഹ് ദി' എന്നാക്കി ചുരുക്കിയിട്ടുണ്ട്'' ഗുർമീത് പറഞ്ഞു.
' ദേരാ സച്ചാ സൗദാ' നേതാവായ ഗുര്‍മീതിന് 40 ദിവസത്തെ പരോളാണ് ലഭിച്ചിരിക്കുന്നത്. 20 വര്‍ഷത്തെ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ഗുര്‍മീത് ഹരിയാനയിലെ സുനൈരാ ജയിലില്‍ ആണ് ശിക്ഷ അനുഭവിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലും ജൂണിലും ഇയാള്‍ക്ക് പരോള്‍ ലഭിച്ചിരുന്നു. 1948ല്‍ മസ്താ ബാലോചിസ്താനി ആരംഭിച്ച ആത്മീയ സംഘടന ദേര സച്ചാ സൗദായുടെ തലവനാണ് ഗുര്‍മീത് റാം റഹിം സിങ്. ബലാത്സംഗത്തിലൂടെ സ്ത്രീകള്‍ ശുദ്ധീകരിക്കപ്പെടുന്നു എന്ന് അവകാശപ്പെട്ട ഗുര്‍മീത് തന്റെ അനുയായികളായ സ്ത്രീകളെ പലതരം ലൈംഗിക വൈകൃതങ്ങള്‍ക്ക് വിധേയരാക്കിയിരുന്നു. ഒടുവില്‍ 2017ലാണ് ബലാത്സംഗ കേസിലും രണ്ട് കൊലപാതക കേസുകളിലുമായി കോടതി ആദ്യം ശിക്ഷ വിധിച്ചത്. തുടര്‍ന്ന് 2002ല്‍ ദേര മാനേജരായ രഞ്ജിത് സിംഗിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ മറ്റ് നാല് പേര്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷവും ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നു. 16 വര്‍ഷം മുമ്പ് ഒരു മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ 2019 ലും ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നു.
ഗുര്‍മീതിന്റെ ശിക്ഷാവിധി വന്നതിനു തൊട്ടുപിറകേ പഞ്ച്കുളയിലുണ്ടായ കലാപങ്ങളുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഹണിപ്രീതിനെ അറസ്റ്റ് ചെയ്തിരുന്നു. ട്വിറ്ററിലും ഫെയ്സ്ബുക്കിലുമെല്ലാം പപ്പയുടെ മാലാഖക്കുട്ടി, എന്നാണ് ഹണിപ്രീത് സ്വയം വിശേഷിപ്പിക്കുന്നത്. പ്രിയങ്ക എന്നായിരുന്നു ആദ്യ പേര്. വിശ്വാസ് ഗുപ്തയെ വിവാഹം കഴിച്ച ശേഷമാണ് ഹണിപ്രീത് എന്ന പേരില്‍ ഇവര്‍ അറിയപ്പെടുന്നത്. അതുവരെ അവര്‍ പ്രിയങ്കയായിരുന്നു. 1999ലാണ് വിശ്വാസ് ഗുപ്തയെ ഹണിപ്രീത് വിവാഹം ചെയ്യുന്നത്. സ്ത്രീധനത്തിന്റെ പേരിലുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ 2009ല്‍ ഗുര്‍മീത് ഹണിപ്രീതിനെ മകളായി ദത്തെടുക്കുകയായിരുന്നു.