India
Ratan Tata almost got married four times: What industrialist revealed in old interview, latest news malayalam, latest news, indian news latest, വിവാഹം ചെയ്യാൻ തയാറായത് നാല് തവണ, പക്ഷെ പിന്മാറി; അവിവാഹിത ജീവിതത്തെ കുറിച്ച രത്തൻ ടാറ്റ പറഞ്ഞത്
India

വിവാഹം ചെയ്യാൻ തയാറായത് നാല് തവണ, പക്ഷെ പിന്മാറി; അവിവാഹിത ജീവിതത്തെ കുറിച്ച് രത്തൻ ടാറ്റ പറഞ്ഞത്

Web Desk
|
10 Oct 2024 12:31 PM GMT

ഭാര്യയോ കുടുംബമോ ഇല്ലാത്തതിൽ ഏകാന്തത അനുഭവപ്പെടുന്ന നിരവധി സമയങ്ങളുണ്ടായിട്ടുണ്ടെന്നും രത്തൻ ടാറ്റ പറഞ്ഞിരുന്നു

അന്തരിച്ച ശതകോടീശ്വരനായ വ്യവസായി രത്തൻ ടാറ്റയുടെ വ്യവസായത്തെ കുറിച്ചും ബിസിനസ് നേട്ടങ്ങളെക്കുറിച്ചും ധാരാളം കാര്യങ്ങൾ അറിയാമെങ്കിലും, അദ്ദേഹത്തിൻ്റെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ ആർക്കും വിശദമായി അറിഞ്ഞിരിക്കാനുള്ള സാധ്യത കുറവാണ്. തന്റെ വ്യക്തി ജീവിതം സംബന്ധിച്ച വിവരങ്ങൾ അദ്ദേഹം സ്വകാര്യമായി വെച്ചതാണ് ഇതിനു പിന്നിലെ പ്രധാന കാരണം. ബാച്ചിലറായിരുന്ന അദ്ദേഹം തന്റെ ജീവിതത്തിൽ ഒരു പക്ഷെ ഏറ്റവും കൂടുതൽ കേട്ട ചോദ്യം വിവാഹത്തെ സംബന്ധിച്ചുള്ളതായിരിക്കണം.

തന്റെ അവിവാഹിത ജീവിതത്തെ കുറിച്ച് രത്തൻ‌ ടാറ്റ 2011-ൽ സിഎൻഎന്നിനു നൽകിയ അഭിമുഖമാണ് ഇപ്പോൾ ചർച്ചയാകുന്നത്. തൻ്റെ ജീവിതത്തിൽ നാല് തവണ വിവാഹിതനാകാൻ തായാറെടുത്തിരുന്നുവെന്നും എന്നാൽ പല കാരണങ്ങളാൽ അതിൽ‍ നിന്നും പിന്മാറുകയായിരുന്നു എന്നുമാണ് രത്തൻ അഭിമുഖത്തിൽ പറഞ്ഞത്.

വിവാഹത്തിൽ നിന്ന് പിന്മാറിയത് നാല് തവണ

നാല് തവണയും വിവാഹം കഴിക്കുന്നതിന് അടുത്ത് വരെ എത്തിയതാണ് താൻ. എന്നാൽ ഭയവും മറ്റ് കാരണങ്ങളാലും പിന്നോട്ട് പോയി. വിവാഹത്തിൽ നിന്ന് പിന്മാറിയ ഒരോ സാഹചര്യവും വ്യത്യസ്തമായിരുന്നു. പക്ഷെ തന്റെ തീരുമാനം തെറ്റായി പോയി എന്ന് തോന്നിയിട്ടില്ല. ഒരു പക്ഷെ വിവാഹം നടന്നിരുന്നെങ്കിൽ തന്റെ ജീവിതം കൂടുതൽ സങ്കീർണ്ണമായിരിക്കുമെന്ന് ചിന്തിക്കാറുണ്ട്. രത്തൻ ടാറ്റ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ താൻ നാല് തവണ പ്രണയത്തിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

അവൾ യുഎസിൽ വച്ച് തന്നെ വിവാഹം കഴിച്ചു

യുഎസിൽ ജോലി ചെയ്യുമ്പോൾ കണ്ടുമുട്ടിയ ഒരു അമേരിക്കൻ സ്ത്രീയുമായി തനിക്ക് പ്രണയമുണ്ടായിരുന്നു എന്ന് രത്തൻ പറയുന്നുണ്ട്. താന്‍ ജോലി ചെയ്യുന്ന കാലത്തുണ്ടായിരുന്ന ആ പ്രണയം 'സീരിയസ്' ആയിരുന്നു. പക്ഷെ ഞങ്ങൾ തമ്മിലുള്ള വിവാ​ഹം നടക്കാതിരുന്നത് ഞാൻ ഇന്ത്യയിലേക്ക് തിരിച്ചു വന്നതിനാൽ മാത്രമായിരുന്നു. ഞാൻ ഇന്ത്യയിലേക്ക് വന്നാൽ അവൾക്കും എന്നോടൊപ്പം വരേണ്ടി വരുമായിരുന്നു.

ഞാൻ ഇന്ത്യയിലേക്ക് മടങ്ങിയത് ഇന്ത്യ-ചൈന യുദ്ധം നടക്കുന്ന കാലഘട്ടത്തിലായിരുന്നു. ഹിമാലയൻ അതിർത്തി തർക്കത്തെ തുടർന്ന് രൂപപ്പെട്ട ഈ യുദ്ധം വലിയ യുദ്ധമായാണ് അമേരിക്കയിൽ വായിക്കപ്പെട്ടത്. ഇതിനെ തുടർന്ന് അവൾക്ക് ഇന്ത്യയിലേക്ക് വരാൻ കഴിയുമായിരുന്നില്ല. അതിനുശേഷം അവൾ യുഎസിൽ വച്ച് തന്നെ വിവാഹം കഴിച്ചു. അദ്ദേഹം പറഞ്ഞു. മുത്തശ്ശി രോഗബാധിതയായതിനെ തുടർന്ന് 1962ൽ രത്തൻ ടാറ്റ ഇന്ത്യയിൽ തിരിച്ചെത്തിയിരുന്നു.

ജീവിതത്തിൽ ഒറ്റപെടലുകൾ അനുഭവപ്പെട്ടിട്ടുണ്ട്

ജീവിതകാലം മുഴുവൻ ബാച്ചിലർ ആയിരുന്നില്ലേ? ഭാര്യയില്ലാതെ, കുട്ടികളില്ലാതെ, കുടുംബമില്ലാതെ എന്താണ് നിങ്ങളെ പ്രചോദിപ്പിക്കുന്നത്? ടിവി അവതാരക സിമി ഗ്രെവാളിന്റെ ചോദ്യമിങ്ങനെയായിരുന്നു.

എന്നെ പ്രചോദിപ്പിക്കുന്നത് എന്താണെന്ന് എനിക്കറിയില്ല. ഭാര്യയോ കുടുംബമോ ഇല്ലാത്തതിൽ എനിക്ക് ഏകാന്തത അനുഭവപ്പെടുന്ന നിരവധി സമയങ്ങളുണ്ടായിട്ടുണ്ട്. ‌അത്തരമൊരു ജീവിതത്തിനായി ഞാൻ കൊതിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ. എന്നാൽ ചിലപ്പോഴൊക്കെ മറ്റൊരാളുടെ വികാരങ്ങളെക്കുറിച്ചോ മറ്റൊരാളുടെ ആശങ്കകളെക്കുറിച്ചോ വിഷമിക്കേണ്ടതില്ല എന്ന് ആശ്വസിക്കും. ആ രീതിയിൽ ലഭിക്കുന്ന സ്വാതന്ത്ര്യം ഞാൻ ആസ്വദിക്കുന്നുമുണ്ട്. രത്തൻ ടാറ്റ കൂട്ടിച്ചേർത്തു.

ടാറ്റയുടെ അമരത്ത്

നവൽ ടാറ്റ, സൂനി ടാറ്റ എന്നിവരുടെ മകനായി 1937 ഡിസംബറിൽ മുംബൈയിൽ ജനനം. അമേരിക്കയിലെ കോർണൽ യൂനിവേഴ്‌സിറ്റിയിൽ നിന്ന് ആർക്കിട്ടെക്ചറിൽ ബിഎസ്‌സി ബിരുദം നേടി. 1961 മുതൽ ടാറ്റ സ്റ്റീൽ ലിമിറ്റഡിൽ ജോലിക്കാരനായാണ് തുടക്കം.1991 ൽ ജെആർഡി ടാറ്റയിൽ നിന്നും ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. ടാറ്റാ ഗ്രൂപ്പിന്റെ വളർച്ചയിൽ മുഖ്യ പങ്കുവഹിച്ച അദ്ദേഹം 21 വർഷം ഈ സ്ഥാനത്ത് തുടർന്നു. ടാറ്റ സൺസിൽ ചെയർമാൻ എമരിറ്റസായ അദ്ദേഹം 2016 ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തുനിന്നും സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനു പിന്നാലെ ഇടക്കാല ചെയർമാനായി വീണ്ടുമെത്തി.

2017ൽ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കുന്നതുവരെ ഈ സ്ഥാനത്ത് തുടർന്നു. രാജ്യം 2000ത്തിൽ പത്മഭൂഷണും 2008ൽ പത്മവിഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്. വ്യവസായത്തിന് പുറമെ ജീവകാരുണ്യ പ്രവർത്തനത്തിലും സജീവമായിരുന്നു. വാർധക്യസഹജമായ രോഗത്തൈ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു രത്തൻ ടാറ്റയുടെ മരണം. 86 വയസായിരുന്നു.

SUMMARY: Ratan Tata almost got married four times: What industrialist revealed in old interview

Related Tags :
Similar Posts