India
രവിശങ്കര്‍ പ്രസാദ് തമിഴ്നാട് ഗവര്‍ണര്‍? അഭ്യൂഹം വൈറലാകുന്നത് കൊങ്കുനാട് വിവാദത്തിനിടെ
India

രവിശങ്കര്‍ പ്രസാദ് തമിഴ്നാട് ഗവര്‍ണര്‍? അഭ്യൂഹം വൈറലാകുന്നത് കൊങ്കുനാട് വിവാദത്തിനിടെ

Web Desk
|
12 July 2021 11:28 AM GMT

നിരവധി ബിജെപി നേതാക്കളും പ്രവര്‍ത്തകരും രവിശങ്കര്‍‌ പ്രസാദിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി

കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച രവിശങ്കര്‍ പ്രസാദ് തമിഴ്നാട് ഗവര്‍ണറാകുമെന്ന് അഭ്യൂഹം. നിരവധി ബിജെപി നേതാക്കളും പ്രവര്‍ത്തകരും രവിശങ്കര്‍‌ പ്രസാദിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. എന്നാല്‍ ഇതുവരെ ഇക്കാര്യം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ബിഹാറിലെ പട്ന സാഹിബ് മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് രവിശങ്കര്‍ പ്രസാദ്. മന്ത്രിസഭാ പുന:സംഘനയില്‍ സ്ഥാനം നഷ്ടമായ രവിശങ്കര്‍ പ്രസാദിനും പ്രകാശ് ജാവ്ദേകറിനും പാര്‍ട്ടി തലത്തില്‍ ഉന്നതസ്ഥാനം നല്‍കുമെന്നാണ് സൂചന. പാര്‍ട്ടിയുടെ നാഷണല്‍ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിലാണ് ഇവരെ പരിഗണിക്കുന്നത്. അതിനിടെയാണ് രവിശങ്കര്‍ പ്രസാദിനെ തമിഴ്നാട് ഗവര്‍ണറാക്കുമെന്ന അഭ്യൂഹം പടര്‍ന്നത്.

ഗവര്‍ണറെ സംബന്ധിച്ച അഭ്യൂഹം കൊങ്കുനാട് വിവാദത്തിനിടെ

തമിഴ്നാടിനെ വിഭജിച്ച് കൊങ്കു മേഖലയെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നീക്കത്തിനിടെയാണ് ഗവര്‍ണറെ സംബന്ധിച്ച അഭ്യൂഹമെന്നതും ശ്രദ്ധേയമാണ്. തമിഴ്നാടിനെ വിഭജിക്കാൻ അനുവദിക്കില്ലെന്ന് ഡിഎംകെയും ഇടത് പാർട്ടികളും വ്യക്തമാക്കിയിട്ടുണ്ട്.

തമിഴ്നാട്ടില്‍ ബിജെപിയുടെ മുൻ പ്രസിഡന്‍റായ എൽ മുരുകൻ കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് വിവാദങ്ങൾ തുടങ്ങുന്നത്. കൊങ്കുനാടിന്‍റെ പ്രതിനിധി ആയാണ് കേന്ദ്രസർക്കാർ മുരുകനെ വിശേഷിപ്പിച്ചത്. തൊട്ടുപിന്നാലെ കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നീലഗിരി ഉള്‍പ്പെടുന്ന കൊങ്കുമേഖലയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുമെന്ന് തമിഴ് ദിനപ്പത്രത്തിൽ റിപ്പോർട്ടും വന്നു. ഈ റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിഷേധമാണ് തമിഴ്നാട്ടിൽ ഉയരുന്നത്.

ബിജെപിയുടെ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ഡിഎംകെയും ഇടത് പാർട്ടികളും വ്യക്തമാക്കി. വിഷയത്തിൽ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ സംസ്ഥാന വ്യാപകമായി മാർച്ച് നടത്തി. തമിഴ്നാടിനെ വിഭജിക്കാമെന്നത് ബിജെപിയുടെ സ്വപ്നം മാത്രമാണെന്ന് ഡിഎംകെ നേതാവ് കനിമൊഴി പറഞ്ഞു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് ബിജെപിയുടെ നീക്കമെന്നാണ് ഇടത് പാർട്ടികളുടെ ആരോപണം. എംഡിഎംകെയും നീക്കത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ചുള്ള തീരുമാനം കൈക്കൊള്ളുമെന്ന് തമിഴ്നാട്ടിലെ മുതിർന്ന ബിജെപി നേതാവ് കാരു നാഗരാജൻ അറിയിച്ചു. തമിഴ്നാടിനെ വിഭജിക്കാനുള്ള കേന്ദ്ര നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളിലും ചർച്ച പുരോഗമിക്കുകയാണ്.

എന്താണ് കൊങ്കുനാട്?

കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നാമക്കൽ, സേലം, ധർമപുരി, നീലഗിരി, കരൂർ, കൃഷ്ണഗിരി എന്നീ ജില്ലകൾ ഉൾപ്പെടുന്ന കൊങ്കുനാടിന് കീഴിൽ 10 ലോക്‌സഭ, 61 നിയമസഭാ മണ്ഡലങ്ങളുണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങൾ കൂടി ചേർത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ കൊങ്കുനാടിനെ തമിഴ്നാട്ടില്‍ നിന്ന് വിഭജിക്കാനാണ് ബിജെപിയുടെ ശ്രമെന്നാണ് ആരോപണം. അണ്ണാഡി.എം.കെയുടെ ശക്തികേന്ദ്രമാണ് കൊങ്കുനാട്. ഇവിടെ ബിജെപിക്കും നേരിയ സ്വാധീനമുണ്ട്. അണ്ണാഡിഎംകെയും ബിജെപിയും സഖ്യത്തിലാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്നാണ് ആരോപണം.

Similar Posts