മുംബൈ സിദ്ധിവിനായക ക്ഷേത്രത്തിലെ ലഡു പാക്കറ്റിൽ എലികൾ; അന്വേഷിക്കുമെന്ന് അധികൃതർ
|തിരുപ്പതി ക്ഷേത്രത്തിലെ ലഡു വിവാദത്തിനു പിന്നാലെയാണ് മുംബൈയിൽ നിന്നുള്ള ദൃശ്യങ്ങളും പുറത്തുവരുന്നത്.
മുംബൈ: മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തിലെ പ്രസാദമായ ലഡുവിന്റെ പാക്കറ്റിനുള്ളിൽ എലിക്കുഞ്ഞുങ്ങൾ. ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രത്തിലെ ലഡു വിവാദത്തിനു പിന്നാലെയാണ് മുംബൈയിൽ നിന്നുള്ള ദൃശ്യങ്ങളും പുറത്തുവരുന്നത്.
ഒരു ബാസ്കറ്റിൽ നിറച്ചിരിക്കുന്ന ലഡുവിന്റെ പാക്കറ്റുകളിലൊന്നിൽ നിരവധി എലിക്കുഞ്ഞുങ്ങൾ കിടക്കുന്നതാണ് ദൃശ്യങ്ങൾ. വീഡിയോ പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി ക്ഷേത്രം അധികൃതർ രംഗത്തെത്തി.
സംഭവത്തിൽ അന്വേഷണം നടത്തുമെന്നും എന്നാൽ ദൃശ്യങ്ങൾ ക്ഷേത്രത്തിനകത്തുനിന്നുള്ളതാണെന്ന് തോന്നുന്നില്ലെന്നും ക്ഷേത്ര ട്രസ്റ്റ് പ്രതികരിച്ചു. വീഡിയോ മറ്റേതെങ്കിലും സ്ഥലത്തു നിന്നുള്ളതാവാമെന്നും തങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാകാമെന്നും അവർ ആരോപിച്ചു.
അതേസമയം, പുറത്തുവന്ന ദൃശ്യങ്ങളിൽ കാണിച്ചിരിക്കുന്ന സ്ഥലം ക്ഷേത്രപരിസരത്തിൻ്റെ ഭാഗമല്ലെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻ്റ് സദാ സർവങ്കർ വ്യക്തമാക്കി. കർശനമായ ശുചിത്വ പ്രോട്ടോക്കോളുകൾ പാലിച്ച് 25 ജീവനക്കാരാണ് ലഡു തയാറാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡി സർക്കാരിൻ്റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തിലെ ലഡു തയാറാക്കാൻ ഗുണനിലവാരമില്ലാത്ത ചേരുവകളും മൃഗക്കൊഴുപ്പും ഉപയോഗിച്ചിരുന്നുവെന്ന് മുഖ്യമന്ത്രിയും ടിഡിപി തലവനുമായ ചന്ദ്രബാബു നായിഡുവിന്റെ ആരോപണത്തിനു പിന്നാലെയാണ് വിവാദം കൊഴുത്തത്.
നെയ്യ് ഉപയോഗിക്കുന്നതിന് പകരം അവർ മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചതെന്നും എന്നാലിപ്പോൾ ശുദ്ധമായ നെയ്യാണ് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ, ടിഡിപി വക്താവ് അനം വെങ്കട രമണ റെഡ്ഡി പത്രസമ്മേളനത്തിൽ ലാബ് റിപ്പോർട്ട് പുറത്തുവിടുകയും ചെയ്തു. ഗുജറാത്ത് ആസ്ഥാനമായുള്ള ലബോറട്ടറിയിൽ നടത്തിയ പരിശോധനയുടെ ഫലമാണ് ടിഡിപി വക്താവ് പുറത്തുവിട്ടത്.
തിരുപ്പതി ലഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിന്റെ സാമ്പിളിൽ പന്നിക്കൊഴുപ്പിന് സമാനമായ വസ്തുവും മത്സ്യ എണ്ണയും കണ്ടെത്തിയതായി ലബോറട്ടറി റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും ടിഡിപി അവകാശപ്പെട്ടു. എന്നാൽ, വൈഎസ്ആർസിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡി എല്ലാ ആരോപണങ്ങളും നിഷേധിച്ചു.