വീഴ്ചയിൽ തോളെല്ല് പൊട്ടി; ലാലുപ്രസാദ് യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
|കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവ് ചികിത്സാ ആവശ്യാർഥമാണ് ജാമ്യത്തിലിറങ്ങിയത്. കിഡ്നി മാറ്റിവെക്കലിനായി അദ്ദേഹത്തിന് സിംഗപ്പൂരിലേക്ക് പോകാൻ ജാർഖണ്ഡ് ഹൈക്കോടതി അനുമതി നൽകിയിരുന്നു.
പാട്ന: വീഴ്ചയിൽ തോളെല്ല് പൊട്ടിയതിനെ തുടർന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐസിയുവിലേക്ക് മാറ്റിയ ലാലുവിന് ചികിത്സ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
''നിരവധി ആരോഗ്യപ്രശ്നങ്ങളുമായാണ് അദ്ദേഹത്തെ ഇവിടെയെത്തിച്ചത്. തോളെല്ലിന് പൊട്ടലും കിഡ്നി രോഗവും അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തിനുണ്ട്. ഇപ്പോൾ പ്രാഥമിക ചികിത്സ മാത്രമാണ് നൽകുന്നത്, കൂടുതൽ പരിശോധനക്കായി ഡൽഹിയിലേക്ക് മാറ്റണമോയെന്ന് ആലോചിക്കും''- ലാലുവിനെ ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞു.
ഭാര്യ റാബ്രിദേവിയും മക്കളായ തേജ് പ്രതാപ് യാദവും തേജസ്വി യാദവും ലാലുവിനൊപ്പം ആശുപത്രിയിലുണ്ട്. മുൻ മുഖ്യമന്ത്രിയെന്ന നിലയിൽ റാബ്രിദേവിക്ക് അനുവദിച്ച വസതിയിൽവെച്ചാണ് ലാലുവിന് പരിക്കേറ്റത്.
കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവ് ചികിത്സാ ആവശ്യാർഥമാണ് ജാമ്യത്തിലിറങ്ങിയത്. കിഡ്നി മാറ്റിവെക്കലിനായി അദ്ദേഹത്തിന് സിംഗപ്പൂരിലേക്ക് പോകാൻ ജാർഖണ്ഡ് ഹൈക്കോടതി അനുമതി നൽകിയിരുന്നു.