India
പറഞ്ഞതിൽ പശ്ചാത്താപമില്ല; ആയിരം തവണ ജയിലിൽ പോകാൻ തയാർ- വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ബജ്‌റങ് മുനി
India

''പറഞ്ഞതിൽ പശ്ചാത്താപമില്ല; ആയിരം തവണ ജയിലിൽ പോകാൻ തയാർ''- വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ബജ്‌റങ് മുനി

Web Desk
|
24 April 2022 9:37 AM GMT

അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനും വിദ്വേഷ പ്രസംഗം നടത്തിയതിനും അറസ്റ്റിലായിരുന്ന ബജ്‌റങ് മുനി ജാമ്യം നേടി ഇന്നു ജയിലിൽനിന്ന് പുറത്തിറങ്ങിയിട്ടുണ്ട്

ലഖ്‌നൗ: മുസ്‌ലിംകൾക്കെതിരായ വിദ്വേഷ പ്രസംഗത്തിൽ പശ്ചാത്താപമില്ലെന്ന് ഹിന്ദുത്വ പുരോഹിതൻ ബജ്‌റങ് മുനി ദാസ്. വിദ്വേഷ പ്രസംഗത്തിനു പുറമെ മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തതിന് അറസ്റ്റിലായിരുന്ന ബജ്‌റങ് മുനി ഇന്നു ജാമ്യത്തിലിറങ്ങിയിട്ടുണ്ട്.

ഹിന്ദു മതത്തിനും ഹിന്ദു സ്ത്രീകൾക്കും സംരക്ഷണമൊരുക്കുന്നത് തുടരുമെന്നും അതിന്റെ പേരിൽ ആയിരം തവണ ജയിലിൽ പോകാനും എത്ര ആക്രമണങ്ങൾ നേരിടാനും തയാറാണെന്നും ജാമ്യത്തിലിറങ്ങിയ ശേഷം ബജ്‌റങ് പ്രതികരിച്ചു. വിവാദ പ്രസംഗത്തിലെ വിദ്വേഷ പരാമർശങ്ങളിൽ ഖേദമില്ലെന്നും ഇയാൾ വ്യക്തമാക്കി.

ഖൈറാബാദിലെ മഹർഷി ശ്രീ ലക്ഷ്മൺ ദാസ് ഉദാസീൻ ആശ്രമത്തിന്റെ തലവനാണ് ബജ്‌റങ് മുനി. ഏപ്രിൽ രണ്ടിനായിരുന്നു വിവാദ പ്രസംഗം. സിതാപൂർ ജില്ലയിലെ ഒരു പള്ളിക്ക് പുറത്ത് ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്തായിരുന്നു ബജ്‌റങ്ങിന്റെ വിദ്വേഷ പ്രസംഗവും മുസ്‌ലിം സ്ത്രീകൾക്കെതിരായ ബലാത്സംഗഭീഷണിയും. പ്രസംഗത്തിൻറെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വൻ വിമർശമുയർന്നിരുന്നു.

ഏതെങ്കിലും മുസ്‌ലിം യുവാവ് ഒരു ഹിന്ദു പെൺകുട്ടിയെ ശല്യപ്പെടുത്തിയാൽ അവന്റെ അമ്മ പെങ്ങന്മാർ അടക്കമുള്ള എല്ലാ മുസ്‌ലിം സ്ത്രീകളെയും ബലാത്സംഗം ചെയ്യണമെന്നായിരുന്നു ബജ്റങ്ങിന്റെ ആഹ്വാനം. തടയാൻ ധൈര്യമുള്ളവർ വരട്ടെയെന്നും ഇയാൾ വെല്ലുവിളിച്ചു. ഇത് കേട്ട് ചുറ്റും കേട്ടുനിന്നവർ കൈയടിക്കുന്നതും വിഡിയോയിൽ കാണാം. സംഭവത്തിന് പിന്നാലെ പ്രസ്താവനകളിൽ ക്ഷമാപണം നടത്തിക്കൊണ്ടുള്ള ബജ്റങ്ങിനെതിരെ വിഡിയോയും സമൂഹമാധ്യമങ്ങൾ പങ്കുവച്ചിരുന്നു. യു.പിയിലെ സിതാപൂർ, പ്രതാപ്ഗഢ്, മഹാരാഷ്ട്രയിലെ നാസിക്ക് എന്നിവിടങ്ങളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നേരത്തെ തന്നെ വിവിധ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

എന്നാൽ, വിദ്വേഷ പ്രസംഗത്തിൽ കടുത്ത പ്രതിഷേധത്തിനിടയിലും ബജ്‌റങ്ങിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായിരുന്നില്ല. ഒടുവിൽ രണ്ട് ആഴ്ചയോളം പിന്നിട്ട ശേഷമാണ് ഈ മാസം 13ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനും വിദ്വേഷ പ്രസംഗം നടത്തിയതിനും കേസെടുക്കുകയും ചെയ്തു. ഇന്നലെ സിതാപൂർ ജില്ലാ കോടതിയാണ് ജാമ്യം നൽകിയത്. ഇന്നു രാവിലെ ജയിൽമോചിതനാകുകയും ചെയ്തു.

Summary: Bajrang Muni Das, accused of giving rape threats to Muslim women, says "No Guilt" over what he said

Similar Posts